Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറിയോയിലെ...

റിയോയിലെ മലയാളിക്കൂട്ടം

text_fields
bookmark_border
റിയോയിലെ മലയാളിക്കൂട്ടം
cancel

പി.ആര്‍. ശ്രീജേഷ് (ഹോക്കി)
കിഴക്കമ്പലം, എറണാകുളം
ദേശീയ ടീമില്‍ 158 മത്സരം
നേട്ടങ്ങള്‍: 2014 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, 2014 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, ചാമ്പ്യന്‍സ് ട്രോഫി വെള്ളി
ധ്യാന്‍ചന്ദും മുഹമ്മദ് ഷാഹിദും സഫര്‍ഇഖ്ബാലും ഉള്‍പ്പെടെയുള്ള ഇതിഹാസ നായകര്‍ ഒളിമ്പിക്സ് മൈതാനത്തത്തെിച്ച ഇന്ത്യന്‍ ഹോക്കി ഒരു മലയാളിയുടെ കൈപിടിച്ച് റിയോയിലത്തെുമ്പോള്‍ കേരളക്കാര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഒളിമ്പിക്സില്‍ ഇന്ത്യ അണിഞ്ഞ ഒമ്പതില്‍ എട്ട് സ്വര്‍ണവും സമ്മാനിച്ച ഹോക്കി പ്രതാപവഴിയിലാണ് റിയോയിലത്തെുന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, ചാമ്പ്യന്‍സ് ട്രോഫി വെള്ളി, കോമണ്‍വെല്‍ത് ഗെയിംസ് വെള്ളി, ഹോക്കി ലീഗ് വെങ്കലം എന്നിവ അണിഞ്ഞ് മിന്നുന്ന ഫോമില്‍ സ്റ്റിക്കേന്തുമ്പോള്‍ ഗോള്‍വലക്കു കീഴിലെ സാന്നിധ്യം മാത്രമല്ല, എറണാകുളം കിഴക്കമ്പലത്തെ പാറാട്ടു വീട്ടില്‍ ശ്രീജേഷ്. ഈ 30കാരനിലാണ് ഇന്ത്യ പടനായകത്വം വിശ്വസിച്ചേല്‍പിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി ഒളിമ്പിക്സ് യോഗ്യത സമ്മാനിച്ച അതേ കൈകള്‍തന്നെ റിയോയില്‍ ഇന്ത്യയെ നയിക്കുന്നു. സര്‍ദാര്‍ സിങ്ങിനു പകരക്കാരനായി ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ടീമിനെ നയിച്ചാണ് ശ്രീജേഷ് ക്യാപ്റ്റന്‍സിയിലത്തെുന്നത്. താല്‍ക്കാലികമായി ഏറ്റെടുത്ത സ്ഥാനം റിയോയിലേക്ക് പുറപ്പെടും മുമ്പ് സ്ഥിരമായി. ഗോള്‍പോസ്റ്റിനു കീഴില്‍ നില്‍ക്കുമ്പോഴും ശ്രീജേഷിന്‍െറ സാന്നിധ്യം ഓരോ കളിക്കാര്‍ക്കും ഊര്‍ജപ്രവാഹമാവുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് സഹതാരങ്ങളായിരുന്നു. ഡ്രസിങ് റൂം മുതല്‍ പരിശീലനത്തിലും സമ്മര്‍ദമേറിയ മത്സരങ്ങളിലുമെല്ലാം ശ്രീജേഷ് കളിക്കാരുടെ നായകനാവുന്നു.
മികച്ച ആത്മവിശ്വാസത്തിലാണ് ശ്രീജേഷും സംഘവും റിയോയിലത്തെുന്നത്. ലോകജേതാക്കളായ ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വമ്പന്മാരെ തോല്‍പിച്ച് പ്രവചനങ്ങള്‍ക്ക് അടിവരയിടുന്നു. ഒപ്പം, കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട ശ്രീജേഷിന്‍െറ മിന്നും ഫോമും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മെഡല്‍തിളക്കം കൂട്ടുന്നു.

