സ്വര്‍ണത്തിനായി സെവാഗിന്‍െറ ബന്ധുക്കള്‍ കാത്തിരുന്നത് കാല്‍നൂറ്റാണ്ട്
text_fieldsകോഴിക്കോട്: ഡല്‍ഹിയിലെ നജഫ്ഗഢ് എന്ന സ്ഥലം കായികപ്രേമികള്‍ക്ക് സുപരിചിതമാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന വീരേന്ദര്‍ സെവാഗിന്‍െറ നാടുതന്നെ. അവിടെനിന്നൊരു താരം ദേശീയ സ്കൂള്‍ കായികമേള ഹാമര്‍ത്രോയില്‍ റെക്കോഡ് സ്വന്തമാക്കിയതില്‍ തീരുന്നില്ല വിശേഷം. ജൂനിയര്‍ ഗേള്‍സ് ഹാമറിലെ ഒന്നാം സ്ഥാനക്കാരി ഹര്‍ഷിത സെഹ്റാവത്ത് ക്രിക്കറ്റ് കമ്പക്കാരുടെ സ്വന്തം വീരുവിന്‍െറ അടുത്ത ബന്ധുവാണ്.
പിതാവ് സുനില്‍ സെഹ്റാവത്താവട്ടെ ഒരു കാലത്ത് ട്രാക് വാണ അത്ലറ്റും. ദേശീയ മീറ്റ് സ്വര്‍ണമെന്ന സുനിലിന് സാധിക്കാനാകാത്ത നേട്ടമാണ് തിങ്കളാഴ്ച മകള്‍ക്ക് സ്വന്തമായത്.
നജഫ്ഗഢിലെ ശാന്തിഗ്യാന്‍ നികേതന്‍ സ്കൂള്‍ ഏഴാംതരം വിദ്യാര്‍ഥിനിയായ ഹര്‍ഷിത 46.35 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡിട്ടത്. 2014ല്‍ പഞ്ചാബിന്‍െറ മന്‍പ്രീത് കൗര്‍ കുറിച്ച 37.70 മീറ്റര്‍ ആദ്യ ശ്രമത്തില്‍തന്നെ 42.52 എറിഞ്ഞ് ഹര്‍ഷിത മറികടന്നു. 46.35, 44.95, 44.22 മീറ്റര്‍ എന്നിങ്ങനെയായിരുന്നു മറ്റു പ്രകടനം. രണ്ടാം തവണയാണ് ദേശീയ മീറ്റില്‍ പങ്കെടുക്കുന്നതെങ്കിലും മെഡല്‍ വരുന്നത് ഇതാദ്യം. സത്യേന്ദ്ര യാദവാണ് പരിശീലകന്‍.
ഇനി സുനില്‍ സെഹ്റാവത്തിന്‍െറ കഥ. 1991 മുതല്‍ 95 വരെ ഡല്‍ഹിയില്‍ സംസ്ഥാനതല സ്കൂള്‍ കായികമേള 400 മീറ്ററില്‍ തുടര്‍ച്ചയായി ജേതാവായിരുന്നു ഇദ്ദേഹം. എന്നാല്‍, ദേശീയ മീറ്റില്‍ ഒരു തവണപോലും മെഡല്‍ നേടാനായില്ല. ഹര്‍ഷിത ജനിച്ചപ്പോള്‍ അവളെ ഒരു അത്ലറ്റാക്കണമെന്നായിരുന്നു ആഗ്രഹം. 25 വര്‍ഷത്തോളമായി സുനിലിന്‍െറ മനസ്സില്‍ തങ്ങിനിന്ന ആഗ്രഹമാണ് ഹര്‍ഷിത സാക്ഷാത്കരിച്ചത്. മകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ജോലിപോലും ഉപേക്ഷിച്ചെന്ന് സുനില്‍. ഇദ്ദേഹത്തിന്‍െറ സഹോദരി സിമയെയാണ് വീരേന്ദര്‍ സെവാഗിന്‍െറ ഇളയ സഹോദരന്‍ ലളിത് സെവാഗ് വിവാഹം ചെയ്തിരിക്കുന്നത്.
കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി ഇറങ്ങിയ ചെന്നൈക്കാരി എം. മേധക്കാണ് വെള്ളി. 37.76 മീറ്റര്‍ എറിഞ്ഞ മേധ മലയാളിയാണ്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരാണ് ചെന്നൈയില്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ പിതാവ് കെ.എസ്. മനോജിന്‍െറ സ്വദേശം. അമ്മ സുചിത്ര അവിടെ അധ്യാപികയായി ജോലിനോക്കുന്നു. എറണാകുളം മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിലെ പി.ആര്‍. ഐശ്വര്യ (34.62) വെങ്കലം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.