ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റിന് ഇന്നു തുടക്കം; ഡല്‍ഹിയില്‍ ലക്ഷ്യം റിയോ
text_fieldsന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലേക്കൊരു ടിക്കറ്റ്. താരങ്ങള്‍ പുതിയ വേഗവും ദൂരവും തേടി കുതിക്കുമ്പോള്‍ മനസ്സിലെ ലക്ഷ്യം അതൊന്നുമാത്രം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസം നടക്കുന്ന ഫെഡറേഷന്‍ കപ്പ് നാഷനല്‍ അത്ലറ്റിക് മീറ്റില്‍ (സീനിയര്‍) രാജ്യത്തെ മുന്‍നിര അത്ലറ്റുകളായ 500ലേറെ പേര്‍ മാറ്റുരക്കും. 42 ഇനങ്ങളിലാണ് മത്സരം. ബ്രസീലിലേക്ക് ടിക്കറ്റ് ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് സുപ്രധാന മത്സരമാണിത്.
അതേസമയം, ഇതിനകം ഒളിമ്പിക്സ് യോഗ്യത നേടിയ 18 പേരില്‍ 17 പേരും മത്സരിക്കാനത്തെുന്നുവെന്നത് മീറ്റിന് മാറ്റുകൂട്ടുന്നു. ഉഷയുടെ ശിഷ്യ ടിന്‍റു ലൂക്ക (800 മീ), ലളിത ബബാര്‍ (3000 മീ. സ്റ്റീപ്ള്‍ ചേസ്), ഷോട്ട്പുട്ട് താരങ്ങളായ മന്‍പ്രീത് കൗര്‍, ഇന്ദര്‍ജിത്ത് സിങ്, തുടങ്ങിയവര്‍ക്ക് ഒളിമ്പിക്സിന് മുന്നോടിയായി മത്സര പരിശീലന അവസരമാണ്. ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷിക്കുന്നവരില്‍ നാലു പേര്‍ മലയാളി താരങ്ങളാണ്. ആദ്യമായി 14 മീറ്റര്‍ ദൂരം താണ്ടിയ ഇന്ത്യന്‍ വനിതാ ട്രിപ്ള്‍ജംപ് താരം മയൂഖ ജോണി മികച്ച പ്രതീക്ഷയിലാണ്. റുമേനിയന്‍ കോച്ചിനു കീഴില്‍ വിദേശ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തിരിച്ചത്തെിയതിന്‍െറ ഊര്‍ജത്തിലാണ് മയൂഖ. 14.15 മീറ്ററാണ് ഈ ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. വനിതകളുടെ 400 മീറ്ററില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യുവിനും പ്രതീക്ഷയുണ്ട്. 53.14ല്‍ ഫിനിഷ് ചെയ്തിട്ടുള്ള ജിസ്നക്ക് 52.20 എന്ന ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് അപ്രാപ്യമല്ളെന്ന് കോച്ച് ഉഷ പറയുന്നു. ഏഷ്യന്‍ ഗെയിംസ് വെങ്കല ജേതാവ് തമിഴ്നാടിന്‍െറ എം.ആര്‍. പൂവമ്മ, മലയാളി താരങ്ങളായ അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കൊപ്പം പഴയ പടക്കുതിര അശ്വിനി അകുഞ്ജിയും മാറ്റുരക്കുന്ന വനിതകളുടെ 400 മീറ്ററില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
പുരുഷന്മാരുടെ 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് വെങ്കല ജേതാവ് തമിഴ്നാടിന്‍െറ ആരോക്യ രാജീവിന് മലയാളി താരം മുഹമ്മദ് അനസ് കനത്ത വെല്ലുവിളിയാവും. നാലു ദിവസം മുമ്പ് ഇതേ ഗ്രൗണ്ടില്‍ നടന്ന ഒന്നാം പാദ ഗ്രാന്‍ഡ്പ്രീ അത്ലറ്റിക് മീറ്റില്‍ അനസ് ദേശീയ റെക്കോഡ് മറികടന്ന സമയം (45.41 സെക്കന്‍ഡ്) കുറിച്ചുവെങ്കിലും ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ ഇല്ലാത്തതിന്‍െറ പേരില്‍ അംഗീകരിക്കപ്പെട്ടില്ല. ഗ്രാന്‍ഡ്പ്രീ മീറ്റ് സംഘാടകരുടെ വീഴ്ച കാരണം ഒളിമ്പിക്സ് യോഗ്യത നഷ്ടമായ 100 മീ. പുരുഷ വിഭാഗത്തില്‍ ഒഡിഷയുടെ അമിയ കുമാര്‍ മല്ലിക്, വനിതകളില്‍ സര്‍ബാനി നന്ദ എന്നിവരാണ് മീറ്റില്‍ ഉറ്റുനോക്കുന്ന താരങ്ങള്‍. ഗ്രാന്‍ഡ്പ്രീ അത്ലിറ്റിക് മീറ്റില്‍ ഇരുവരും യോഗ്യതാ മാര്‍ക്കിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്റ്റേഡിയത്തില്‍ ഇലക്ട്രോണിക് ടൈമിങ് മെഷീന്‍ ഇല്ളെന്നപേരില്‍ ഇവരുടെ ഒളിമ്പിക്സ് സ്വപ്നം തകര്‍ന്നു.
രണ്ടു തവണ ഒളിമ്പിക്സില്‍ ചാടിയ മലയാളി ട്രിപ്ള്‍ ജംപര്‍ രഞ്ജിത് മഹേശ്വരിയും മത്സരരംഗത്തുണ്ട്. ഗ്രാന്‍ഡ്പ്രീയില്‍ 16.35 മീറ്റര്‍ ചാടി ഒന്നാമതത്തെിയെങ്കിലും ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് 16.85 കടക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞില്ല. ജാവലിന്‍ ത്രോയില്‍ ഡല്‍ഹിയുടെ നീരജ് ചോപ്ര, ട്രിപ്ള്‍ ജംപില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല ജേതാവ് അര്‍പീന്ദര്‍ സിങ്, ഡിസ്കസ് ത്രോയില്‍ രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം തിരിച്ചത്തെിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൃഷ്ണ പുനിയ എന്നിവരാണ് ഒളിമ്പിക്സ് പ്രതീക്ഷയുള്ള മറ്റുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.