ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് അരങ്ങുണര്‍ന്നു, മത്സരങ്ങള്‍ ഇന്നു മുതല്‍
text_fieldsഒറിയയുടെ താളമേളവും ബോളിവുഡ് ഗാനങ്ങളുടെ മാസ്മരികതയും ഒത്തുചേർന്ന സന്ധ്യയിൽ 22ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അരങ്ങൊരുങ്ങി. പതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായക് ചാമ്പ്യൻഷിപ് ഉദ്ഘാടനം നിർവഹിച്ചു.
അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ തലവനും വിഖ്യാത ബ്രിട്ടീഷ് അത്ലറ്റുമായ സെബാസ്റ്റ്യൻ കോ, ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ദഹലാൻ ജുമാൻ അൽഹമദ്, മലയാളി ഒളിമ്പ്യന്മാരായ പി.ടി. ഉഷ, എം.ഡി. വത്സമ്മ, ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ് തുടങ്ങിയവരും ഉദ്ഘാടനവേദിയെ ധന്യമാക്കി. ഇനി നാലുനാൾ ഏഷ്യൻ ഭൂഖണ്ഡത്തിലെ മുൻനിര അത്ലറ്റുകൾ കലിംഗ സ്റ്റേഡിയത്തിൽ തീപാറിക്കും. കൃത്യം ആറു മണിക്ക് തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ കലിംഗ സ്റ്റേഡിയത്തിലേക്ക് ആദ്യം കടന്നെത്തിയത് ഭാഗ്യചിഹ്നമായ ‘ഒലി’യായിരുന്നു. മാർച്ച്പാസ്റ്റിൽ അക്ഷരമാലക്രമത്തിൽ അഫ്ഗാനിസ്താൻ മുന്നിൽ നടന്നു. യുദ്ധമുഖത്തുനിന്ന് കലിംഗയിൽ പോരിനെത്തിയ സിറിയയുടെ ഏകാംഗത്തെ കാണികൾ നിറകൈയടിയോടെ സ്വീകരിച്ചു. കായികലോകത്തിന് ഒരേ മനസ്സാണെന്ന് തെളിയിച്ച് എട്ടംഗ പാകിസ്താൻ ടീമിനും കാണികൾ ഹൃദയംഗമമായ സ്വീകരണമരുളി. ഒടുവിൽ ആതിഥേയരായ ഇന്ത്യയും മാർച്ച് പാസ്റ്റിനെത്തി.
ടിൻറു ലൂക്കയാണ് ത്രിവർണ പതാകയേന്തിയത്. ഒഡിഷയുടെ ചരിത്രയാത്ര വിളംബരംചെയ്ത നൃത്തനൃത്യങ്ങൾ പിന്നീട് അരങ്ങുവാണു. പ്രശസ്ത ഒഡീസി നർത്തകി അരുണ മൊഹന്തിയാണ് നൃത്താവിഷ്കാരത്തിന് നേതൃത്വമേകിയത്. അശോക ചക്രവർത്തിയുടെ ജീവിതകഥയും ആവിഷ്കരിക്കപ്പെട്ടു. 400ഓളം നർത്തകരാണ് വേദിയിലെത്തിയത്. ലേസർ ഷോയുടെ അകമ്പടി സംഗീതസന്ധ്യയെ കണ്ണഞ്ചിപ്പിച്ചു. ഒറിയൻ സംഗീതവും ബ്രത്ത് ലസ് ഗാനവുമായി ശങ്കർ മഹാദേവൻ ഉദ്ഘാടനവേദിയെ ആവേശംകൊള്ളിച്ചതോടെ ചടങ്ങിന് പരിസമാപ്തിയായി. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ 300 വിദ്യാര്‍ഥികളടക്കം 800 പേര് ശങ്കര്‍ മഹാദേവെൻറ മഹാസംഗീതത്തിന് അകമ്പടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.