ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ചരിത്ര നേട്ടം
text_fieldsജകാർത്ത: 18ാമത് ഏഷ്യൻ ഗെയിംസിന് ഞായറാഴ്ച കൊടിയിറങ്ങുേമ്പാൾ ഇന്ത്യൻ സംഘത്തിന് ചരിത്ര നേട്ടവുമായി മടക്കം. 14ാം ദിനം രണ്ടു സ്വർണവും ഒാരോ വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ ആകെ മെഡൽ നേട്ടം 69 ആക്കി ഉയർത്തിയതോടെ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ കൊയ്ത്തായി. 2010ലെ ഗ്വാങ്ചോ ഗെയിംസിലെ 65 മെഡൽ ആയിരുന്നു ഇതുവരെ ഇന്ത്യയുടെ മികച്ച മെഡൽ വേട്ട.
15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായാണ് ഇന്ത്യയുടെ മെഡലുകൾ 69ലെത്തിയത്. ഇതോടെ കഴിഞ്ഞ തവണത്തെ എട്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കായി. 1951ൽ ന്യൂഡൽഹി ആതിഥ്യം വഹിച്ച പ്രഥമ ഗെയിംസിൽ നേടിയ 15 സ്വർണം എന്ന റെക്കോഡിനൊപ്പമെത്തി ഇത്തവണത്തെ സ്വർണ നേട്ടം. അന്ന് 15 സ്വർണവും 16 വെള്ളിയും 20 വെങ്കലവുമടക്കം 51 മെഡലുകളാണ് സ്വന്തമാക്കിയിരുന്നത്.
ഇത്തവണത്തെ വെള്ളി നേട്ടവും റെക്കോഡാണ്. 2006, 10 ഗെയിംസുകളിലെ 17 വെള്ളി നേട്ടമാണ് ഇത്തവണത്തെ 24 വെള്ളികളിലൂടെ മറികടന്നത്. ഇത്തവണത്തെ വെങ്കല നേട്ടം (30) മൂന്നാം സ്ഥാനത്താണ്. 2014ൽ 36ഉം 2010ൽ 34ഉം വെങ്കലമുണ്ടായിരുന്നു. 18 ഗെയിംസുകളിൽനിന്നായി 155 സ്വർണവും 202 വെള്ളിയും 329 വെങ്കലവുമടക്കം 686 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതിെൻറ അടിസ്ഥാനത്തിൽ ഗെയിംസ് ചരിത്രത്തിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്ക്.
ശനിയാഴ്ച ബോക്സിങ് ലൈറ്റ്ഫ്ലൈ വിഭാഗത്തിൽ അമിത് പൻഗലും പുരുഷ വിഭാഗം ബ്രിഡ്ജ് പെയറിൽ പ്രണബ് ബർദാൻ-ശിബ്നാഥ് സർക്കാർ സഖ്യവുമാണ് സ്വർണമണിഞ്ഞത്. വനിതകളുടെ സ്ക്വാഷ് ടീം വെള്ളി കരസ്ഥമാക്കിയപ്പോൾ പാകിസ്താനെ 2-1ന് തോൽപിച്ച് പുരുഷ ഹോക്കി ടീം വെങ്കലം നേടി.
ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ വനിത ഹോക്കി ടീം നായിക റാണി രാംപാൽ ഇന്ത്യൻ പതാകയേന്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.