സാഫിൽ അത്ലറ്റിക്സിന് ഇന്ന് വെടിമുഴക്കം; ഇന്ദര്‍ജീത് സിങ് പിന്മാറി
text_fieldsഗുവാഹതി: പടനായകനില്ലാതെ ദക്ഷിണേഷ്യന്‍ ഗെയിംസിലെ അത്ലറ്റിക്സിന് ആതിഥേയര്‍ ചൊവ്വാഴ്ച അങ്കത്തിനിറങ്ങുന്നു. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ വൈകീട്ട് നാലിന് വനിതകളുടെ ലോങ് ജംപാണ് ആദ്യയിനം. ഏഷ്യന്‍ ജേതാവും പുരുഷ ടീം നായകനുമായ ഷോട്ട്പുട്ടര്‍ ഇന്ദര്‍ജീത് സിങ് അവസാന നിമിഷം പിന്മാറിയത് ഉറച്ച സ്വര്‍ണമാണ് നഷ്ടമാക്കിയത്. ന്യൂയോര്‍ക്കില്‍ പരിശീലിക്കുന്ന ഇന്ദര്‍ജീത് പുറംവേദന കാരണമാണ് ഗുവാഹതിയിലത്തൊതിരുന്നത്. ആദ്യദിനം പത്തിനങ്ങളിലാണ് മത്സരം. വേഗപ്പോരിന് വേദിയാകുന്ന നൂറുമീറ്ററില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ മത്സരമുണ്ട്. 5000, 800 മീറ്ററുകളിലും ഇരു വിഭാഗത്തിലും ഫൈനല്‍ നടക്കും. വനിതകളുടെ ഷോട്ട്പുട്ടിനും പുരുഷന്മാരുടെ ഹാമര്‍ത്രോ, ഹൈജംപ് ഫൈനലുകള്‍ക്കും 400 മീറ്റര്‍ ഹീറ്റ്സിനും ആദ്യദിനം മൈതാനം സാക്ഷ്യംവഹിക്കും.
വനിതകളുടെ ലോങ് ജംപില്‍ മലയാളി താരം മയൂഖ ജോണിയാണ് ഇന്ത്യന്‍ പ്രതീക്ഷ. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് മയൂഖയടക്കമുള്ള ജംപിങ് താരങ്ങള്‍ എത്തുന്നത്. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും മറ്റൊരു മന്‍പ്രീത് കൗറും ഇറങ്ങും. 800 മീറ്ററില്‍ എം. ഗോമതിയും സിപ്ര സര്‍ക്കാറും വനിതകളിലും അജയ് കുമാര്‍ സരോജും രാഹുലും പുരുഷന്മാരിലും ഫൈനലില്‍ ഓടും. പുരുഷന്മാരുടെ 5000 മീറ്ററില്‍ സുരേഷ് കുമാര്‍ പാട്ടീലും മാന്‍ സിങ്ങുമാണ് ഇന്ത്യയുടെ പോരാളികള്‍. വനിതകളില്‍ എല്‍. സൂര്യയും സ്വാതി ഘദാവെയും. നൂറു മീറ്ററില്‍ ഹീറ്റ്സിന് ശേഷമാണ് ഫൈനല്‍. പുരുഷന്മാരില്‍ ഗൗരവ് കുമാറും അക്ഷയ് ഖോട്ടും വനിതകളില്‍ ദ്യുതി ചന്ദും ശ്രാബനി നന്ദയുമാണ് ടീമിലുള്ളത്. പുരുഷ ഹൈജംപില്‍ തേജേശ്വര്‍ ശങ്കറും അജയ് കുമാറും മത്സരിക്കും.
ശ്രീലങ്കന്‍ താരങ്ങളാകും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുക. കഴിഞ്ഞ തവണ ധാക്കയില്‍ പത്ത് സ്വര്‍ണവും 11 വെള്ളിയും എട്ട് വെങ്കലവുമായിരുന്നു അത്ലറ്റിക്സില്‍ ഇന്ത്യയുടെ സമ്പാദ്യം. എം.എ. പ്രജുഷ, പി.യു. ചിത്ര, എസ്. സിനി, സിനി ജോസ്, കെ.വി. സജിത, കുഞ്ഞിമുഹമ്മദ്, ജിതിന്‍ പോള്‍, ടി. ഗോപി, രഞ്ജിത് മഹേശ്വരി തുടങ്ങിയ മലയാളി താരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.