റിയോയിലേക്ക് റിലേ
text_fieldsബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍നിന്ന് ആദ്യ ദിനം റിലേയുമായി ഇന്ത്യന്‍ ടീം റിയോയിലേക്ക് ബാറ്റണേന്തി. ഞായറാഴ്ച രാവിലെ മുതല്‍ ഇരുള്‍മൂടിയ ബംഗളൂരു മെട്രോ നഗരത്തിലെ കാലാവസ്ഥ തന്നെയായിരുന്നു ഉച്ചക്കുശേഷം മൂന്നാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ നടക്കുന്ന ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ട്രാക്കുകള്‍ക്കും. വൈകുന്നേരം വരെ അകലെയായിരുന്ന ഒളിമ്പിക്സ് യോഗ്യത ‘വരള്‍ച്ച’ ഇന്ത്യന്‍ പുരുഷ-വനിതാ റിലേ ടീമുകള്‍ അവസാന നിമിഷം തിരുത്തിയെഴുതി. സീസണിലെ മികച്ച സമയങ്ങളിലൊന്ന് കുറിച്ച് 4x400 മീറ്റര്‍ റിലേയില്‍ 13ാം സ്ഥാനത്തോടെ ഇന്ത്യന്‍ പുരുഷ ‘എ’ ടീമും മികച്ച സമയത്തോടെ 12ാം സ്ഥാനവുമായി ഇന്ത്യന്‍ വനിതാ ‘എ’ ടീമും റിയോ ഒളിമ്പിക്സില്‍ മാറക്കാന സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങും.
സീസണിലെ മികച്ച സമയങ്ങളിലൊന്നായ 3:00.91 സെക്കന്‍ഡ് സമയവുമായി പുതിയ ദേശീയ റെക്കോഡോടെയാണ് മലയാളികളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് എന്നിവരും ആരോക്യ രാജീവ്, എ. ധരുണ്‍ എന്നിവരും ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 13ാം സ്ഥാനവുമായി ഒളിമ്പിക്സ് യോഗ്യത നേടിയത്. 19ാം സ്ഥാനത്തുനിന്ന് അപ്രതീക്ഷിത മുന്നേറ്റവുമായി 13ാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് പുരുഷ റിലേ ടീം മൂന്നാമത് ഗ്രാന്‍ഡ്പ്രീയിലെ താരങ്ങളായത്. നേരത്തേ ആദ്യ 16നുള്ളില്‍ 14ാം സ്ഥാനത്തായിരുന്ന നിര്‍മല, ടിന്‍റു ലൂക്ക, അനില്‍ഡ തോമസ്, എം.ആര്‍. പൂവമ്മ എന്നിവരുള്‍പ്പെട്ട 4x400 റിലേ ഇന്ത്യന്‍ വനിതാ ടീം 3:27.88 സെക്കന്‍ഡ് സമയവുമായി 12ാം സ്ഥാനത്തേക്കുയര്‍ന്നാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. വനിതാ വിഭാഗം ലോങ് ജംപില്‍ 6.57 മീറ്ററിന്‍െറ കരിയറിലെ മികച്ച ചാട്ടവുമായി റെയില്‍വേയുടെ മലയാളി താരം വി. നീന സ്വര്‍ണമണിഞ്ഞെങ്കിലും 6.70 മീറ്ററിന്‍െറ ഒളിമ്പിക്സ് കടമ്പ മറികടക്കാനായില്ല.
നീനയുടെ ഒളിമ്പിക്സ് സാധ്യത നിലനിര്‍ത്തുന്നതിന് തിങ്കളാഴ്ച നടക്കുന്ന നാലാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ വനിതാ വിഭാഗം ലോങ്ജംപ് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്‍െറ എം.എ. പ്രജുഷക്ക് 6.04 മീറ്ററേ ചാടാനായുള്ളൂ. മലയാളി താരം മെര്‍ലിന്‍ ജോസഫ്, എച്ച്.എം. ജ്യോതി, ശ്രാബണി നന്ദ, ദ്യുതി ചന്ദ് എന്നിവരുള്‍പ്പെട്ട വനിതാ വിഭാഗം 4x100 മീറ്റര്‍ റിലേ ടീമും 44.34 സെക്കന്‍ഡ് സമയത്തോടെ ഒന്നാമതായി ഫിനിഷ് ചെയ്തു. തിങ്കളാഴ്ചത്തെ നാലാമത് ഗ്രാന്‍ഡ്പ്രീയില്‍ മികച്ച സമയം കുറിച്ച് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് 4x100 മീറ്റര്‍ വനിതാ റിലേ ടീമും. പുരുഷ വിഭാഗം 5000 മീറ്ററില്‍ വയനാട്ടുകാരന്‍ ടി. ഗോപി മത്സരിച്ചിരുന്നെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. നേരത്തേ മാരത്തണില്‍ ഗോപി ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു.
ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് ഒളിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള അവസാന അവസരമായ മൂന്നാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തുടങ്ങിയത്. പുരുഷ വിഭാഗത്തില്‍ ജാവലിന്‍ ത്രോ, 100 മീറ്റര്‍ ഓട്ടം, ലോങ്ജംപ്, 5000 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് എന്നിവയില്‍ ആര്‍ക്കും യോഗ്യത നേടാനായില്ല. വനിതാ വിഭാഗത്തില്‍ ഷോട്ട്പുട്ട്, 5000 മീറ്റര്‍ ഓട്ടം, ലോങ്ജംപ്, ട്രിപ്ള്‍ ജംപ് എന്നിവയിലും ആരും യോഗ്യത നേടിയില്ല. ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ നേരത്തേ മധ്യപ്രദേശിന്‍െറ അങ്കിത് ശര്‍മ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. മലയാളികളായ അനീസ്, എസ്.ഇ. ഷംസീര്‍ എന്നിവര്‍ ഞായറാഴ്ച ലോങ്ജംപില്‍ മത്സരിച്ചെങ്കിലും യോഗ്യത നേടാനായില്ല.
തിങ്കളാഴ്ച നാലാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ ഓട്ടം, ട്രിപ്ള്‍ ജംപ്, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ്, 200 മീറ്റര്‍ ഓട്ടം, ഡിസ്കസ് ത്രോ, 4x400 മീറ്റര്‍ റിലേ, 800 മീറ്റര്‍ ഓട്ടം എന്നിവയും വനിതാ വിഭാഗത്തില്‍ ലോങ്ജംപ്, ജാവലിന്‍ ത്രോ, 400 മീറ്റര്‍ ഓട്ടം, ഹൈജംപ്, 200 മീറ്റര്‍ ഓട്ടം, 4x100 മീറ്റര്‍ റിലേ, 4x400 മീറ്റര്‍ റിലേ എന്നിവയും നടക്കും. നാലാമത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ അവസാനിക്കുന്നതോടെ ഒളിമ്പിക്സിന് പോകുന്ന ഇന്ത്യന്‍ അത്്ലറ്റിക്സ് ടീമിന്‍െറ പൂര്‍ണ ചിത്രമാകും. യോഗ്യത നേടാനുള്ള അവസാന ദിനം ഇന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.