Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്സ് മെമ്മറീസ്

ഒളിമ്പിക്സ് മെമ്മറീസ്

text_fields
bookmark_border
ഒളിമ്പിക്സ് മെമ്മറീസ്
cancel

നേട്ടങ്ങളുടെ വിളനിലമാണ് ഒളിമ്പിക്സ്. പുഞ്ചിരിയും കണ്ണീരും ഒരുപോലെ ഓര്‍മകള്‍ നെയ്യുന്ന ഒളിമ്പിക്സ് വേദികളിലെ മെഡല്‍ പോഡിയങ്ങള്‍ മാത്രമല്ല പലപ്പോഴും കാലാതീതമാകുന്നത്. അത്തരം ചില ഓര്‍മകളിലൂടെ...

1. ബ്ളാക് പവര്‍ സല്യൂട്ട്
ഒളിമ്പിക്സ് ചരിത്രത്തിലെ സുവര്‍ണ ഏടുകളിലൊന്ന്. യു.എസില്‍ സിവില്‍ അവകാശ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കെയാണ് 1968 മെക്സികോ ഒളിമ്പിക്സ് എത്തിയത്. കറുത്തവര്‍ഗക്കാരായ അമേരിക്കന്‍ അത്ലറ്റുകള്‍ ഗെയിംസ് ബഹിഷ്കരിക്കണമെന്ന ആഹ്വാനമായിരുന്നു എവിടെയും. എന്നാല്‍, ഗെയിംസിന്‍െറ ഭാഗമായിതന്നെ തങ്ങളുടെ പ്രതിഷേധം ചരിത്രത്തില്‍ എഴുതിവെക്കാനായിരുന്നു ആഫ്രിക്കന്‍ അമേരിക്കന്‍ സ്പ്രിന്‍റര്‍മാരായ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും തീരുമാനിച്ചത്. 200 മീറ്ററില്‍ സ്വര്‍ണത്തിലേക്കും വെങ്കലത്തിലേക്കും യഥാക്രമം കുതിച്ചത്തെിയ സ്മിത്തും കാര്‍ലോസും മെഡല്‍ദാന വേദിയില്‍ അമേരിക്കന്‍ ദേശീയഗാനം മുഴങ്ങവെ കറുത്ത ഗ്ളൗസണിഞ്ഞ മുഷ്ടി ചുരുട്ടി കൈ മുകളിലേക്കുയര്‍ത്തി തങ്ങളുടെ പ്രതിഷേധം നിശബ്ദമായി ലോകത്തിന് മുന്നില്‍ പ്രകടിപ്പിച്ചു. ബ്ളാക് പവര്‍ സല്യൂട്ടിന് പുറമെ തങ്ങളുടെ സഹോദന്മാരോടുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഷൂ ധരിക്കാതെ കറുത്ത സോക്സ് അണിഞ്ഞാണ് അവര്‍ മെഡല്‍ ഏറ്റുവാങ്ങിയതും. ഇവര്‍ക്ക് പിന്തുണ നല്‍കി, വെള്ളി മെഡല്‍ ജേതാവായിരുന്ന ആസ്ട്രേലിയന്‍ സ്പ്രിന്‍റര്‍ പീറ്റര്‍ നോര്‍മന്‍ മനുഷ്യാവകാശത്തിനായുള്ള ഒളിമ്പിക് പ്രോജക്ടിന്‍െറ ബാഡ്ജും ധരിച്ചിരുന്നു. സ്മിത്തിനും കാര്‍ലോസിനും പിന്നാലെ സസ്പെന്‍ഷന്‍ ലഭിച്ചെങ്കിലും അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെക്കാന്‍ ഈ നിശബ്ദ പ്രതിഷേധം വഴിവെച്ചു.
ഈ കഥക്ക് മറ്റൊരു വശം കൂടിയുണ്ട്. പീറ്റര്‍ നോര്‍മനാണ് സ്മിത്തിനും കാര്‍ലോസിനും ഒരു ഗ്ളൗസ് വീതം അണിയാനുള്ള ഉപദേശം നല്‍കിയത്. ഇത് സ്വന്തം നാട്ടില്‍ അദ്ദേഹത്തെ അനഭിമതനാക്കി. തുടര്‍ന്ന് 1972 ഒളിമ്പിക്സില്‍ നോര്‍മനെയോ മറ്റ് സ്പ്രിന്‍റര്‍മാരെയോ ആസ്ട്രേലിയ അയച്ചില്ല. 2000 സിഡ്നി ഒളിമ്പിക്സില്‍ തങ്ങളുടെ മുന്‍ മെഡല്‍ ജേതാക്കളെ ആദരിച്ചപ്പോഴും അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതേസമയം, 2006ല്‍ നോര്‍മന്‍ മരിച്ചപ്പോള്‍ ആ ശവമഞ്ചം ചുമക്കാന്‍ രണ്ടുപേര്‍ അമേരിക്കയില്‍ നിന്നത്തെി, ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും. അങ്ങനെ നിറത്തിനും രാഷ്ട്രീയ അതിര്‍ത്തികള്‍ക്കും കാലത്തിനും അപ്പുറം വളര്‍ന്ന ഒരു സൗഹൃദത്തിന്‍െറ നിമിത്തവുമായി ബ്ളാക് പവര്‍ സല്യൂട്ട്.

