ഏഷ്യൻ ഗെയിംസിന് സമാപനം; ഇനി ഹാങ്ചൗവിൽ
text_fieldsജകാർത്ത: വൻകരയുടെ കണ്ണും കാതും ദ്വീപ് രാജ്യത്തെ രണ്ട് നഗരങ്ങളിലായി ചുരുങ്ങിയ രണ്ടാഴ്ചക്കാലം. വിസ്മയകരമായ പോരാട്ടങ്ങൾകൊണ്ട് ട്രാക്കും കോർട്ടും ഫീൽഡുമെല്ലാം അതിശയിപ്പിച്ച ദിനങ്ങൾ. നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ 18ാമത് ഏഷ്യൻ ഗെയിംസിന് അതിമനോഹരമായ സംഘാടകത്വമൊരുക്കി ഇന്തോനേഷ്യ വിടനൽകി. ഇനി നാലു വർഷത്തിനു ശേഷം 2022ൽ കിഴക്കൻ ചൈനീസ് നഗരമായ ഹാങ്ചൗവിൽ കാണാം.
15 ദിവസത്തെ പോരാട്ടങ്ങൾക്ക് സമാപനം കുറിച്ച് സമാപന മേളയുടെ ദിനമായിരുന്നു ഞായറാഴ്ച. വൈകീട്ട് ജി.ബി.കെ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മുക്കാൽ ലക്ഷം കാണികളെ സാക്ഷിയാക്കി ജകാർത്തയിൽ കൊടിയിറങ്ങി. ചൈനീസ്-ഇന്തോനേഷ്യ കലാകാരന്മാരുടെ നൃത്തങ്ങൾകൊണ്ട് നിറപ്പകിട്ടാർന്ന ചടങ്ങിൽ ബോളിവുഡ് ഗായകരായ സിദ്ധാർഥ് സ്ലാതിയയും ദേനാദ് സാങ്ങുമായിരുന്നു താരങ്ങൾ.
ചുരുങ്ങിയ കാലംകൊണ്ട് വിജയകരമായി ഏഷ്യൻ ഗെയിംസിന് വിരുന്നൊരുക്കിയ ഇന്തോനേഷ്യ, 2032 ഒളിമ്പിക്സിന് വേദിയാക്കാനുള്ള ആത്മവിശ്വാസത്തിലാണ്. ടീമുകളുടെ മാർച്ച് പാസ്റ്റിൽ റാണി രാംപാൽ ഇന്ത്യൻ പതാകയേന്തി. ഏറ്റവും ഒടുവിലായി ഹാങ്ചൗ മേയർ സു ലി യിക്ക് ഒളിമ്പിക് പതാക കൈമാറി ചടങ്ങിന് സമാപനമായി.
6 സ്വർണം, 2 വെള്ളി;റികാകോ ജകാർത്തയിലെ സ്വർണ താരം
ആറു സ്വർണവും രണ്ടു വെള്ളിയുമണിഞ്ഞ ജപ്പാെൻറ നീന്തൽ താരം റികാകോ ഇകീ 18ാമത് ഏഷ്യൻ ഗെയിംസിെൻറ സൂപ്പർ താരമായി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ രണ്ടാമത്തെ സ്വർണനേട്ടത്തോടെയാണ് ഇൗ 18കാരി ജപ്പാെൻറ സ്വർണമത്സ്യമായത്.
1982ൽ ന്യൂഡൽഹിയിൽ ഏഴു സ്വർണവും ഒരു വെള്ളിയും നേടിയ കൊറിയൻ ഷൂട്ടർ സോ ജിൻമാനാണ് ഇവരിൽ ഒന്നാമൻ.
സ്വർണമണിഞ്ഞ് 28 രാജ്യങ്ങൾ; വെറും കൈയോടെ ഏഴുപേർ
44 കായിക ഇനങ്ങളിലായി കാത്തുവെച്ച 465 സ്വർണ മെഡലുകൾ പെങ്കടുത്ത 28 രാജ്യങ്ങൾ ചേർന്ന് പങ്കിെട്ടടുത്തു. അടുത്ത ഒമ്പതു രാജ്യങ്ങൾ വെള്ളിയോ വെങ്കലമോയെങ്കിലും നേടി മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
ശേഷിച്ച ഏഴു രാജ്യങ്ങൾ ഒരു മെഡൽപോലുമില്ലാതെയാണ് ജകാർത്തയിൽ നിന്നു മടങ്ങുന്നത്. 132 സ്വർണവുമായി ജേതാക്കളായ ചൈനക്ക് 1998നുശേഷം ഏറ്റവും മോശം പ്രകടനമാണിത്. 2010ൽ 199 സ്വർണവും 2014ൽ 151ഉം നേടിയവർ ഇക്കുറി ഏറെ പിന്നിലായെന്ന് ചൈനക്കാർ വിലപിക്കുന്നു.
