അനുവിനെ ഒഴിവാക്കിയത് അനീതി –ഹൈകോടതി
text_fieldsപാലക്കാട്: റിയോ ഒളിമ്പിക്സിനുള്ള റിലേ ടീമില്‍ അനു രാഘവനെ ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് ഹൈകോടതി. അനുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ടീമില്‍ ഇനി മാറ്റം വരുത്താനാവില്ളെന്നും ഇതിനുള്ള സമയപരിധി അവസാനിച്ചതായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ വിശദമായ സത്യവാങ്മൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി.
4X400 മീറ്റര്‍ റിലേ ടീമിനുള്ള പത്തംഗ സാധ്യത പട്ടികയില്‍ ആലത്തൂര്‍ തൃപ്പാളൂര്‍ സ്വദേശിനിയായ അനു രാഘവന്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഐ.ഒ.എ പുറത്തിറക്കിയ അന്തിമ പട്ടികയില്‍ അനു തഴയപ്പെട്ടു. സമയത്തില്‍ അനുവിന്‍െറ പിന്നിലുള്ള കര്‍ണാടകയില്‍നിന്നുള്ള അശ്വനി അകുഞ്ചിയെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ഒളിമ്പിക് റിലേ ടീമിന്‍െറ യുക്രൈന്‍ പരിശീലകന്‍ യൂറി ഒഗോര്‍ദ്നിക്കിന്‍െറ നിര്‍ദേശപ്രകാരമാണ് തന്നെ ഒഴിവാക്കി, അശ്വനിയെ ഉള്‍പ്പെടുത്തിയതെന്നാണ് അനുവിന്‍െറ പരാതി. അനുവിന്‍െറ ട്രാക് റെക്കോഡുകള്‍ വിശദമായി പരിശോധിച്ചാണ് ഹൈകോടതി അനുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്.
എനിക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ല –അനു
ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിയിലായ നര്‍സിങ്ങിനു വേണ്ടി ഗുസ്തി ഫെഡറേഷനും സര്‍ക്കാറും ഒന്നാകെ രംഗത്തുവന്നപ്പോള്‍ കോടതി പോലും ഉത്തരവിട്ടിട്ടും തനിക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ളെന്ന് ഒളിമ്പിക്സ് റിലേ ടീമില്‍നിന്ന് തഴയപ്പെട്ട അനു രാഘവന്‍. ‘ട്രാക് റെക്കോഡും സമീപകാലത്തെ പ്രകടനവുമെല്ലാം അനുകൂലമായിരുന്നു. പിന്നിലുള്ള താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ മലയാളികളുണ്ടായിട്ടും എനിക്കായി സംസാരിക്കാന്‍ ആരുമുണ്ടായില്ല. നേരത്തെ തന്നെ റിലേ ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. പക്ഷേ, അന്തിമ പട്ടിക പുറത്തുവിടാന്‍ മനപ്പൂര്‍വം താമസിപ്പിച്ചത് അവരുടെ ഇഷ്ടക്കാര്‍ക്ക് ഇടം നല്‍കാനാണ്. എന്‍െറ ഒളിമ്പിക്സ് അവസരം നഷ്ടപ്പെടുത്തിയതിന് ഒരു നഷ്ടപരിഹാരവും മതിയാവില്ല. നിയമ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും’ -അനു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.