ഇനി വിജയ പതാക പാറിക്കും
text_fieldsസ്ക്വാഷ് വേദിയിലെ ചില്ലുകൂട്ടില്‍ എന്നും വിജയനായകനാവുന്ന സൗരവ് ഘോഷാലിന് മധുരസ്മരണകളാണ് ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ഉദ്ഘാടനദിനം സമ്മാനിച്ചത്. ആതിഥേയരായ ഇന്ത്യന്‍ സംഘത്തെ നയിക്കാനും മാര്‍ച്ച്പാസ്റ്റില്‍ ദേശീയപതാകയേന്താനുമുള്ള സുവര്‍ണാവസരം. രാജ്യത്തിനായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ തനിക്ക് കിട്ടിയ വലിയൊരു ബഹുമതിയാണിതെന്ന് സൗരവ് പറയുന്നു. ‘വെള്ളിയാഴ്ച രാവിലെ സ്ക്വാഷ് ടീം അധികൃതരാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ഞാനാണെന്നറിയിച്ചത്. ശരിക്കും ത്രില്ലടിച്ചുപോയി. വലിയൊരു മേളയിലെ അതിലും വലിയ അംഗീകാരമാണിത്’ -ആര്‍.ജി ബറുവ സ്പോര്‍ട്സ് കോംപ്ളക്സിലെ സ്ക്വാഷ് കോര്‍ട്ടില്‍ പരിശീലനത്തിനത്തെിയ സൗരവ് പറഞ്ഞു.
സ്ക്വാഷ് താരം ഒരു അന്താരാഷ്ട്ര ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി പതാക വഹിക്കുന്നത് അപൂര്‍വമാണ്. സംഘാടകരും കായികമേധാവികളും സ്ക്വാഷിന് നല്‍കുന്ന പിന്തുണയില്‍ അതിയായ സന്തോഷമുണ്ട്. പതാകയേന്താന്‍ ഏല്‍പിച്ചതും അതിനാലാണ്. ജോഷ്ന ചിന്നപ്പയടക്കമുള്ള സഹതാരങ്ങള്‍ക്കും ആവേശമേകിയ സംഭവമായിരുന്നു ഇതെന്നും സൗരവ് പറയുന്നു.
കൊല്‍ക്കത്ത രാജ്യത്തിന് സമ്മാനിച്ച ഈ താരം ഗെയിംസിന്‍െറ രണ്ടാം ദിനത്തിലെ പോരാട്ടം വിജയമാക്കിയാണ് മടങ്ങിയത്. ഒന്നാം റൗണ്ടില്‍ എതിരാളിയില്ലാത്തതിനാല്‍ ‘ബൈ’ കിട്ടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ളാദേശിന്‍െറ മുഹമ്മദ് ഷുമോനെ തുരത്തി സെമിയിലുമത്തെി. ഇന്ന് സെമിഫൈനല്‍ അരങ്ങേറും. നാളെ ഫൈനലും. പാകിസ്താന്‍െറ ഫര്‍ഹാന്‍ തമാനടക്കമുള്ള ശക്തരായ എതിരാളികളാണ് മുന്നിലുള്ളതെങ്കിലും സൗരവിന് സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമല്ല.
ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹം. കഴിഞ്ഞ തവണത്തെക്കാള്‍ നേട്ടവുമായി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ കുതിക്കുമെന്നാണ് സൗരവിന്‍െറ അഭിപ്രായം. സാഫ് ഗെയിംസില്‍ രണ്ടാം തവണയാണ് ഈ താരം റാക്കറ്റേന്തുന്നത്. മുമ്പ് പാകിസ്താനില്‍ നടന്ന സാഫ് ഗെയിംസില്‍ വെങ്കല ജേതാവായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും നേടി. ലോക ജൂനിയര്‍ ഒന്നാം നമ്പറായിരുന്ന ഏക ഇന്ത്യക്കാരനായ സൗരവ് ബ്രിട്ടീഷ് ജൂനിയര്‍ ഓപണിലും ജേതാവായിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ച സൗരവ് ഇപ്പോള്‍ തമിഴ്നാട്ടുകാരനായി മാറി. വര്‍ഷങ്ങളായി ചെന്നൈ ഐ.സി.എല്‍ അക്കാദമിയില്‍ സൈറസ് പോഞ്ചയുടെ കീഴിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.