ഒ.പി. ജെയ്ഷ (33) - മാരത്തണ്‍
തൃശിലേരി, വയനാട്
നേട്ടങ്ങള്‍: 2006 ഏഷ്യന്‍ ഗെയിംസ് വെങ്കലം (5000 മീ.), 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലം (1500 മീ.), 2005 ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണം (1500, 5000 മീ.). ദീര്‍ഘദൂര ഇനങ്ങളില്‍ സുവര്‍ണനേട്ടങ്ങളുമായി മേല്‍വിലാസം കുറിച്ചാണ് ഒ.പി. ജെയ്ഷ കരിയറിലെ ആദ്യ ഒളിമ്പിക്സിനത്തെുന്നത്. 10000, 5000,1500 മീറ്ററുകളാണ് ഇഷ്ട ഇനങ്ങളെങ്കിലും മാരത്തണിലായിരുന്നു ജെയ്ഷയുടെ യോഗ്യത. മെഡല്‍ പ്രതീക്ഷകളൊന്നുമില്ല. പക്ഷേ, ആദ്യ പത്തിലിടം നേടാന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഒളിമ്പിക്സ് നഗരിയിലേക്ക് പറക്കും മുമ്പേ വയനാട്ടുകാരി പറയുന്നു. ബെയ്ജിങ്, ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യതകള്‍ തലനാരിഴവ്യത്യാസത്തില്‍ നഷ്ടമായതിന്‍െറ നിരാശകൂടി തീര്‍ക്കാനാണ് ജെയ്ഷയുടെ റിയോ പോരാട്ടം. ബെലാറസുകാരനായ ഡോ. നികോളായ് സെസറേവിനു കീഴില്‍ നീണ്ട പരിശീലനവും കഴിഞ്ഞാണ് ജെയ്ഷയിറങ്ങുന്നത്. കൂട്ടിന് മറ്റൊരു ഇന്ത്യന്‍ താരം കവിത റൗത്തും.

ടിന്‍റു ലൂക (27) 800 മീ.
കരിക്കോട്ടക്കരി, കണ്ണൂര്‍
നേട്ടങ്ങള്‍: 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം (4x400 റിലേ), വെള്ളി (800), 2010 ഗ്വാങ്ചു വെങ്കലം (800), 2015 വുഹാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് സ്വര്‍ണം (800)
പി.ടി ഉഷയുടെ പ്രിയശിഷ്യക്കിത് രണ്ടാം ഒളിമ്പിക്സ്. നാലുവര്‍ഷംമുമ്പ് ലണ്ടനില്‍ സെമിവരെയത്തെിയ ടിന്‍റു ലൂക മികച്ച സമയം കുറിക്കാന്‍ കൂടിയാണ് ഇക്കുറിയിറങ്ങുന്നത്. 2010ല്‍ കുറിച്ച 1 മിനിറ്റ് 59.17 സെക്കന്‍ഡാണ് കരിയറിലെ മികച്ച സമയം. പക്ഷേ, അതിനുശേഷം ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 19ാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ ടിന്‍റു നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്കുയരുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. ഒളിമ്പിക്സിനു മുന്നോടിയായി മികച്ച പരിശീലനത്തോടെയാണ് ടിന്‍റുവിന്‍െറ ഒരുക്കം. ലണ്ടനില്‍ അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവ് വെല്ലുവിളിയായിരുന്നെങ്കില്‍ റിയോയിലത്തെുമ്പോഴേക്കും വന്‍കരയുടെ പ്രധാനതാരങ്ങളില്‍ ഒരാളായി ടിന്‍റു മാറി.

രഞ്ജിത് മഹേശ്വരി (30)
–ട്രിപ്ള്‍ ജംപ്
ചാന്നാനിക്കാട്, കോട്ടയം
നേട്ടങ്ങള്‍: 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കലം, 2007 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് സ്വര്‍ണം, 2012 ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീ സ്വര്‍ണം
മൂന്നാം ഒളിമ്പിക്സിനാണ് രഞ്ജിത് മഹേശ്വരി റിയോയിലത്തെുന്നത്. മലയാളി സംഘത്തിലെ മുതിര്‍ന്ന ഒളിമ്പ്യന്‍. 2006 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യാന്തര മത്സര അരങ്ങേറ്റം കുറിച്ച താരം പത്താംവര്‍ഷത്തിലും രാജ്യത്തെ മുന്‍നിര ജംപറായി തുടരുന്നു. നിലവിലെ സീസണില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരം (17.30 മീ.) ചാടിയാണ് രഞ്ജിത് ഒളിമ്പിക്സ് യോഗ്യത നേടിയത്. ദേശീയ റെക്കോഡ് പ്രകടനം കൂടിയായി ഇത്. ഇതേ പ്രകടനം റിയോയിലും ആവര്‍ത്തിച്ചാല്‍ ബെയ്ജിങ്ങിലും ലണ്ടനിലും നിരാശപ്പെടുത്തിയത് പോലെയാവില്ല ബ്രസീലിലെ പ്രകടനമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. വിമര്‍ശകര്‍ എഴുതിത്തള്ളിയപ്പോഴായിരുന്നു സ്വപ്രയത്നത്തില്‍ രഞ്ജിത്തിന്‍െറ കുതിച്ചുചാട്ടം.
 