2. ദ ഗ്രേറ്റ് ജെസി ഓവന്‍സ്
ഹിറ്റ്ലറിന്‍െറ ‘ആര്യന്‍ ശക്തി’ ഹുങ്ക് തെറ്റാണെന്ന് ട്രാക്കിലും ഫീല്‍ഡിലും തെളിയിച്ച ഇതിഹാസ താരം, അമേരിക്കയുടെ ജെസി ഓവന്‍സ്. അദ്ദേഹത്തിന്‍െറ കഥ പറയാതെ ഒരു ഒളിമ്പിക്സ് ചരിത്രവും പൂര്‍ണമാകില്ല. കറുത്തവംശജനായ ജെസി ഓവന്‍സ് 1936 ബെര്‍ലിന്‍ ഒളിമ്പിക്സിനത്തെുമ്പോള്‍ തൊലിയുടെ നിറം കാരണം ആ പ്രതിഭയെ അംഗീകരിക്കാന്‍ തയാറാകാതിരുന്നവരായിരുന്നു ചാന്‍സലര്‍ അഡോല്‍ഫ് ഹിറ്റ്ലറും നാസികളും. എന്നാല്‍, 100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജംപ്, 4x100 മീറ്റര്‍ റിലേ എന്നിവയില്‍ നാല് സ്വര്‍ണങ്ങള്‍ കൊയ്ത അവിസ്മരണീയ പ്രകടനങ്ങളിലൂടെ താരങ്ങളില്‍ താരമായി ജെസി ഓവന്‍സ്. ലോങ് ജംപില്‍ എതിരാളിയായിരുന്ന ജര്‍മന്‍ താരം ലുസ് ലോങ്ങുമായി ഓവന്‍സ് ഉണ്ടാക്കിയ സൗഹൃദമാണ് ആ ഒളിമ്പിക്സിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളിലൊന്ന്. ഓവന്‍സിനെ ബഹുമാനത്തോടെയും സൗഹാര്‍ദപരമായും സമീപിച്ച ലുസ് ലോങ്, മത്സരത്തിനിടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അടവുകള്‍ പറഞ്ഞുകൊടുക്കാനും അതിലൂടെ സ്വര്‍ണത്തിലേക്ക് ചാടാനും ഓവന്‍സിനെ സഹായിച്ചു. തന്നെ വെള്ളിയിലേക്ക് തള്ളി സ്വര്‍ണം കരസ്ഥമാക്കിയ ഓവന്‍സിനെ ആദ്യം ഓടിയത്തെി അഭിനന്ദിച്ചത് ലുസ് ലോങ്ങായിരുന്നു, ഹിറ്റ്ലര്‍ നോക്കിനില്‍ക്കവേ. ഹിറ്റ്ലര്‍ക്ക് മുന്നില്‍തന്നെ സുഹൃത്താക്കാന്‍ ലുസ് ലോങ് കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ച ഓവന്‍സ്, ഒളിമ്പിക്സ് സ്വര്‍ണങ്ങളെക്കാള്‍ താന്‍ വിലമതിക്കുന്നത് ആ സൗഹൃദമാണെന്ന് പില്‍ക്കാലത്ത് പറഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ 1943ല്‍ ലോങ് മരിക്കുന്നതുവരെ സൗഹൃദം തുടര്‍ന്നു.