ഇന്ത്യ വിൻന്തോനേഷ്യ
16 ദിനത്തിലെ പോരാട്ടനാളിനൊടുവിൽ ‘എ പ്ലസ്’ മികവുമായി ജകാർത്തയിൽ നിന്ന് ഇന്ത്യയുടെ മടക്കം ഏറെ പ്രതീക്ഷയോടെയാണ്. മെഡൽ നേട്ടത്തിലും പ്രകടനത്തിലും ഏറെ മുന്നിലെത്തിയ ഇന്ത്യൻ അത്ലറ്റുകൾ നിലവാരവും ഉയർത്തി. 15 സ്വർണവുമായി 1951ലെ പ്രഥമ ഗെയിംസിെൻറ റെക്കോഡിനൊപ്പമെത്തി.
ആകെ 69 മെഡലുമായി 2010ലെ 65 എന്ന റെക്കോഡും മറികടന്നു. എന്നാൽ, ഒട്ടനവധി ഇനങ്ങളിൽ ഇന്ത്യയുടെ യാത്ര വഴിപാടു മാത്രമായി. നീന്തൽ, ഡൈവിങ്, വെയ്റ്റ് ലിഫ്റ്റിങ്, കനോയിങ്, സൈക്ലിങ്, ജിംനാസ്റ്റിക്സ് തുടങ്ങിയവയിൽ ഇന്ത്യൻ പ്രകടനം ചിത്രത്തിലേ ഇല്ലായിരുന്നു.
അതിവേഗം അത്ലറ്റിക്സ്
2018: 7-10-2; 2014: 2-4-7
(ബെസ്റ്റ്: 1951-10-12-12)
എണ്ണത്തിൽ ഏറ്റവും മികച്ച പ്രകടനമല്ലെങ്കിലും ഇന്ത്യൻ അത്ലറ്റിക്സിെൻറ ഗ്രാഫുയർത്തുന്നതാണ് ജകാർത്തയിലെ ഗ്രാഫ്. ചൈനക്കും (12) ബഹ്റൈനും (12) പിന്നിലായി മൂന്നാമതായിരുന്നു ഇന്ത്യ. ആഫ്രിക്കൻ താരങ്ങളുടെ കരുത്തിൽ ഒാടിയ ബഹ്റൈനെ മാറ്റിനിർത്തിയാൽ ഇന്ത്യ രണ്ടാമത്.
ജാവലിൻ ത്രോയിൽ നീരജ് ചോപ്ര, പതിറ്റാണ്ടുകൾക്കുശേഷം സ്വർണമണിഞ്ഞ 1500 (ജിൻസൺ ജോൺസൺ), 800 (മൻജിത്), ട്രിപ്ൾജംപ് (അർപിന്ദർ) എന്നിവരുടെ പ്രകടനം ഒളിമ്പിക്സിലേക്കുള്ള പ്രതീക്ഷയാണ്.
സ്പ്രിൻറ് റണ്ണർ അപ്പായ ദ്യൂതി ചന്ദ്, ഹെപ്റ്റയിൽ ചരിത്ര സ്വർണമായ സ്വപ്ന ബർമൻ, 400 മീറ്ററിലെ വാഗ്ദാനങ്ങൾ മുഹമ്മദ് അനസ്, ഹിമ ദാസ്, ധരുൺ അയ്യസ്സാമി എന്നിവർ നാളെയുടെ താരങ്ങളാണ്.
ബാഡ്മിൻറൺ
2018: 0-1-1; 2014: 0-0-1
ടീം ഇനത്തിൽ നിരാശപ്പെെട്ടങ്കിലും സിന്ധുവും സൈനയും ചേർന്ന് അഭിമാനമായി. ഫൈനലിലാണ് സിന്ധുവിെൻറ കീഴടങ്ങൽ.
ബോക്സിങ്
2018: 1-0-1; 2014: 1-0-4
(ബെസ്റ്റ്: 2010-2-3-4)
കഴിഞ്ഞതിലും മോശമായി ഇടിക്കൂട്. ഒളിമ്പിക്സ് ചാമ്പ്യനെ വീഴ്ത്തിയ അമിത് പൻഗാൽ അഭിമാനം കാത്തു. ഇടിക്കൂട്ടിലേക്ക് പുതുമുഖങ്ങളെ തേടണമെന്ന് ഒാർമിപ്പിക്കുകയാണ് ജകാർത്ത. കസാഖ്, ഉസ്ബക്, ചൈനീസ് താരങ്ങൾക്കെതിരെ ഇന്ത്യ വിയർത്തു.
