അപ്രതീക്ഷിതം വിനി, പരിക്കിനെ തോൽപിച്ച് അമൽ
text_fieldsതേഞ്ഞിപ്പലം: കോഴിക്കോടിെൻറ ദേശീയ താരം ലിസ്ബത്ത് കരോലിൻ ജോസഫ്, തലശ്ശേരി സായിയിലെ അഷ്ന ഷാജി തുടങ്ങിയ പ്രധാന താരങ്ങൾ മത്സരിക്കുന്ന സീനിയർ വിഭാഗം പെൺകുട്ടികളുടെ ലോങ്ജംപിൽ ഇതുവരെ പറഞ്ഞുകേൾക്കാത്ത പേരായിരുന്നു പി.വി. വിനി. നേരത്തെ സബ്ജൂനിയർ വിഭാഗം 100, 200, ട്രിപ്ൾ ജംപ്, സ്പ്രിൻറ് റിലേ എന്നിവയിൽ സ്വർണം നേടിയിട്ടുണ്ടെങ്കിലും ലോങ്ജംപിൽ പരീക്ഷിച്ചിരുന്നില്ല. സംസ്ഥാന മീറ്റിൽ ഇക്കുറി ആദ്യമായാണ് ലോങ്ജംപിൽ ഇറങ്ങുന്നത്.
ഇതുവരെ പറഞ്ഞുകേൾക്കാത്ത പേരായതിനാൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പിറ്റിൽ കഥമാറി. തെൻറ അവസാന മീറ്റിൽ ഉയരക്കുറവിനെ മറികടക്കുന്ന പ്രകടനത്തോടെ ലിസ്ബത്തിനെ പിന്തള്ളി വിനി സ്വർണമണിഞ്ഞു. 5.69 മീറ്റർ ദൂരം താണ്ടിയാണ് വിനി സ്വർണത്തിലേക്ക് കുതിച്ചത്. പാലക്കാട് മുണ്ടൂർ എച്ച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വിനി. മുണ്ടൂർ സ്വദേശികളായ പാലക്കൽ പറമ്പ് വാസു–ശാന്ത ദമ്പതികളുടെ മകളാണ്. സിജിനാണ് പരിശീലകൻ. 5.58 മീറ്റർ ചാടിയ അഷ്നക്കാണ് വെള്ളി. മലപ്പുറം പരിയാപുരം സെൻറ് മേരി എച്ച്.എസ്.എസിലെ ദിഫ്ന ജോസിനാണ് വെങ്കലം (5.53). 5.50 മീറ്റർ ചാടിയ ലിസ്ബത്ത് അഞ്ചാമതായാണ് അവസാനിപ്പിച്ചത്.
തോളെല്ലിന് പരിക്കേറ്റ പറളി എച്ച്.എസ്.എസിെൻറ ടി.പി. അമലിന് അഞ്ചാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്. സ്കൂൾ കായികമേളകൾ മനസ്സിൽ ഹരം തീർത്തപ്പോൾ അമലിന് ഡോക്ടറുടെ നിർദേശം അവഗണിക്കേണ്ടിവന്നു. പരിക്കുമായി സബ്ജില്ല, ജില്ല കായിക മേളകളിൽ വിജയക്കൊടി പാറിച്ച അമൽ, സീനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ സ്വർണവുമായി മടങ്ങി. 7.14 മീറ്റർ ദൂരമാണ് അമൽ ചാടിയത്. എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ് വിദ്യാർഥി ടി.വി. അഖിൽ (7.02), എറണാകുളം ഒച്ചാന്തുരുത്ത് സാന്താക്രൂസ് സ്കൂളിലെ സൽവിൻ സാജു (6.97) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.