ആ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് നിലനിന്ന ഒരു മിത്തുണ്ടായിരുന്നത് ഓവന്‍സിന്‍െറ പ്രകടനത്തില്‍ വിറളിപൂണ്ട ഹിറ്റ്ലര്‍ താരത്തെ അഭിനന്ദിക്കാന്‍ തയാറാകാതെ അവഗണിച്ച് ഇറങ്ങിപ്പോയി എന്നതാണ്. എന്നാല്‍, അങ്ങനെ ഉണ്ടായിട്ടില്ളെന്ന് ഒളിമ്പിക് ചരിത്രകാരന്മാര്‍ പറയുന്നു. താന്‍ കടന്നുപോകവേ ഹിറ്റ്ലര്‍ കൈവീശിയതായും തിരിച്ച് താനും കൈവീശിയതായും ഓവന്‍സും പിന്നീട് പറഞ്ഞിട്ടുണ്ട്. തന്നെ ഹിറ്റ്ലറല്ല അമേരിക്കയില്‍ സ്വന്തം പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് ആണ് യഥാര്‍ഥത്തില്‍ അവഗണിച്ചതെന്നും താരം പിന്നീട് തുറന്നടിച്ചു.

3. ഒരു പതാകക്ക് കീഴില്‍ ഇരു കൊറിയയും
കൊറിയന്‍ യുദ്ധത്തിന് പിന്നാലെ പതിറ്റാണ്ടുകളോളം നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒളിമ്പിക്സ് വേദിയില്‍ ഇടവേള നല്‍കാന്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ തയാറായി. 2000 സിഡ്നി ഒളിമ്പിക്സിന്‍െറ ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ വെള്ള ബാക്ഗ്രൗണ്ടില്‍ സംയുക്ത കൊറിയയുടെ ഭൂപടമുള്ള പതാകക്ക് കീഴില്‍ ഒരേ യൂനിഫോം ധരിച്ച് ഇരു രാജ്യങ്ങളുടെയും ടീമുകള്‍ അണിനിരന്നു. സ്റ്റേഡിയത്തിലെ നിറഞ്ഞ കൈയടികളുടെ അകമ്പടിയോടെ കൈകള്‍കോര്‍ത്ത് ഇരുരാജ്യങ്ങളിലെയും അത്ലറ്റുകള്‍ ചുവടുവച്ചത് സ്പോര്‍ട്സ് ചരിത്രത്തിലെതന്നെ അവിസ്മരണീയ മുഹൂര്‍ത്തമായാണ് വാഴ്ത്തപ്പെട്ടത്. ഗെയിംസില്‍ രണ്ടായാണ് മത്സരിച്ചതെങ്കിലും സമാധാന സന്നദ്ധതയുടെ ഒരു പുതു അധ്യായം രചിക്കാന്‍ ആ മാര്‍ച്ച്പാസ്റ്റിനായി. 2004ല്‍ ആതന്‍സിലും ഇത് ആവര്‍ത്തിച്ചു. എന്നാല്‍, 2008, 2012 ഗെയിംസുകളില്‍ വീണ്ടും രണ്ടായാണ് ഇരു രാജ്യങ്ങളും മാര്‍ച്ച്പാസ്റ്റിനത്തെിയത്.