ഹോക്കി
2018: 0-1-1; 2014 1-0-1 (ബെസ്റ്റ് 1982,98 1-1-0)
ചാമ്പ്യന്മാരായെത്തിയ പുരുഷന്മാർ പൂൾ മത്സരത്തിൽ 76 ഗോളടിച്ചാണ് ആഘോഷമാക്കിയത്. എന്നാൽ, സെമിയിൽ മലേഷ്യയോട് തോറ്റു. പാകിസ്താനെ വീഴ്ത്തി വെങ്കലമണിഞ്ഞത് ആശ്വാസം. വനിതകൾ ഫൈനലിലെത്തിയെങ്കിലും തങ്കമായില്ല.
കബഡി
2018: 0-1-1; 2014 2-0-0 (ബെസ്റ്റ്: 2010,2014 2-0-0)
കബഡിയിൽ വീഴാത്ത ഇന്ത്യ ഇക്കുറി അവിടെയും വീണു. ഇതാദ്യമായാണ് സ്വർണമില്ലാതെയൊരു മടക്കം. 28 വർഷത്തിനിടെ പുരുഷന്മാരുടെ ആദ്യ വീഴ്ചയാണിത്. ഇറാനാണ് പുരുഷ-വനിതകളിൽ ഇന്ത്യയെ വീഴ്ത്തിയത്.
ഷൂട്ടിങ്
2018: 2-4-3; 2014 1-1-7 (ബെസ്റ്റ് 2006
3-5-6)
മുൻ ഗെയിംസിനെക്കാൾ നിലവാരം മെച്ചപ്പെടുത്തി. പക്ഷേ, ഷൂട്ടിങ്ങിൽ ഇന്ത്യൻ നിലവാരത്തിലേക്കുയർന്നില്ല. ടീം ഇനത്തിൽ കാര്യമായ മെഡലുകൾ പിറന്നില്ല. എന്നാൽ, പെങ്കടുത്തവരിൽ 70 ശതമാനം പേരും ഫൈനൽ യോഗ്യത നേടിയിരുന്നു. കൗമാരക്കാരുടെ പ്രകടനമാണ് ശ്രദ്ധേയം. സൗരഭ് ചൗധരി, ലക്ഷ്യ ഷെറോൺ, ഷർദുൽ വിഹാൻ എന്നിവർ ശ്രദ്ധേയം. രാഹി സർനോഭടിെൻറ ചരിത്ര സ്വർണവും സുപ്രധാനം. 16കാരി മനുഭാകറിന് മെഡൽ പട്ടികയിൽ ഇടംപിടിക്കാനായില്ല.
ടെന്നിസ്
2018: 1-0-2; 2014 1-1-3 (ബെസ്റ്റ്: 2010-2-1-2)
പതിവുപോലെ ലിയാൻഡർ പേസിെൻറ വിവാദങ്ങളിലൂടെയായിരുന്നു തുടക്കം. എങ്കിലും രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ കൂട്ട് ഇന്ത്യയെ നയിച്ചു. ഇരുവരും ചേർന്ന് ഏഷ്യൻ ഗെയിംസ് ഡബ്ൾസിൽ ഇന്ത്യയുടെ അഞ്ചാം സ്വർണം നേടി. വനിത സിംഗ്ൾസിൽ സാനിയ മിർസയുടെ അഭാവത്തിൽ അങ്കിത റെയ്ന വെങ്കലം നേടി.
ഗുസ്തി
2018- 2-0-1; 2014 1-1-3 (ബെസ്റ്റ്: 1962 3-6-3)
വിദേശ കോച്ചിനു കീഴിൽ വിദേശത്ത് പരിശീലിച്ച രണ്ടുപേർ ഇന്ത്യക്കായി സ്വർണമണിഞ്ഞു. പരിശീലനത്തിലെ ഇൗ മാറ്റം ബോധ്യപ്പെടുത്തുന്നതാണ് ബജ്റങ് പൂനിയയും വിനേഷ് ഫോഗട്ടും നേടിയ സ്വർണങ്ങൾ. അതേസമയം സുശീൽ കുമാർ, സാക്ഷി മാലിക് തുടങ്ങിയ ഒളിമ്പിക്സ് മെഡലിസ്റ്റുകൾ നിരാശപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.