മെഡൽ കൊയ്ത് മലയാളി താരങ്ങൾ
text_fieldsജകാർത്ത: 18ാമത് ഏഷ്യൻ ഗെയിംസിെൻറ ഗ്ലാമർ ഇനമായ അത്ലറ്റിക്സിെൻറ അവസാനദിനം ഇന്ത്യയുടേതായിരുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മലയാളികളുടേതായിരുന്നു. വ്യാഴാഴ്ച ഇന്ത്യ നേടിയ അഞ്ച് മെഡലുകളിൽ നാലിലും മലയാളി സ്പർശം. അതിൽ രണ്ട് സുവർണ നേട്ടം, ഒരു വെള്ളി, ഒരു വെങ്കലം. ആകെ ഇന്ത്യക്ക് വ്യാഴാഴ്ച അഞ്ച് മെഡൽ. അഞ്ചും അത്ലറ്റിക്സിൽനിന്ന്.
ജിൻസൺ ജോൺസണായിരുന്നു താരം. കഴിഞ്ഞദിവസം 800 മീറ്ററിൽ വെള്ളി നേടിയ കോഴിക്കോട്ടുകാരൻ 1500 മീറ്ററിൽ സ്വർണവുമായി ഇരട്ട മെഡലിനർഹനായി. വനിതകളുടെ 4x400 മീറ്റർ റിലേയിൽ മലയാളി താരം വി.കെ. വിസ്മയ അങ്കർ ലാപ്പിൽ വിസ്മയക്കുതിപ്പ് നടത്തിയപ്പോൾ തുടർച്ചയായ അഞ്ചാം ഗെയിംസിലും ഇൗ ഇനത്തിലെ സ്വർണം ഇന്ത്യക്കുതന്നെ.
പുരുഷ 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിൽ ഒാടിയ മുഹമ്മദ് അനസ് രണ്ടാം വെള്ളി സ്വന്തമാക്കി. ആദ്യ ലാപ് ഒാടിയ കുഞ്ഞുമുഹമ്മദും മെഡൽ നേടിയ ടീമിെൻറ ഭാഗമായിരുന്നു. വനിതകളുടെ 1500 മീറ്ററിൽ വെങ്കലം നേടിയ പി.യു. ചിത്രയും മലയാളത്തിെൻറ അഭിമാനമായി. ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയയുടേതായിരുന്നു അഞ്ചാം മെഡൽ.
3:44.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൻസൺ സ്വർണം നേടിയത്. തെൻറ പേരിലുള്ള ദേശീയ റെക്കോഡിന് അടുത്തെത്താനായില്ലെങ്കിലും അനായാസമായിരുന്നു കേരള താരത്തിെൻറ വിജയം. ഇറാെൻറ ആമിർ മുറാദി (3:45.62) വെള്ളിയും ബഹ്റൈെൻറ മുമ്മദ് തിലൗലി (3:45.88) വെങ്കലവും നേടി. 800 മീറ്ററിൽ ജിൻസണെ ഞെട്ടിച്ച് സ്വർണം നേടിയ ഇന്ത്യയുടെ മൻജിത് സിങ് (3:46.57) നാലാമതായി.
വനിതകളുടെ 1500 മീറ്ററിൽ 4:12.56 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്. ബഹ്റൈൻ താരങ്ങളാണ് സ്വർണവും വെള്ളിയും നേടിയത്. കൽകിദാൻ ബെഫ്കാദു (4:07.88) ഒന്നാമതും തിഗിസ്റ്റ് ബെലേയ് (4:09.12) മൂന്നാമതുമെത്തി.
ഹിമ ദാസ്, എം.ആർ. പൂവമ്മ, സരിതബെൻ ഗെയ്ക്വാദ്, വി.കെ. വിസ്മയ എന്നിവരടങ്ങിയ ടീമാണ് വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ ആധിപത്യമുറപ്പിച്ച് സ്വർണത്തിലേക്ക് കുതിച്ചത്. ആദ്യ ലാപ്പിൽ കുതിച്ചുപാഞ്ഞ ഹിമ നൽകിയ തകർപ്പൻ തുടക്കം പൂവമ്മയും സരിതബെന്നും നിലനിർത്തിയപ്പോൾ അവസാന ലാപ്പിൽ വിസ്മയയുടെ ഫിനിഷിങ്ങും മികച്ചതായി.