4. ബഹിഷ്കരണങ്ങള്‍
പല ഘട്ടങ്ങളിലും പല കാരണങ്ങള്‍ കാരണം വിവിധ രാജ്യങ്ങള്‍ ഒളിമ്പിക്സ് ബഹിഷ്കരിച്ചിട്ടുണ്ട്. 1976ലെ മോണ്‍ട്രിയല്‍ ഗെയിംസ് 22 ആഫ്രിക്കന്‍ രാജ്യങ്ങളാണ് ബഹിഷ്കരിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ തിരികൊളുത്തുന്ന ബഹിഷ്കരണങ്ങളുടെ തുടക്കം ഇവിടെയായിരുന്നു. വര്‍ണവിവേചനം അഴിഞ്ഞാടിയിരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് ദേശീയ റഗ്ബി ടീമിനെ അയച്ച ന്യൂസിലന്‍ഡിനെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നത്.
1980 മോസ്കോ ഒളിമ്പിക്സില്‍ ബഹിഷ്കരണം പ്രഖ്യാപിച്ച് മാറിനിന്നത് അമേരിക്കയായിരുന്നു. ശീതയുദ്ധത്തിന്‍െറ അലയൊലികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍, സോവിയറ്റ് യൂനിയന്‍ അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയതില്‍ പ്രതിഷേധിച്ചാണ് യു.എസ് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ ബഹിഷ്കരണ ആഹ്വാനം നടത്തിയത്. നിരവധി രാജ്യങ്ങള്‍ ഇത് ഏറ്റെടുത്തപ്പോള്‍ ചിലര്‍ കുറച്ച് താരങ്ങളെ മാത്രം അയച്ച് പ്രതിഷേധിച്ചു. ’84ല്‍ ലോസ് ആഞ്ജലസ് ഒളിമ്പിക്സ് ആയപ്പോള്‍ സോവിയറ്റ് യൂനിയന്‍െറ കൈയിലായി ‘ബഹിഷ്കരണ പന്ത്’. സോവിയറ്റ് യൂനിയനും അവരോട് അടുപ്പം പുലര്‍ത്തിയിരുന്ന രാജ്യങ്ങളും വിട്ടുനിന്നെങ്കിലും മോസ്കോയില്‍ സംഭവിച്ചതുപോലെ പങ്കാളിത്തത്തില്‍ ഇടിവുണ്ടായില്ല.

5. കഠിനവേദനയിലും തോല്‍ക്കാത്ത നിശ്ചയദാര്‍ഢ്യം
ഒരു അത്ലറ്റിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പേശികള്‍ക്കേറ്റ മുറിവും കഠിനവേദനയും ഒന്നുമല്ളെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ ബ്രിട്ടീഷ് ഓട്ടക്കാരന്‍ ഡെരക് റെഡ്മണ്ട്. 400 മീറ്ററില്‍ ബ്രിട്ടന്‍െറ മെഡല്‍ പ്രതീക്ഷയായിരുന്ന ഡെരക്, സെമിഫൈനലില്‍ 150 ആയപ്പോഴേക്കും പരിക്കിന്‍െറ പിടിയിലമര്‍ന്നു. വേദനയില്‍ പുളഞ്ഞ് ട്രാക്കിലേക്ക് മുട്ടുകുത്തിയ താരം പക്ഷേ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. മുടന്തി മുടന്തി ഡെരക് ആ ഓട്ടം പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുനീങ്ങി. ഇടയില്‍, ഗാലറിയില്‍നിന്ന് സെക്യൂരിറ്റിയെ വകഞ്ഞുമാറ്റി ഒരാള്‍ ട്രാക്കിലേക്ക് കുതിച്ചത്തെി അവനെ താങ്ങി, ഡെരകിന്‍െറ പിതാവ്. ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ളെന്ന് പറഞ്ഞ പിതാവിനോട് തനിക്ക് ചെയ്യണമെന്ന് മകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍, ഒരുമിച്ച് നമുക്ക് പൂര്‍ത്തിയാക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിന്‍െറ തോളില്‍ പിടിച്ച് ഡെരക് മുന്നേറി. ഫിനിഷിങ് ലൈനിന് അല്‍പം മുമ്പത്തെിയപ്പോള്‍ മകന്‍െറ കൈവിട്ട് അവന്‍ ഓട്ടം പൂര്‍ത്തിയാക്കുന്നത് നോക്കി ആ പിതാവ് നിന്നു. ഗാലറിയില്‍ 65,000 കാണികള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച ആ നിമിഷം ഒരിക്കലും വിട്ടുകൊടുക്കരുതെന്ന സന്ദേശവുമായി ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും ഓര്‍മിക്കപ്പെടുന്നു.

