ജകാർത്ത വിളിക്കുന്നു; 18ാമത് ഏഷ്യൻ ഗെയിംസിന് ഇനി 15 നാൾ
text_fieldsഏഷ്യയുടെ ഒളിമ്പിക്സ് പോരാട്ടത്തിന് ഇന്തോനേഷ്യയിലെ ജകാർത്തയിൽ കൊടിയേറാൻ ഇനി 15 ദിവസം മാത്രം. ഒളിമ്പിക്സോളം വീറും വാശിയും നിറയുന്ന പോരാട്ടത്തിലേക്ക് അരയും തലയും മുറുക്കി ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന വൻകരയുടെ പവർഹൗസുകൾ. ആഗസ്റ്റ് 18ന് ജകാർത്തയിലെ ഗെലോറ ബങ് കർനോ സ്റ്റേഡിയത്തിെല പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകളോടെ 18ാമത് ഏഷ്യൻ ഗെയിംസിന് തിരിതെളിയും. സെപ്റ്റംബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന 16 ദിവസത്തെ കായികപോരാട്ടത്തിനാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യം വേദിയാവുന്നത്. 45 രാജ്യങ്ങളിൽനിന്ന് 40 ഇനങ്ങളിലായി 465 മത്സരങ്ങളാണ് പോരാളികളെ കാത്തിരിക്കുന്നത്.
ജകാർത്തയിലേക്ക്
ഏഷ്യൻ സ്പോർട്സ് കാർണിവലിന് ഇന്തോനേഷ്യ രണ്ടാം തവണയാണ് വേദിയാവുന്നത്. 1951ൽ ഇന്ത്യയിൽ തുടങ്ങിയ ഏഷ്യൻ ഗെയിംസിെൻറ നാലാം പതിപ്പിന് 1962ൽ വേദിയായ അതേ ജകാർത്തതന്നെ അരനൂറ്റാണ്ടിനുശേഷം വീണ്ടുമൊരു വൻകരയുടെ കളിയുത്സവത്തിന് വേദിയാവുന്നു. 45 രാജ്യങ്ങളിൽനിന്ന് പതിനായിരത്തിനടുത്ത് അത്ലറ്റുകളെയാണ് പ്രതീക്ഷിക്കുന്നത്.
നേരേത്ത വേദിയായി പ്രഖ്യാപിച്ച വിയറ്റ്നാം പിന്മാറിയത് കാരണം അപ്രതീക്ഷിതമായി ലഭിച്ച ഗെയിംസിനെ സംഭവബഹുലമാക്കാനൊരുങ്ങുകയാണ് ദ്വീപുരാജ്യം. 2014 മേയിലാണ് പകരം വേദിയായി ജകാർത്തയെ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ മത്സരവേദികളുടെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. അവസാന ദിനങ്ങളിലും തിരക്കിട്ട തയാറെടുപ്പിലാണ് ഗെയിംസ് നഗരികൾ.
ജകാർത്തക്കു പുറമെ ദക്ഷിണ സുമാത്രയുടെ തലസ്ഥാനമായ പാലംബാഗും ഗെയിംസിെൻറ വേദിയാണ്. പതിവ് ഗ്ലാമർ ഇനങ്ങൾക്കു പുറമെ, 2022ൽ അരങ്ങേറുമെന്ന് പ്രഖ്യാപിച്ച ‘ഇ-സ്പോർട്സ്, കനോയി പോളോ’ മത്സരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇന്തോനേഷ്യയിൽ അവതരിപ്പിക്കപ്പെടും.
ൈചനീസ് കരുത്ത്
ഒളിമ്പിക്സിലെ പവർഹൗസായ ചൈന തന്നെയാണ് 18ാം ഏഷ്യൻ ഗെയിംസിലെയും ഉരുക്കുശക്തികൾ. ഇഞ്ചിയോണിൽ നടന്ന 2014 ഗെയിംസിൽ 151 സ്വർണം ഉൾപ്പെടെ 345 മെഡലുമായാണ് അവർ ഒന്നാമതായത്. ദക്ഷിണ കൊറിയ (79-228), ജപ്പാൻ (47-200) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. 11 സ്വർണവുമായി എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഇക്കുറി 540ലേറെ പേരുടെ സംഘവുമായി പുറപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.