മാറ്റ് കുറഞ്ഞ റിയോ
text_fieldsലണ്ടന്‍: അമേരിക്കയും സോവിയറ്റ് യൂനിയനും രണ്ടു ചേരിയിലായ ശീതയുദ്ധ കാലത്തായിരുന്നു ഒളിമ്പിക്സ് മത്സരക്കളത്തില്‍ സമാന സാഹചര്യമുണ്ടായത്. 1980 മോസ്കോ ഒളിമ്പിക്സ് അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ബഹിഷ്കരിച്ചതായിരുന്നു ആദ്യ സംഭവം. 60 രാഷ്ട്രങ്ങള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു വിട്ടുനിന്നു. പക്ഷേ, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അത്ലറ്റുകള്‍ അന്ന് ഒളിമ്പിക്സ് പതാകക്കു കീഴില്‍ മത്സരിച്ചിരുന്നു.
1984ല്‍ അമേരിക്കന്‍ നഗരമായ ലോസ്ആഞ്ജലസ് വേദിയായപ്പോള്‍ സോവിയറ്റ് യൂനിയന്‍െറ നേതൃത്വത്തില്‍ തിരിച്ചടിച്ചു. 14 രാജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു അന്ന് റഷ്യന്‍ സഖ്യം ഒളിമ്പിക്സ് ബഹിഷ്കരിച്ചത്. രാഷ്ട്രീയമായിരുന്നു അന്നത്തെ ബഹിഷ്കരണത്തിനും ഒളിമ്പിക്സിന്‍െറ മാറ്റുകുറയാനും കാരണമായത്. എന്നാല്‍, റഷ്യയില്ലാതെ റിയോ ഒളിമ്പിക്സ് ഉണരുമ്പോള്‍ ഉത്തേജകമാണ് വില്ലന്‍. 31ാമത് ഒളിമ്പിക്സില്‍നിന്നും റഷ്യ ഏറക്കുറെ പുറത്തായിക്കഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന കണ്ടത്തെലുകളുമായി ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ട്, ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍െറ വിലക്ക്, ഫെഡറേഷന്‍ നടപടി ചോദ്യം ചെയ്ത് സ്പോര്‍ട്സ് ആര്‍ബിട്രേഷനില്‍ നല്‍കിയ അപ്പീല്‍ തള്ളി. ഇനി, റഷ്യക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണോയെന്നതില്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനം മാത്രമേ പുറത്തുവരാനുള്ളൂ. റഷ്യന്‍ പതാക റിയോയില്‍ അണിനിരക്കില്ളെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി അവരുടെ അത്ലറ്റുകള്‍ ഒളിമ്പിക് പതാകക്കുകീഴില്‍ മാറ്റുരക്കാനുള്ള സാധ്യതയാണ് തേടുന്നത്. നിലവില്‍ രണ്ടു റഷ്യന്‍ താരങ്ങളുടെ സാന്നിധ്യമേ റിയോയില്‍ ഉറപ്പായിട്ടുള്ളൂ.
വിദേശത്ത് പരിശീലിക്കുന്ന ലോങ്ജംപ് താരം ദര്യ ക്ളിഷിനയും ഉത്തേജക വിവാദത്തില്‍ ‘വിസില്‍ ബ്ളോവര്‍’ ആയി 800 മീറ്റര്‍ താരം യൂലിയ സ്റ്റെഫനോവയും. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലുകളാണ് റഷ്യ ട്രാക്കിലും ഫീല്‍ഡിലും നേടിയത്. ആകെ 22 സ്വര്‍ണവുമായി 79 മെഡലും നാലാം സ്ഥാനവും. 2004, 2008 ഒളിമ്പിക്സില്‍ മൂന്നാമതും 1996, 2000 ഒളിമ്പിക്സില്‍ രണ്ടാം സ്ഥാനവുമായിരുന്നു. ഇക്കുറി റിയോയിലേക്ക് മെഡലുറപ്പിച്ചിറങ്ങിയ ഒരുപിടി താരങ്ങളുടെ സ്വപ്നംകൂടിയാണ് തകര്‍ക്കപ്പെട്ടത്.