6. ടെലിവിഷനില്‍ ഒളിമ്പിക്സ്
ആദ്യമായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത് 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സാണ്. ബ്ളാക് ആന്‍ഡ് വൈറ്റ് രൂപങ്ങളായി ജര്‍മനിയില്‍ മാത്രമായിരുന്നു ആദ്യ ഒളിമ്പിക്സ് ടി.വിയില്‍ എത്തിയത്. 1960ലെ റോം ഒളിമ്പിക്സിലാണ് യൂറോപ്പിലും അമേരിക്കയിലുമായി ടെലിവിഷന്‍ സംപ്രേഷണം വ്യാപിച്ചത്. 1964 ടോക്യോ ഒളിമ്പിക്സ് ആയപ്പോഴേക്കും ലോകമെമ്പാടുമത്തെി സംപ്രേഷണം. ഒളിമ്പിക്സ് കളര്‍ സംപ്രേഷണം 1968 മെക്സികോ ഗെയിംസിലാണുണ്ടായത്.

7. മൈക്കല്‍ ഫെല്‍പ്സ്,
ഉസൈന്‍ ബോള്‍ട്ട്

ഒളിമ്പിക്സ് ചരിത്രത്തിലെതന്നെ അപൂര്‍വതയില്‍ അപൂര്‍വതയാണ് മൈക്കല്‍ ഫെല്‍പ്സ് എന്ന നീന്തല്‍കുളത്തിലെ സുവര്‍ണമത്സ്യം. ഒളിമ്പിക്സ് മെഡല്‍ റെക്കോഡുകള്‍ തകര്‍ത്ത് കുളത്തിലെറിയുന്ന ഫെല്‍പ്സിനെ ലോകം ശരിക്കും കണ്ടത് 2008ല്‍ ബെയ്ജിങ്ങിലാണ്. മത്സരിച്ച എട്ടിനത്തിലും സ്വര്‍ണക്കുതിപ്പുകളാണ് ബെയ്ജിങ്ങില്‍ അമേരിക്കന്‍ താരം നടത്തിയത്. ഒരു ഒളിമ്പിക്സില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍. മാര്‍ക് സ്പിറ്റ്സിന്‍െറ ഏഴ് സ്വര്‍ണ റെക്കോഡ് ഫെല്‍പ്സിന് മുന്നില്‍ വഴിമാറി. 2004 ആതന്‍സ് ഒളിമ്പിക്സില്‍ ആറ് സ്വര്‍ണവും രണ്ട് വെങ്കലവുമായി തുടങ്ങിയ മെഡല്‍വേട്ടയില്‍ 2012 ലണ്ടന്‍ ഒളിമ്പിക്സിലെ നാല് സ്വര്‍ണവും രണ്ട് വെള്ളിയും കൂടി ചേരുമ്പോള്‍ ആകെ 22 മെഡലുകളുടെ ഉടമയാക്കി ഫെല്‍പ്സിനെ മാറ്റി. ഒപ്പം ഒളിമ്പിക്സ് ചരിത്രത്തിലെ ഒന്നാം നമ്പര്‍ മെഡല്‍ വേട്ടക്കാരന്‍ എന്ന പട്ടവും.
ബെയ്ജിങ് ഒളിമ്പിക്സില്‍ ഇടിമിന്നലായി വേഗരാജന്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ കുതിച്ചത് എക്കാലവും ചരിത്രം ഓര്‍ത്തുവെക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ്. 100 മീറ്റര്‍, 200 മീറ്റര്‍, 4x100 മീറ്റര്‍ റിലേ സ്വര്‍ണവും റെക്കോഡുകളുമായി അക്കാലം മുതല്‍ ബോള്‍ട്ട്തന്നെയാണ് വേഗപ്രേമികളുടെ പ്രിയതാരം. 2012ല്‍ ലണ്ടനില്‍ ഈ മൂന്നു സ്വര്‍ണവും പ്രതിരോധിച്ച് എക്കാലത്തെയും മികച്ച സ്പ്രിന്‍റര്‍ എന്ന പദവിയിലേക്ക് ജമൈക്കന്‍ താരം കടന്നിരിക്കുന്നതിനും ലോകം സാക്ഷിയായി.

