ജെയ്ഷയുടെ ആരോപണം: കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു
text_fieldsന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ മാരത്തണ്‍ മത്സരത്തിനിടെ, വെള്ളം തരാന്‍പോലും ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ആരുമുണ്ടായില്ളെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. ജെയ്ഷയുടെ ആരോപണം നിഷേധിച്ച് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തുവന്നതിനു പിന്നാലെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 42 കി.മീ. ഓടി മത്സരം പൂര്‍ത്തിയാക്കിയ 33കാരി ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീഴുകയും മൂന്നു മണിക്കൂറോളം അബോധാവസ്ഥയിലായി ആശുപത്രിയിലാവുകയും ചെയ്തിരുന്നു. മരണത്തെ മുഖാമുഖം കണ്ട ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. മറ്റു താരങ്ങള്‍ക്ക് അവരുടെ രാജ്യങ്ങള്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് വെള്ളവും മറ്റും നല്‍കാന്‍ സൗകര്യം ഒരുക്കിയപ്പോള്‍ ഇന്ത്യയുടെ കൗണ്ടറില്‍ ഒരു തുള്ളി വെള്ളം പോലുമുണ്ടായില്ളെന്നും എട്ടു കി.മീ. ഇടവിട്ട് ഒളിമ്പിക്സ് സംഘാടകര്‍ വെച്ച വെള്ളം മാത്രമാണ് തനിക്ക് ലഭിച്ചതെന്നുമാണ് ജെയ്ഷയുടെ പരാതി.
പ്രത്യേക പാനീയം വേണമോയെന്ന കാര്യം മത്സരത്തലേന്ന് ജെയ്ഷയോട് ചോദിച്ചിരുന്നുവെന്നും വേണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ. വത്സന്‍ പറഞ്ഞു. രണ്ടര കി.മീ. ഇടവിട്ട് വെള്ളം ലഭ്യമാക്കിയിരുന്നുവെന്നും ജെയ്ഷ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളത്തിന് പ്രശ്നമുണ്ടായിട്ടില്ളെന്നും അത്ലറ്റിക് ഫെഡറേഷന്‍ വാദിക്കുന്നു. അതേസമയം, താന്‍ കള്ളം പറഞ്ഞിട്ടില്ളെന്ന് ജെയ്ഷ പ്രതികരിച്ചു. വര്‍ഷങ്ങളായി കായിക രംഗത്തുള്ള താന്‍ ഒരിക്കല്‍പോലും ഫെഡറേഷനെതിരെ പരാതി പറഞ്ഞിട്ടില്ല. ഇപ്പോഴും കള്ളം പറയേണ്ട കാര്യമില്ല. മത്സരവേദിയില്‍ മുഴുവന്‍ കാമറയുണ്ട്. ആരു പറയുന്നതാണ് ശരിയെന്നറിയാന്‍ കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ജെയ്ഷ പറഞ്ഞു. അത്ലറ്റിക് ഫെഡറേഷന്‍ ആരോപണം നിഷേധിക്കുകയും ജെയ്ഷ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ സമിതിയെ വെച്ചത്. കായിക വകുപ്പ് ജോയന്‍റ് സെക്രട്ടറി ഓങ്കാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
മനുഷ്യാവകാശ ലംഘനം; നടപടി വേണം- ഇടത് എം.പിമാര്‍
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ മലയാളി അത്ലറ്റ് ഒ.പി. ജെയ്ഷക്കുണ്ടായ ദുരനുഭവം മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ചു. കായിക താരങ്ങള്‍ നേരിടുന്ന ദുരവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് എം.പിമാരായ എ. സമ്പത്ത്, പി.കെ. ശ്രീമതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒഫീഷ്യലുകളെന്ന പേരില്‍ താരങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ റിയോയില്‍ പോയിട്ടും താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ആരുമുണ്ടായില്ളെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അത്ലറ്റിക് ഫെഡറേഷനും കായിക മന്ത്രാലയവും നല്‍കുന്ന വിശദീകരണത്തില്‍ വൈരുധ്യമുണ്ട്. അത് മുഖവിലക്കെടുക്കാനാവില്ല. കായിക മേഖലയെ നശിപ്പിക്കുന്ന ഇത്തിള്‍കണ്ണികളെ വേരോടെ പിഴുതെറിയാന്‍ നടപടികളുണ്ടാകണം. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും എം.പിമാര്‍ പറഞ്ഞു.
ആരോപണം അന്വേഷിക്കണം- ഇ.പി. ജയരാജന്‍
തിരുവനന്തപുരം: റിയോ ഒളിമ്പിക്സ് മാരത്തണിനിടെ കുടിവെള്ളം ലഭിച്ചില്ളെന്ന കായികതാരം ഒ.പി. ജെയ്ഷയുടെ പരാതിയിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി ഇ.പി. ജയരാജന്‍ കേന്ദ്രകായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കുടിവെള്ളം കിട്ടാതെ ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണ സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി അറിയിച്ചു. ഇപ്പോള്‍ ബംഗളൂരുവില്‍ ചികിത്സയിലുള്ള ജെയ്ഷയെ ചൊവ്വാഴ്ച മന്ത്രി ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. ജെയ്ഷക്ക് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.