ജേതാക്കൾക്ക് ആദരം
text_fieldsതിരുവനന്തപുരം: അന്തർദേശിയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന കായികതാരങ്ങൾക്കുള്ള അവാർഡ് തുക കലാനുസൃതമായി വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി കായികമന്ത്രി എ.സി. മൊയ്തീൻ. 22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ കായിക സംസ്കാരം വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് വിപരീതമായി ഒരുസംഘം പ്രവർത്തിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഒരുവർഷം 50 കായികതാരങ്ങൾക്കെങ്കിലും ഗവ. സർവിസിൽ ജോലിനൽകണമെന്നാണ് സർക്കാർ നയം. 2010 മുതൽ 2014 വരെയുള്ള 249 അപേക്ഷ കെട്ടിക്കിടക്കുകയാണ്. ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.യു. ചിത്ര, വൈ. മുഹമ്മദ് അനസ്, കുഞ്ഞ്മുഹമ്മദ്, ജിസ്ന മാത്യു, സച്ചിന് റോബി, എം.പി. ജാബിർ, ടി. ഗോപി, ആർ. അനു, വി. നീന, നയന ജയിംസ്, എൻ.വി. ഷീന, മെര്ലിന് കെ.ജോസഫ്, കെ.ടി. ഇര്ഫാൻ, ജിന്സണ് ജോണ്സണ് തുടങ്ങിയ കായികതാരങ്ങള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വ്യക്തിഗതയിനത്തിൽ സ്വർണമെഡൽ നേടിയ കായികതാരങ്ങൾക്ക് 10 ലക്ഷവും ടീമിനത്തിൽ സ്വർണമെഡൽ നേടിയ കായികതാരങ്ങൾക്ക് അഞ്ചുലക്ഷവും വെള്ളി നേടിയവർക്ക് ഏഴ്, 3.5 ലക്ഷവും, വെങ്കലമെഡൽ നേടിയവർക്ക് അഞ്ച്, 2.5 ലക്ഷം അനുപാതത്തിലാണ് സർക്കാർ നൽകിയത്. പി.യു. ചിത്രക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പും കായിക മന്ത്രി ചടങ്ങിൽ കൈമാറി. പ്രതിമാസം 25,000 രൂപയും വർഷംതോറും സ്പോർട്സ് കിറ്റും അടങ്ങുന്നതാണ് സ്കോളർഷിപ്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുൽകലാം സ്കോളര്‍ഷിപ് എട്ട് കായികതാരങ്ങൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കായിക- യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് എന്നിവർ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന് കുമാര്‍ സ്വാഗതവും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ഡി. മോഹനന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.