മലയാളി താരം ജിസ്ന മാത്യുവിനെയടക്കം ട്രയൽസിൽ പിന്നിലാക്കി ആദ്യ ഏഷ്യൻ ഗെയിംസിനിറങ്ങിയ വിസ്മയ പതർച്ചയില്ലാതെയായിരുന്നു സ്വർണത്തിലേക്ക് ഒാടിക്കയറിയത്. 3:28.72 ആയിരുന്നു ഇന്ത്യയുടെ സമയം. ബഹ്റൈൻ (3:30.61) രണ്ടാമതും വിയറ്റ്നാം (3:33.23) മൂന്നാമതുമെത്തി.
പുരുഷന്മാരുടെ 4x400 മീ. റിലേയിൽ കുഞ്ഞുമുഹമ്മദ്, ധരുൺ അയ്യസാമി, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഏഷ്യൻ റെക്കോഡോടെ സ്വർണം നേടിയ ഖത്തറിന് (3:00.56) പിന്നിൽ 3:01.85 സമയത്തിലായിരുന്നു ഇന്ത്യൻ ഫിനിഷിങ്. ജപ്പാൻ (3:01.94) വെങ്കലം നേടി. കഴിഞ്ഞതവണ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യൻ റിലേ ടീം.
800ൽ കൈവിട്ടത് 1500ൽ നേടി ജിൻസൺ
സ്വർണം പ്രതീക്ഷിച്ച 800 മീറ്ററിൽ വെള്ളിയിലൊതുങ്ങിയതിൽ സ്വൽപം നിരാശയിലായിരുന്നുവെങ്കിലും 1500 മീറ്ററിൽ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നുകൊണ്ടും തൃപ് തനാവാതെയായിരുന്നു ജിൻസൺ ട്രാക്കിലിറങ്ങിയത്. സെമിയിൽ മികച്ച രണ്ടാമത്തെ സമയവുമായായിരുന്നു യോഗ്യത നേടിയതെങ്കിലും ഫൈനലിൽ വ്യക്തമായ മുൻതൂക്കം കേരള താരത്തിനായിരുന്നു.
അവസാന ലാപ് വരെ മൂന്നാം സ്ഥാനത്തായി ഒാടിയ ജിൻസൺ അവസാന 400 മീറ്ററിലേക്ക് കടന്നതോടെ കുതിപ്പ് തുടങ്ങി. ഹോം സ് ട്രെച്ചിലെത്തിയതോടെ എതിരാളികളെ പിന്നിലാക്കി കുതിച്ച ജിൻസൺ മികച്ച ലീഡുമായി ഫിനിഷിങ് ടേപ് തൊട്ടു. അതേസമയം, 800 മീറ്ററിൽ അവസാനം വരെ പിറകിൽനിന്ന് ഒടുവിലെ കുതിപ്പോടെ സ്വർണത്തിലെത്തിയ മൻജീതിന് ആ പ്രകടനം 1500ൽ ആവർത്തിക്കാനായില്ല. അവസാന ലാപ് തുടങ്ങുേമ്പാൾ അവസാന സ്ഥാനത്തായിരുന്ന ഹരിയാനക്കാരൻ പിന്നീട് മുന്നേറിയെങ്കിലും നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
വനിതകളിൽ സീസണിലെ മികച്ച സമയവുമായാണ് ചിത്ര ഫൈനലിനിറങ്ങിയതെങ്കിലും വെങ്കലമേ നേടാനായുള്ളൂ. ഡിസ്കസിൽ നിലവിലെ ജേത്രിയായ സീമ പൂനിയക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 62.26 മീറ്ററുമായി കഴിഞ്ഞ ആറുവർഷത്തിനിടയിലെ തെൻറ മികച്ച ഏറ് സീമ പുറത്തെടുത്തെങ്കിലും ചൈനയുടെ ചെൻ യാങ്ങും (65.12 മീ.) ഫെങ് ബിനും (64.25 മീ.) അതിലും ദൂരം കണ്ടെത്തിയതോടെ ഇന്ത്യൻ താരത്തിന് വെങ്കലം മാത്രമായി.
കഴിഞ്ഞതവണ ഇഞ്ചിയോണിൽ 61.03 മീറ്ററായിരുന്നു സീമയുടെ ദൂരം. മറ്റൊരു ഇന്ത്യക്കാരി സന്ദീപ് കുമാരി (54.61 മീ.) അഞ്ചാം സ്ഥാനത്തായി. പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ ജി. ലക്ഷ്മൺ അഞ്ചാം സ്ഥാനത്തായി. 50 കി.മീ. നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാർ അയോഗ്യനാക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.