അബിഗെയ്ല്‍ ഇനി അമ്മനാടിനൊപ്പം
text_fields
കോഴിക്കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അബിഗെയ്ല്‍ ആരോഗ്യനാഥന്‍ രണ്ടാമതായി ഫിനിഷ് ചെയ്യുമ്പോള്‍ കമ്പിവേലിക്കു പുറത്ത് അക്ഷമയോടെ കാത്തിരുന്ന അച്ഛനും അമ്മയും മനസ്സുകൊണ്ട് അവള്‍ക്കൊരു സ്വര്‍ണം സമ്മാനിച്ചു. 20 വര്‍ഷം മുമ്പ് ഇതേ ഇനത്തില്‍ ഇന്ത്യയുടെ മുന്‍നിര അത്ലറ്റുകളായി ഏഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ മാറിലണിഞ്ഞ ബംഗളൂരു സ്വദേശി ആരോഗ്യനാഥിനും ഭാര്യ കോട്ടയം സ്വദേശി അജിത മാധവനും ഇതില്‍ കൂടുതലെന്തുവേണം.
കൊല്ലം സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിയായ അബിഗെയ്ല്‍ ജനിച്ചതും വളര്‍ന്നതും ഇതുവരെ മെഡലുകള്‍ നേടിയതുമെല്ലാം അച്ഛന്‍െറ നാടായ ബംഗളൂരുവിനും കര്‍ണാടകക്കുംവേണ്ടിയായിരുന്നു. ലവ്റി മെമ്മോറിയല്‍ സ്കൂളില്‍നിന്ന് പത്താംക്ളാസ് കടന്നതോടെ മകളുടെ കായികഭാവിയോര്‍ത്ത് അമ്മനാട്ടിലേക്ക് വിടുകയായിരുന്നു ഈ രക്ഷിതാക്കള്‍.
കൊല്ലം സ്പോര്‍ട്സ് ഹോസ്റ്റല്‍ കോച്ച് അവിനാഷ് കുമാറിനു കീഴില്‍ കഴിഞ്ഞ ജൂലൈയിലാണ് അബിഗെയ്ല്‍ എത്തിയത്. സ്പ്രിന്‍റ് ഹര്‍ഡ്ല്‍ ഇഷ്ടവിഭാഗമായി നടന്ന മകളോട് തങ്ങളുടെ ഇനമായ 400ലേക്ക് മാറാന്‍ അച്ഛനും അമ്മയുംതന്നെയാണ് നിര്‍ദേശിച്ചത്; ഒപ്പം പരിശീലകനും. ഒടുവില്‍ കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളക്കു പിന്നാലെ അബിഗെയ്ലും തന്‍െറ ഇഷ്ടത്തെ വെച്ചുമാറാന്‍ തീരുമാനിച്ചു. ദേശീയ സ്കൂള്‍ മേളയില്‍ ആദ്യമായി 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഇറങ്ങിയ അബിഗെയ്ല്‍ പിന്തുണയുമായത്തെിയ മാതാപിതാക്കള്‍ക്കും കോച്ചിനും സമര്‍പ്പിച്ചുകൊണ്ട് വെള്ളി നേടി. വിമല ഹൃദയ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ അബിഗെയ്ല്‍ ലക്ഷ്യമിടുന്നതും ഇതേ ഹര്‍ഡ്ലിലെ മികച്ച നേട്ടങ്ങള്‍. സഹതാരംകൂടിയായ പി.ഒ. സയനക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം.
ഒരു മിനിറ്റ് രണ്ടു സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തിരുവനന്തപുരം കരമന സ്വദേശിയായ സയന സ്വര്‍ണമണിഞ്ഞത്. കൊല്ലം സ്പോര്‍ട്സ് ഹോസ്റ്റല്‍ വിദ്യാര്‍ഥിനിയായ താരം എസ്.എന്‍ ട്രസ്റ്റ് സ്കൂളിലെ പ്ളസ് ടുക്കാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.