റിലേ പോയും വന്നും ആതിഥേയര്‍
text_fieldsകോഴിക്കോട്: സീനിയര്‍ വിഭാഗത്തിന് മാത്രമുള്ള 4x400 മീറ്റര്‍ റിലേ മത്സരത്തില്‍ ആതിഥേയ പെണ്‍കുട്ടികള്‍ സ്വര്‍ണം നേടിയപ്പോള്‍ ആണ്‍കുട്ടികള്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. എതിരാളികളെ ബഹുദൂരം പിറകിലാക്കി പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കില്‍ ആണ്‍കുട്ടികളില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കേരളം വെങ്കലത്തിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉഷ സ്കൂളിലെ ഷഹര്‍ബാന സിദ്ദീഖ് നയിച്ച റിലേ ടീം 3:51.24 മിനിറ്റിലാണ് പൂര്‍ത്തിയാക്കിയത്. ബോയ്സില്‍ 2011ല്‍ കേരളം കുറിച്ച റെക്കോഡ് തകര്‍ത്ത് തമിഴ്നാട് ഒന്നാമതത്തെി.
തിരുവനന്തപുരം സായിയിലെ അന്‍സ ബാബു, എറണാകുളം കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ വി.കെ. ശാലിനി, കൊല്ലം സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ പി.ഒ. സയന എന്നിവരായിരുന്നു പൂവമ്പായി എ.എച്ച്.എസ് വിദ്യാര്‍ഥിനിയായ ഷഹര്‍ബാനക്ക് പുറമെ കേരളത്തിനുവേണ്ടി ഇറങ്ങിയത്. തമിഴ്നാട് (4:00.96) രണ്ടും കര്‍ണാടക (4:01.54) മൂന്നും സ്ഥാനം നേടി. തുടക്കം മുതലേ ലീഡ് ചെയ്ത കേരളം അവസാന ലാപ്പില്‍ ഷഹര്‍ബാനയിലൂടെ മത്സരം ഏകപക്ഷീയമായി നേടുകയായിരുന്നു.
ആണ്‍കുട്ടികളില്‍ പക്ഷേ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2011ല്‍ കേരള ടീം പുണെയില്‍ 3:15.44 മിനിറ്റില്‍ പൂര്‍ത്തിയാക്കിയത് മറികടന്നാണ് തമിഴ്നാട്ടുകാര്‍ 3:14.19ല്‍ മീറ്റ് റെക്കോഡിട്ടത്. രണ്ടാം സ്ഥാനക്കാരായ ഡല്‍ഹിയും (3:15.00) നിലവിലെ റെക്കോഡ് തകര്‍ത്തു. 3:17.64 മിനിറ്റിലാണ് കേരളം മൂന്നാമതായത്. ആദ്യ ലാപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടാം ലാപ്പില്‍ ഇടക്ക് ഒന്നാമതായെങ്കിലും വീണ്ടും പിറകോട്ട് വന്നു. തുടര്‍ന്നുള്ള ലാപ്പുകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനേ കഴിഞ്ഞുള്ളൂ. കോതമംഗലം സെന്‍റ് ജോര്‍ജിലെ കെ.എസ്. പ്രണവ്, മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ എ. ഹര്‍ഷാദ്, ഇടുക്കി വണ്ണപുറം എസ്.എന്‍.എം ഹൈസ്കൂളിലെ ആല്‍ബിന്‍ ബാബു, വയനാട് കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ എം.എസ്. ബിബിന്‍ എന്നിവരായിരുന്നു ടീമില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.