സംഘത്തലവന് തെരഞ്ഞെടുപ്പ് തിരക്ക്; നായകനില്ലാതെ ഇന്ത്യ ജകാർത്തയിൽ
text_fieldsന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം ജകാർത്തയിലെത്തിയത് സംഘത്തലവനില്ലാതെ. ബി.ജെ.പി പാർലമെൻറംഗം കൂടിയായ ചെഫ് ഡി മിഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിരക്കിലായതോടെ നാഥനില്ലാപ്പടയായി ഇന്ത്യൻ ടീം ഗെയിംസ് നഗരിയിൽ. അത്ലറ്റുകളും പരിശീലകരും ഒഫീഷ്യലുകളുമടങ്ങിയ ഇന്ത്യൻ സംഘം ശനിയാഴ്ചയാണ് ജകാർത്തയിലെത്തിയത്. യു.പിയിലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ചെഫ് ഡി മിഷൻ യാത്ര മൂന്നു ദിവസം നീട്ടി. 14ന് ജകാർത്തയിലെത്തുമെന്നാണ് ഇദ്ദേഹം അറിയിച്ചത്.
എന്നാൽ, അത്ലറ്റുകളും ഒഫീഷ്യലുകളുമായി 804 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തിന് ആദ്യദിവസങ്ങളിലാണ് ചെഫ് ഡി മിഷെൻറ സാന്നിധ്യം അനിവാര്യമാവുന്നത്. ശനിയാഴ്ച തുറന്ന ഗെയിംസ് വില്ലേജിൽ അത്ലറ്റുകളുടെ താമസസൗകര്യം, പരിശീലനം, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കൽ തുടങ്ങിയ നടപടികളിൽ ആദ്യ മൂന്നു ദിവസം സംഘത്തലവന് നിർണായക പങ്കുണ്ട്. ഗെയിംസിന് മുന്നോടിയായി പ്രതിനിധി രാജ്യങ്ങളുടെ യോഗങ്ങളുമുണ്ടാവും.
ചെഫ് ഡി മിഷെൻറ അസാന്നിധ്യത്തിൽ ഉപസംഘത്തലവനായ രാജ്കുമാർ സചേതിക്കാവും ഇവയുടെ ചുമതല. 14ന് ജകാർത്തയിലെത്തുന്ന ബ്രിജ് ഭൂഷൺ സമാപനത്തിന് മുമ്പായി സെപ്റ്റംബർ രണ്ടിന് മടങ്ങുകയും ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടി യോഗങ്ങളിൽ പെങ്കടുക്കാനാണ് മടക്കമെന്നാണ് റിപ്പോർട്ട്. യു.പിയിൽനിന്ന് അഞ്ചു തവണ ബി.ജെ.പി പാർലമെൻറംഗമായ ബ്രിജ് ഭൂഷൺ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറ് എന്ന നിലയിലാണ് ഗെയിംസ് സംഘത്തലവനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.