മുഹമ്മദ് അനസ് (21)
400 മീ., 4x400 റിലേ
നിലമേല്‍, കൊല്ലം
ട്രാക്കില്‍ ഇന്ത്യയുടെ ഭാവിതാരം. രാജ്യാന്തര മീറ്റില്‍ അരങ്ങേറ്റം കുറിച്ച് ഒരു മാസത്തിനുള്ളിലാണ് നിലമേലുകാരുടെ ഒളിമ്പ്യന്‍ റിയോയിലത്തെുന്നത്. ജൂണില്‍ പോളണ്ടില്‍ നടന്ന മീറ്റിലായിരുന്നു ദേശീയ റെക്കോഡ് മറികടന്ന് അനസ് ഒളിമ്പിക്സ് യോഗ്യത നേടിയത്. മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400ല്‍ ഒളിമ്പിക് യോഗ്യത നേടുന്ന ഇന്ത്യക്കാരന്‍. രണ്ടു ദിവസത്തിനിടെ രണ്ടുതവണയാണ് റെക്കോഡ് തകര്‍ത്തത്. 45.40 സെക്കന്‍ഡ് കുറിച്ച 21കാരന്‍െറ റിയോ ലക്ഷ്യം 44 സെക്കന്‍ഡില്‍ ഫിനിഷിങ്. സ്കൂള്‍ കായികമേളയില്‍ മിന്നായംപോലെ വന്നുപോയ അനസ് സ്പോര്‍ട്സ് കൗണ്‍സില്‍ എലൈറ്റ് അക്കാദമി കോച്ച് പി.ബി. ജയകുമാറിനു കീഴിലത്തെിയതോടെ രാജ്യാന്തര നിലവാരത്തിലെ ഓട്ടക്കാരനായി മാറി. നിലമേല്‍ സ്കൂളിലെ പരിശീലകന്‍ ബി. അന്‍സാറായിരുന്നു ആദ്യ വഴികാട്ടി. ദേശീയ ഗെയിംസില്‍ കേരളത്തിനായി വെള്ളി നേടിയ റിലേ ടീമിലംഗമായ അനസ് നേവിയില്‍ ജോലി നേടി വൈകാതെ ഇന്ത്യന്‍ ക്യാമ്പിലത്തെി. റിയോയില്‍ മികച്ച പ്രകടനം കാണാം, പക്ഷേ 2020 ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മുന്‍നിര മെഡല്‍ പ്രതീക്ഷയില്‍ അനസുണ്ടാവും.

ടി. ഗോപി (28) - മാരത്തണ്‍
സുല്‍ത്താന്‍ ബത്തേരി, വയനാട്
അപ്രതീക്ഷിതമായിരുന്നു ഈ വയനാട്ടുകാരന്‍െറ ഒളിമ്പിക്സ് യോഗ്യത. ജനുവരിയില്‍ നടന്ന മുംബൈ മാരത്തണില്‍ ഇന്ത്യയുടെ പ്രധാനതാരം നിതേന്ദ്ര സിങ് റൗതിന്‍െറ പേസ്മേക്കറായി ഓടിയാണ് യോഗ്യത നേടിയത്. 35 കി.മീ ഓടി നിര്‍ത്താനായിരുന്നു ആദ്യ തീരുമാനം. പക്ഷേ, ഓട്ടം തുടര്‍ന്ന ഗോപി ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ ഇന്ത്യക്കാരില്‍ രണ്ടാമനായി. ഒപ്പമത്തെിയത് ഒളിമ്പിക്സ് യോഗ്യതയും. ദീര്‍ഘദൂരത്തില്‍ സര്‍വകലാശാല തലത്തില്‍ മെഡലുകള്‍ നേടി ആര്‍മിയില്‍ ജോലി നേടിയ ഗോപിയുടെ ആദ്യ മാരത്തണ്‍ ഓട്ടമായിരുന്നു അത്.റിയോ ബര്‍ത്ത് ലഭിച്ച ശേഷമായിരുന്നു ഗോപി മാരത്തണ്‍ ഓട്ടക്കാരനായത്. കോച്ച് സുരീന്ദര്‍ സിങ് ഭണ്ഡാരിക്കു കീഴില്‍ ബംഗളൂരുവിലും ഊട്ടിയിലും മികച്ച പരിശീലനവും പൂര്‍ത്തിയാക്കി ഗോപി റിയോയിലിറങ്ങുന്നു. ഒന്നുമല്ലാതിരുന്ന തന്നെ ഇതുവരെയത്തെിച്ചതിന്‍െറ ക്രെഡിറ്റെല്ലാം ഗോപി നല്‍കുന്നത് കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിജയി ടീച്ചര്‍ക്ക്.

