ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്; ദീപശിഖാ പ്രയാണത്തിന് തുടക്കം
text_fieldsകോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സംസ്ഥാനം ആതിഥേയരാകുന്ന 61ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് വെള്ളിയാഴ്ച കൊടിയുയരും. മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന സ്കൂള്‍ മീറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ഡി.പി.ഐ എം.എസ്. ജയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന മേള വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച മത്സരാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടുചെന്ന് രജിസ്ട്രേഷന്‍ നടത്തും.
ബുധനാഴ്ച ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ അത് മുടങ്ങിയതിനാലാണ് നേരിട്ടുള്ള രജിസ്ട്രേഷന്‍. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍നിന്നുള്ള 1029 മത്സരാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ വ്യാഴാഴ്ച എത്തിച്ചേരും. കേരളത്തിന്‍െറ 106 അംഗ സംഘം നേരത്തേ എത്തി പരിശീലനം ആരംഭിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍നിന്നുള്ള 144 താരങ്ങള്‍ ചൊവ്വാഴ്ച എത്തിച്ചേര്‍ന്നു. പഞ്ചാബ് (137), ഗുജറാത്ത് ( 42), ഹരിയാന (141), മഹാരാഷ്ട്ര (157), രാജസ്ഥാന്‍ (72), ഡല്‍ഹി (63), തെലങ്കാന (141), ആന്ധ്രപ്രദേശ് (93), സി.ബി.എസ്.ഇ യൂനിറ്റില്‍നിന്നുള്ള 165, വിദ്യാഭാരതിയുടെ 18 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്ന ടീമുകള്‍. 2700 മത്സരാര്‍ഥികളും 500 ഒഫീഷ്യല്‍സും പങ്കെടുക്കുമെന്നാണ് കരുതുന്നത്. സിറ്റി, നടക്കാവ്, മെഡിക്കല്‍ കോളജ്, കുറ്റിക്കാട്ടൂര്‍, തൊണ്ടയാട് എന്നിവിടങ്ങളിലായി 26 കേന്ദ്രങ്ങളിലാണ് താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
താമസസ്ഥലത്തും ഗ്രൗണ്ടിലുമായി താരങ്ങള്‍ക്ക് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിന് പുറമെ ഉത്തരേന്ത്യക്കാര്‍ക്കായി പ്രത്യേക മെനുവും ഒരുക്കും. വ്യാഴാഴ്ച രാവിലെ 11ന് പാലുകാച്ചല്‍ ചടങ്ങോടെ പാചകപ്പുര പ്രവര്‍ത്തനനിരതമാകും.
മേളയുടെ പ്രചാരണാര്‍ഥം കോവൂരില്‍നിന്ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലേക്ക് വിളംബരയാത്ര നടത്തി. പി.ടി. ഉഷ പഠിച്ച തൃക്കോട്ടൂര്‍ യു.പി സ്കൂളില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊയിലാണ്ടിയിലും മൂന്നിന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും റാലിക്ക് സ്വീകരണം നല്‍കും.
വൈകീട്ട് അഞ്ചിന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.