സൈക്കിള്‍വേദിയിലെ മനുഷ്യച്ചങ്ങല
text_fieldsപുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളി പോലെയായിരുന്നു സോനാപൂരിനടുത്ത് ദേശീയപാത 37ലെ റോഡ്. പാതക്കിരുവശവും കാണികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വൃദ്ധരുമെല്ലാം രാവിലെ മുതല്‍ ആവേശമുയര്‍ത്താനത്തെി. ചിലര്‍ മരക്കൊമ്പുകളില്‍ സ്ഥാനം പിടിച്ചു.
റോഡരികിലേക്ക് വരാന്‍ മടിച്ച ചില സ്ത്രീകള്‍ അകലെ മതിലിന് മുകളില്‍നിന്ന് ടീമുകളില്‍ പ്രോത്സാഹനത്തിന്‍െറ കാറ്റുനിറച്ചു. ദക്ഷിണേഷ്യന്‍ ഗെയിംസിലെ അപൂര്‍വ കാഴ്ചകളാണ് ചൊവ്വാഴ്ച അവസാനിച്ച സൈക്ളിങ് വേദിയില്‍ നാലുദിവസമായി കണ്ടത്. അവസാനദിനം ജോലിക്കുപോകാതെ യുവാക്കളും സ്കൂള്‍ ‘കട്ട്’ ചെയ്ത് വിദ്യാര്‍ഥികളും 10 കി.മീറ്ററോളം മനുഷ്യച്ചങ്ങല തീര്‍ക്കുകയായിരുന്നു. ഒരു മാസത്തിലേറെയായി ഈ റോഡില്‍ പരിശീലിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് താരങ്ങളെയെല്ലാം പരിചിതവുമാണ്. ടിക്കറ്റെടുക്കാതെ കാണാന്‍ അനുവാദമുള്ള ഏക മത്സരമാണിത്.
ചൊവ്വാഴ്ച രാവിലെ വനിതകളുടെ 80 മീറ്റര്‍ മാസ് സൈക്ളിങ് മത്സരത്തിന് കൊടിയുയര്‍ന്നതു മുതല്‍ ഇന്ത്യയുടെ ആറ് താരങ്ങള്‍ക്കുവേണ്ടി കാണികള്‍ ആര്‍ത്തുവിളിച്ചു. ഓരോ ലാപ്പും കഴിയുമ്പോള്‍ ആവേശത്തിന്‍െറ ലാപ്പും കൂടി. തലശ്ശേരി സ്വദേശി രഞ്ജിത്തിന്‍െറ അനൗണ്‍സ്മെന്‍റും അവര്‍ക്ക് ഹരമായി. അന്തമാനിലെ ഉദ്യോഗസ്ഥനും സൈക്ളിങ് അസോസിയേഷന്‍ ഭാരവാഹിയുമാണ് രഞ്ജിത്. അവസാനം ഇന്ത്യന്‍ താരങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെിയതോടെ ‘ചക്ദേ ഇന്ത്യ’ വിളികള്‍ മുഴങ്ങി. സ്വര്‍ണം നേടിയ ബിദ്യാ ലക്ഷ്മിയെയും രണ്ടും മൂന്നും സ്ഥാനത്തത്തെിയ മലയാളി താരങ്ങളായ ലിഡിയ മോള്‍ സണ്ണിയെയും ശ്രുതിരാജിനെയും നാട്ടുകാര്‍ പൊതിഞ്ഞു. സൈനികരടക്കമുള്ളവര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് തൃപ്തരായി. ടി.വി ചാനലുകള്‍ക്ക് പ്രവേശമുള്ള ഏകവേദിയായ ഇവിടെ പ്രാദേശിക ചാനലുകള്‍ ഒ.ബി വാനുമായത്തെി ആഘോഷം കൊഴുപ്പിച്ചു.
ഉത്സവാന്തരീക്ഷമാണിവിടെയെന്ന് പുരുഷന്മാരുടെ മത്സരം ഫ്ളാഗ് ഓഫ് ചെയ്യാനത്തെിയ ദക്ഷിണേഷ്യന്‍ ഗെയിംസ് സി.ഇ.ഒ ഇഞ്ചട്ടി ശ്രീനിവാസ് പറഞ്ഞു. കാണികളുടെ പ്രോത്സാഹനം മതിപ്പേകുന്നതാണ്. സ്പോര്‍ട്സിന്‍െറ ശക്തിയില്‍ ജനങ്ങള്‍ ഒന്നാകുന്ന അവസ്ഥയാണിതെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടര്‍ ജനറല്‍ കൂടിയായ ഇഞ്ചട്ടി ശ്രീനിവാസ് അഭിപ്രായപ്പെടുന്നു. ഇതുപോലൊരു അന്തരീക്ഷം മുമ്പുണ്ടായത് അപൂര്‍വമാണെന്ന് സൈക്ളിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്ങും പറഞ്ഞു. സൈക്ളിങ് ഇനങ്ങള്‍ക്ക് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ എക്കാലത്തും ജനപ്രീതിയുണ്ടെന്നും വര്‍ഷങ്ങളായി ഈ രംഗത്തുള്ള അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.