പുരുഷ ഹൈജംപ്: നിലവിലെ ഹൈജംപ് ചാമ്പ്യനായ ഇവാന്‍ ഉഖോവിന്‍െറ അസാന്നിധ്യം, ഖത്തറിന്‍െറ മുതാസ് ബര്‍ഷിമിന് ആശ്വാസമാവും. സീസണില്‍ 2.41 മീ. ചാടിയാണ് മുതാസ് വരുന്നത്. 2.38 മീ. ചാടി 2015ല്‍ രണ്ടാം റാങ്കിലുള്ള ചൈനയുടെ ഴാങ് ഗുവെക്കും ആശ്വാസം.
വനിതാ ഹൈജംപ്: അന്ന ചിചെറോവ, മരിയ കുചിന എന്നിവരുടെ അസാന്നിധ്യം അമേരിക്കയുടെ ചൗന്‍െറലോവ്, ക്രൊയേഷ്യയുടെ ബ്ളാങ്ക വ്ളാസിച് എന്നിവര്‍ക്ക് പോരാട്ടം എളുപ്പമാക്കും. സ്പെയിനിന്‍െറ റൂത് ബീറ്റ, ജര്‍മനിയുടെ മരീ ലോറന്‍സ് എന്നിവരാണ് രംഗത്തുള്ള രണ്ടു പേര്‍.
നടത്തം: നടത്തക്കാരില്‍ എന്നും റഷ്യക്കാണ് മേധാവിത്വം. ചൈനയും ഇറ്റലിയും പൊന്ന് പ്രതീക്ഷിക്കുന്ന ഇനങ്ങളില്‍ റഷ്യയുടെ അസാന്നിധ്യം നേട്ടമാവുന്നതും എതിരാളികള്‍ക്ക്. 20 കി.മീ. നടത്തത്തില്‍ ജപ്പാന്‍െറ എകി തകഹാഷിയും ചൈനയുടെ വാങ് ഷെവനും എളുപ്പമാവും. 50 കി.മീറ്ററില്‍ ആസ്ട്രേലിയയുടെ ജാര്‍ഡ് ടാലെറ്റ്, ഫ്രാന്‍സിന്‍െറ യൊഹാന്‍ ഡിനിസ്, സ്ലോവാക്യയുടെ മാറ്റെ ടോത് എന്നിവരാവും റഷ്യയുടെ അസാന്നിധ്യത്തിലെ പ്രധാനികള്‍.
പുരുഷ 110 മീ. ഹര്‍ഡ്ല്‍സ്: റഷ്യന്‍ ലോകചാമ്പ്യന്‍ സെര്‍ജി ഷുബെന്‍കോവില്ലത്ത പോരാട്ടത്തില്‍ സ്പെയിനിന്‍െറ ഒര്‍ലാന്‍ഡോ ഒര്‍ടെഗ്, ജമൈക്കയുടെ ഒമര്‍ മക്ലോഡ്, അമേരിക്കയുടെ ഡെവോണ്‍ അല്ളെന്‍ എന്നിവരാണ് പ്രധാനികള്‍.
വനിതാ പോള്‍വാള്‍ട്ട്: ഇസിന്‍ ബയേവ പുറത്തായതോടെ അമേരിക്കന്‍ പോരാട്ടമായി. ജെന്‍ സുര്‍, സാന്‍ഡ്ല്‍ മോറിസ് എന്നിവരാണ് അമേരിക്കക്കായി ഇറങ്ങുന്നത്. അഞ്ചു മീറ്റര്‍ ചാടിയ സുറാണ് സീസണിലെ ലീഡര്‍.
