മുഹമ്മദ് അനസിനും പി.യു. ചിത്രക്കും സ്വർണം
text_fieldsമഴയില്‍ നനഞ്ഞു കുതിര്‍ന്ന കലിംഗ സ്റ്റേഡിയത്തിലെ ട്രാക്കില്‍ ആവേശച്ചൂട് പകര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ സ്വര്ണപ്പെയ്ത്ത്. 1500, 400 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണം നേടിയാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ രണ്ടാം ദിനം ആതിഥേയര്‍ അവിസ്മരണീയമാക്കിയത്. 1500 മീറ്ററില്‍ പുരുഷന്മാരില് അജയ് കുമാര്‍ സരോജും വനിതകളില്‍ മലയാളി താരം പി.യു. ചിത്രയും മഞ്ഞപ്പതക്കമണിഞ്ഞു. പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ നിര്‍മല ഷിയറോണും ഒന്നാം സ്ഥാനക്കാരായി. പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവ് വെള്ളിയും വനിതകളില്‍ ജിസ്ന മാത്യു വെങ്കലവും നേടി. ഷോട്പുട്ടില്‍ ഓംപ്രകാശിന് വെള്ളിയുണ്ട്. രണ്ടാം ദിനം നാല് സ്വര്‍ണവും രണ്ട്് വെള്ളിയും ഇന്ത്യക്ക് സ്വന്തമായി. ഇതോടെ ആകെ സ്വര്‍ണനേട്ടം ആറായി.
പുരുഷന്മാരുടെ ട്രിപ്ള്ജംപും ഷോട്പുട്ടും വനിതകളുടെ ഹൈജംപും പുരോഗമിക്കുന്നതിനിടെയാണ് കലിംഗ സ്്്റ്റേഡിയത്തിലേക്ക് മഴ വിരുന്നെത്തിയത്. വൈകീട്ട് 6.45നു തുടങ്ങിയ കനത്ത മഴ ഒരു മണിക്കൂറോളം നീണ്ടതോടെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. പിന്നീട് ചാറ്റല്‍ മഴയുടെ അകമ്പടിയോടെയാണ് ഫൈനലുകള്‍ അരങ്ങേറിയത്.
മലയാളിക്കരുത്തില്‍ ഇന്ത്യ
പുരുഷന്മാരുടെ 400 മീറ്ററില്‍ അത്യുഗ്രന്‍ പ്രകടനത്തിലൂടെയാണ് മുഹമ്മദ് അനസ് ഒന്നാമനായത്. 300ാം നമ്പര്‍ ജെഴ്സിയണിഞ്ഞ്് മൂന്നാം ലെയ്നില്‍നിന്ന് കുതിച്ച ഈ കൊല്ലം സ്വദേശി സഹതാരം ആരോക്യ രാജീവിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. 45.77 സെക്കന്‍ഡായിരുന്നു അനസിെൻറ സമയം. ആരോക്യ രാജീവ് 46.14 സെക്കന്‍ഡ് സമയമെടുത്തു. പരിക്കിെൻറ പിടിയില്‍നിന്ന് മോചിതനായാണ് അനസിെൻറ തിരിച്ചുവരവ്. എം.ആര്. പൂവമ്മയും ജിസ്നയും നിര്‍മലയും ഇന്ത്യന്‍ സാന്നിധ്യമായി നിറഞ്ഞ വനിതകളുടെ 400 മീറ്ററില്‍ അവസാന നൂറു മീറ്ററിലെ കുതിപ്പാണ് നിര്‍മലയെ സ്വര്‍ണത്തിലെത്തിച്ചത്. 52.01 സെക്കന്‍ഡ് സമയത്തിലാണ് ഈ ഹരിയാനക്കാരി ഫിനിഷ് ചെയ്്തത്. പി.ടി. ഉഷയുടെ ശിഷ്യ ജിസ്നയുടെ വെങ്കലത്തിനും തിളക്കമേറെയാണ്. മിടുക്കികളായ സീനിയര്‍ താരങ്ങളെ പിന്നിലാക്കിയായിരുന്നു ജിസ്ന വെങ്കലം നേടിയത്. സമയം: 53.32 സെക്കന്‍ഡ്. വിയറ്റ്നാമിെൻറ ക്വാച്ച് തിക്കാണ് വെള്ളി.
വനിതകളുടെ 1500 മീറ്ററില്‍ ജപ്പാെൻറയും ചൈനയുടെയും താരങ്ങളെ അവസാന നൂറുമീറ്ററില്‍ പിന്നിലാക്കിയായിരുന്നു ചിത്ര സ്വര്‍ണം ഓടിയെടുത്തത് (നാല് മിനിറ്റ് 17.92 സെക്കന്‍ഡ്). ആദ്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ചിത്രയുടേത്. പുരുഷന്മാരില് യു.പി സ്വദേശി അജയ് കുമാര്‍ സരോജും സ്വര്‍ണത്തിലൂടെ കാണികള്‍ക്ക് ആവേശമേകി. സമയം: മൂന്നു മിനിറ്റ് 45.85 സെക്കന്‍ഡ്. പുരുഷന്മാരുടെ നൂറുമീറ്റര്‍ സെമിഫൈനലില്‍ ഒഡിഷക്കാരന്‍ അമിയകുമാര്‍ മല്ലിക് ഫൗള്‍സ്റ്റാര്‍ട്ട് വരുത്തി പുറത്തായത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയായി. മൂന്നാം ദിനമായ ശനിയാഴ്ച 11 ഫൈനലുകള്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.