ബോള്‍ട്ടിന്‍െറ അതിമാനുഷ വേഗത്തെ ഗാറ്റ്ലിന്‍ തിരുത്തിയെഴുതി- വിഡിയോ
text_fieldsടോക്യോ: ഉസൈന്‍ ബോള്‍ട്ടിന്‍െറ അതിമാനുഷ വേഗത്തെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ തിരുത്തിയെഴുതി. 2009 ബര്‍ലിന്‍ ലോകചാമ്പ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ ബോള്‍ട്ട് കുറിച്ച 9.58 സെ. എന്ന സമയത്തെ 9.45 സെക്കന്‍ഡായി അമേരിക്കന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ തിരുത്തിയെഴുതിയെങ്കിലും റെക്കോഡ് ബുക്കില്‍ ഇടമില്ല. ജാപ്പനീസ് ടി.വിയുടെ റിയാലിറ്റി ഷോയിലായിരുന്നു ഗാറ്റ്ലിന്‍െറ ‘ബോള്‍ട്ട് അട്ടിമറി’. ഗാറ്റ്ലിന്‍ മാത്രം മത്സരിച്ച ട്രാക്കില്‍ സജ്ജീകരിച്ച അഞ്ച് കൂറ്റന്‍ ഇലക്ട്രോണിക് ഫാനുകളുടെ സഹായത്തോടെയായിരുന്നു ഗാറ്റ്ലിന്‍െറ കുതിപ്പ്. സ്റ്റാര്‍ട്ടിങ് ബ്ളോക് മുതല്‍ ഫിനിഷിങ് ലൈന്‍ വരെ 20 മൈല്‍ വേഗത്തില്‍ കൃത്രിമമായി വീശിയടിപ്പിച്ച കാറ്റിനൊപ്പം ഗാറ്റ്ലിനും ഓടിയപ്പോഴാണ് സമയസൂചിക ബോള്‍ട്ടിനെ തകര്‍ത്തത്. സാധാരണ മത്സരങ്ങളില്‍ അനുവദിക്കുന്നതിനെക്കാള്‍ നാലു മടങ്ങായിരുന്നു കാറ്റിന്‍െറ ആനുകൂല്യം. 25,000 ഡോളര്‍ പ്രതിഫലത്തിനായിരുന്നു ടി.വി ഷോയില്‍ ഗാറ്റ്ലിന്‍െറ പ്രകടനം. 2004 ആതന്‍സ് ഒളിമ്പിക്സ് 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ ഗാറ്റ്ലിന്‍, ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ മൂന്നാമതായിരുന്നു. കഴിഞ്ഞ വര്‍ഷം ദോഹയില്‍ കുറിച്ച 9.74 സെ. ആണ് ഏറ്റവും മികച്ച സമയം. 2001ല്‍ ഉത്തേജക പരിശോധനയില്‍ കുരുങ്ങിയ ഗാറ്റ്ലിന്‍ ഒരു വര്‍ഷം വിലക്കും നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.