8. വനിതകള്‍ ഒളിമ്പിക്സില്‍
ആധുനിക ഒളിമ്പിക്സിന്‍െറ ആദ്യ എഡിഷനില്‍ വനിതകളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് 1896 ഏപ്രില്‍ 11ന് സമാത രെവിതി എന്ന വനിത ഗ്രീസില്‍ മാരത്തണ്‍ ഓടി. യഥാര്‍ഥ ഒളിമ്പിക്സ് മാരത്തണ്‍ നടന്നതിന്‍െറ പിറ്റേ ദിവസമായിരുന്നു ഈ പ്രതിഷേധ ഓട്ടം. അവരെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഒളിമ്പിക് സംഘാടകര്‍ അനുവദിച്ചുമില്ല. എന്നിരുന്നാലും രെവിതി ഏകദേശം അഞ്ചു മണിക്കൂറും 30 മിനിറ്റുമെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കി എന്നാണ് ഒളിമ്പിക്സ് ചരിത്രം പറയുന്നത്. 1900 പാരിസ് ഗെയിംസ് മുതലാണ് വനിതകള്‍ക്ക് മുന്നില്‍ ഒളിമ്പിക്സ് വാതില്‍ തുറന്നത്. ടെന്നിസും ഗോള്‍ഫുമാണ് വനിതകള്‍ മത്സരിച്ച ആദ്യ ഇനങ്ങള്‍.

9. പ്രായം കുറവും കൂടുതലും
ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും മെഡല്‍ ജേതാവും ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥിയും മെഡല്‍ ജേതാവും എന്ന നേട്ടങ്ങള്‍ നൂറ്റാണ്ടിനിപ്പുറവും ഇന്നും ഒളിമ്പിക്സ് ചരിത്രത്തില്‍ രണ്ട് പേര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. 1896 ആതന്‍സ് ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ വെങ്കലം നേടിയ ഗ്രീക്ക് താരം ദിമിത്രിയോസ് ലൗഡ്രാസാണ് ഇന്നും ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യനും മെഡല്‍ജേതാവും. 10 വയസ്സായിരുന്നു മെഡല്‍ നേടുമ്പോള്‍ ലൗഡ്രാസിന്‍െറ പ്രായം. കൃത്യമായി പറഞ്ഞാല്‍, 10 വര്‍ഷവും 218 ദിവസവും.
സ്വീഡിഷ് ഷൂട്ടിങ് താരം ഓസ്കാര്‍ സ്വാന്‍ ആണ് പ്രായത്തിന്‍െറ കുതിച്ചുപായലിനെ തോല്‍പ്പിച്ച ഒളിമ്പ്യന്‍. 1908ലെ ഒളിമ്പിക്സില്‍ 60ാം വയസ്സിലാണ് ആദ്യ ഒളിമ്പിക് മെഡല്‍ അദ്ദേഹം നേടിയത്. പിന്നെയും രണ്ട് ഒളിമ്പിക്സുകളില്‍ തോക്കേന്തിയ സ്വാന്‍, 1920 ആന്‍റ്വെര്‍പ് ഗെയിംസില്‍ അവസാനമായി വെള്ളി നേടുമ്പോള്‍ 72 വയസ്സായിരുന്നു പ്രായം. ആകെ നേടിയത് മൂന്നു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും.

10. ഉദ്ഘാടന മാമാങ്കം
ഒളിമ്പിക്സ് തുടങ്ങുന്നു എന്നറിയുമ്പോഴേ ഉദ്ഘാടന ചടങ്ങിലെ അതുല്യ പ്രകടനങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കും. ആതിഥേയരുടെ അഭിമാന പ്രശ്നമാണ് ഇന്ന് ഉദ്ഘാടന ആഘോഷങ്ങള്‍. എന്നാല്‍, ആധുനിക ഒളിമ്പിക്സിന്‍െറ തുടക്കം മുതല്‍ ഉദ്ഘാടനത്തിന് ഇങ്ങനെ ആഘോഷ പരിപാടികളൊന്നുമില്ലായിരുന്നു.
1908ലെ ലണ്ടന്‍ ഒളിമ്പിക്സ് മുതലാണ് ഇതിന് തുടക്കമായത്. അന്ന് മുതല്‍ തൊട്ടുമുമ്പത്തെ വേദിയിലെ ആഘോഷങ്ങളെ കവച്ചുവക്കാനുള്ള ശ്രമമാണ് ഓരോ വേദിയും നടത്തുന്നത്. കാണികള്‍ക്ക് ലഭിക്കുന്നത് അവിസ്മരണീയമായ കലാമുഹൂര്‍ത്തങ്ങളുടെ ആസ്വാദന ഭാഗ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story