ജിന്‍സണ്‍ ജോണ്‍സണ്‍ (25) - 800 മീ.
ചക്കിട്ടപ്പാറ, കോഴിക്കോട്്
നേട്ടങ്ങള്‍: 2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് വെള്ളി, തായ്ലന്‍ഡ് ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മൂന്ന് സ്വര്‍ണം.
32 വര്‍ഷത്തിനു ശേഷം 800 മീറ്ററില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായാണ് ജിന്‍സണ്‍ റിയോയിലത്തെുന്നത്. 1:45:98 സമയത്തില്‍ ഫിനിഷ് ചെയ്ത താരം ഇന്ത്യക്കാരന്‍െറ മികച്ച സമയവും കുറിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഒളിമ്പിക്സ് യോഗ്യത തേടിയുള്ള ലോകപര്യടനത്തിലായിരുന്നു ജിന്‍സണ്‍. തലനാരിഴക്ക് യോഗ്യതകള്‍ വഴിമാറിയപ്പോള്‍ ഏറ്റവും ഒടുവില്‍ റിയോ ടിക്കറ്റ് പിറന്നത് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയിലൂടെ. സെന്‍റ് ജോര്‍ജ് എച്ച്.എസ്്.എസ് കുളത്തുവയലില്‍ പഠിച്ചുകൊണ്ടിരിക്കെ മുന്‍ സര്‍വകലാശാലാ പരിശീലകന്‍ കെ.എം. പീറ്ററാണ് ജിന്‍സണിനെ കണ്ടത്തെുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ വഴി പട്ടാളസംഘത്തിലത്തെിയതോടെ തലവരയും മാറി. റിയോ പരിശീലക സംഘത്തിലംഗമായ സര്‍വിസസ് കോച്ച് എന്‍.എ. മുഹമ്മദ് കുഞ്ഞിക്കു കീഴിലായിരുന്നു ദീര്‍ഘകാല പരിശീലനം.

സാജന്‍ പ്രകാശ് (22) –നീന്തല്‍
ഇടുക്കി
തിരുവനന്തപുരം വേദിയായ 35ാമത് ദേശീയ ഗെയിംസിലെ മൈക്കല്‍ ഫെല്‍പ്സായിരുന്നു സാജന്‍ പ്രകാശ്. ആറ് സ്വര്‍ണവും മൂന്ന് വെള്ളിയുമായി നീന്തല്‍കുളം നിറഞ്ഞുനിന്ന താരം. ഇക്കുറി ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിലെ ഏക പുരുഷ നീന്തല്‍താരമാണ് സാജന്‍. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ സാജന്‍ ഇറങ്ങുമ്പോള്‍ സാക്ഷാല്‍ മൈക്കല്‍ ഫെല്‍പ്സിനൊപ്പം ഒരുപക്ഷേ, കുളത്തില്‍ സാജനെയും കണ്ടേക്കാം.  രണ്ടു മിനിറ്റില്‍ തഴെ സമയത്തില്‍ നീന്തിയ ആദ്യ ഇന്ത്യന്‍ താരമായാണ് റിയോയിലേക്കുള്ള ഒരുക്കം.

ജിസ്ന മാത്യൂ,
അനില്‍ഡ തോമസ്,
കുഞ്ഞുമുഹമ്മദ്

4x400 ഇന്ത്യന്‍ റിലേ ടീമിലെ സാന്നിധ്യമാണ് മൂവരും. സ്കൂള്‍ കായികമേളകളുടെ താരമായാണ് കൗമാരക്കാരി ജിസ്ന റിയോയിലത്തെുന്നത്. ഇന്ത്യന്‍ സംഘത്തിലെതന്നെ ‘ബേബി ഒളിമ്പ്യന്‍’മാരില്‍ ഒരാള്‍. റിയോ കരിയറിന്‍െറ മികച്ച തുടക്കമാണെങ്കിലും ഭാവിയിലേക്കുള്ള കുതിപ്പാണ് ഈ കണ്ണൂരുകാരിക്ക്.
ആറംഗ വനിതാ റിലേ ടീമിലെ മറ്റൊരു മലയാളി സാന്നിധ്യമാണ് അനില്‍ഡ തോമസ്. മഹാത്മാഗാന്ധി സര്‍വകലാശാലാ താരമായിരുന്ന അനില്‍ഡ ദേശീയ ഗെയിംസില്‍ 400 മീറ്റര്‍ സ്വര്‍ണവുമണിഞ്ഞാണ് ശ്രദ്ധേയ താരമായത്. എറണാകുളം കോതമംഗലം സ്വദേശിയായ അനില്‍ഡ സംസ്ഥാന സ്കൂള്‍ കായികമേളയുടെ താരമായാണ് ട്രാക്കില്‍ പിച്ചവെച്ചത്. പുരുഷ വിഭാഗം 4x400 റിലേയിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യമാണ് സര്‍വിസസിന്‍െറ കുഞ്ഞുമുഹമ്മദ്. സീസണിലെ മികച്ച സമയങ്ങളിലൊന്ന് കുറിച്ച് ഒളിമ്പിക്സ് യോഗ്യത നേടിയ ടീമിന് ഫൈനലില്‍ ഇടം ഉറപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016malayali athlets in rio
Next Story