റിയോയുടെ നഷ്ടങ്ങള്‍
യെലേന ഇസിയന്‍ബയേവ: പോള്‍വാള്‍ട്ടിലെ ലേഡി ബുബ്ക. 34കാരിയായ റഷ്യന്‍ സുന്ദരി കരിയറിലെ മൂന്നാം ഒളിമ്പിക്സ് സ്വര്‍ണമണിഞ്ഞ് പോള്‍വാള്‍ട്ടിനോട് വിടപറയാനുള്ള ഒരുക്കത്തിലായിരുന്നു. 2004, 2008 ഒളിമ്പിക്സില്‍ സ്വര്‍ണം. 2012ല്‍ വെങ്കലം. മൂന്നുതവണ ലോകചാമ്പ്യന്‍, നാലുതവണ ലോക ഇന്‍ഡോര്‍ കിരീടം. ‘അത്ലറ്റിക്സിന്‍െറ ശവമടക്ക് പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം നന്ദി’ എന്നായിരുന്നു സ്പോര്‍ട്സ് കോടതിയുടെ വിധിക്കുപിന്നാലെ ഇസിയന്‍ബയേവയുടെ പ്രതികരണം.
മരിയ കുചിന: 2015 ലോക ചാമ്പ്യന്‍ഷിപ്പിലെ ഹൈജംപ് സ്വര്‍ണമെഡലിന് ഉടമ. 2014 ലോക ഇന്‍ഡോറില്‍ സ്വര്‍ണവും 2014 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ 23കാരി റിയോയില്‍ റഷ്യയുടെ ഉറച്ച മെഡലായിരുന്നു.
സെര്‍ജി ഷുബെന്‍കോവ്: ‘എന്‍െറ കരിയര്‍ തകര്‍ന്നടിയുന്നതിനെ കുറിച്ചൊന്നും ആരും ആലോചിച്ചില്ല. മരുന്നടിച്ചവര്‍ക്കുവേണ്ടി ഞാന്‍ എന്തിന് ബലിയാടാവണം. സംശുദ്ധ കരിയര്‍ സൂക്ഷിച്ച ഞാനും ശിക്ഷിക്കപ്പെടുന്നു’ -110 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ ലോക ചാമ്പ്യനായ 25കാരന്‍െറ കണ്ണീരിനുമുന്നില്‍ കായികലോകത്തിന് മറുപടിയില്ല. രണ്ടുതവണ യൂറോപ്യന്‍ ചാമ്പ്യന്‍, ബെയ്ജിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, കരിയറിലെ ഏറ്റവും ഫോമിലിരിക്കെ എത്തിയ ഒളിമ്പിക്സാണ് നഷ്ടമാവുന്നത്.
ഇവാന്‍ ഉഖോവ്: 2012 ലണ്ടന്‍ ഒളിമ്പിക്സിലെ ഹൈജംപ് സ്വര്‍ണത്തിനുടമയാണ് 30കാരന്‍. 2.38 മീ. ചാടിയ ഉഖോവിന്‍െറ പ്രകടനം ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തേതായിരുന്നു. 2010 ഇന്‍ഡോര്‍ ലോക ചാമ്പ്യനും ഇരട്ട യൂറോ ചാമ്പ്യനുമായ ഇദ്ദേഹം റിയോയിലത്തെുമ്പോള്‍ എതിരാളികളില്ലായിരുന്നു.
ഡാനില്‍ ലിസെങ്കോ: 19ാം വയസ്സില്‍ റിയോയിലെ അദ്ഭുതബാലനാവാനുള്ള ഒരുക്കത്തിലായിരുന്നു ലിസെങ്കോ. ഹൈജംപില്‍ നാട്ടുകാരന്‍ തന്നെയാണ് എതിരാളിയെങ്കിലും മികച്ച ഉയരമായ 2.24 ചാടി വരുന്ന ലിസെങ്കോക്ക് നഷ്ടപ്പെടുന്നത് സുവര്‍ണാവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.