ഏഷ്യന്‍ ഗെയിംസ്: ദീപിക പള്ളിക്കല്ലിന് വെങ്കലം, അനസിനും ആരോക്യ രാജീവിനും സെമി യോഗ്യത
text_fieldsജക്കാർത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സ്‌ക്വാഷില്‍ മലയാളിയായ ദീപിക പള്ളിക്കലിനും ജോശ്ന ചിന്നപ്പക്കും വെങ്കലം. മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് സെമി ഫൈനലിൽ 0-3ന് പരാജയപ്പെട്ടതോടെയാണ് ദീപികയുടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. ജോഷ്നയും അടിയറവ് പറഞ്ഞത് മലേഷ്യൻ താരത്തോടായിരുന്നു.
ഇന്ന് അത്ലറ്റിക് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഇന്ത്യക്ക് പ്രതീക്ഷയേകി മലയാളി താരം മുഹമ്മദ് അനസ് യഹിയ, അരോക്യ രാജീവ് എന്നിവർ 400 മീറ്റർ സെമി ഫൈനലിലേക്ക് യോഗ്യത നേടി. 45.63 സെക്കൻഡ് സമയത്തിൽ മുഹമ്മദ് അനസ് ഹീറ്റിൽ ഒന്നാമതെത്തിയപ്പോൾ 46.82 സമയത്തിൽ ആരോക്യ രാജീവ് രണ്ടാം സ്ഥാനത്തെത്തി.
ചേതൻ സുബ്രഹ്മണ്യയും പുരുഷൻമാരുടെ ഹൈജംപ് ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ അഞ്ചാം സ്ഥാനത്തായാണ് ചേതൻ ഫിനിഷ് ചെയ്തത്. അതേസമയം ഇന്ത്യൻ ഷൂട്ടർമാർക്ക് നല്ലൊരു ദിനമായിരുന്നില്ല ഇന്നത്തേത്. പുരുഷന്മാരുടെ 25 മിസ്റ്റ് റാപിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യൻ ഷൂട്ടർമാരായ അനേഷ് ഭൻവാലയും ശിവം ശുക്ലയും ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പരാജയപ്പെട്ടു. യഥാക്രമം ഒമ്പതാം സ്ഥാനത്തും പതിനൊന്നാം സ്ഥാനത്തുമായാണ് ഇരുവരും ഫിനിഷ് ചെയ്തത്.
ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈന നെഹ്വാൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്തോനീഷ്യയുടെ ഫിട്രിയാനിയെ തോൽപിച്ചായിരുന്നു സൈനയുടെ നേട്ടം. സ്കോർ: 21-6, 21-14. ഷൂട്ടിങ്, ഗുസ്തി, ടെന്നിസ് എന്നിവയിലെ മെഡൽ നേട്ടങ്ങളുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യ അത്ലറ്റിക്സിൽനിന്ന് സ്വർണമടക്കം ഏറെ മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.