ഏഷ്യൻ ഗെയിംസ്: സ്വപ്ന ബർമനും അർപീന്ദർ സിങിനും സ്വർണം
text_fieldsജകാർത്ത: അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യ ആറ്റുനോറ്റ സ്വപ്നത്തിെൻറ പേര്, സ്വപ്ന ബർമൻ. അത്ലറ്റിക്സിലെ ഒാൾറൗണ്ട് പോരാട്ടമായ ഹെപ്റ്റാത്ലൺ മത്സരയിനമായി ഉൾപ്പെടുത്തിയ കാലംമുതലുള്ള സുവർണ മോഹം ജകാർത്തയിലൂടെ സാക്ഷാത്കരിക്കപ്പെട്ട മുഹൂർത്തം. ഒാട്ടവും ചാട്ടവും ഏറുമായി ഏഴ് ഇനങ്ങൾ ഉൾപ്പെടുന്ന ഹെപ്റ്റാത്ലണിലാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള സ്വപ്ന ബർമൻ എന്ന 22കാരി രാജ്യത്തിെൻറ അഭിമാനമായി മാറിയത്.
രണ്ടു ദിനങ്ങളിലായി നടന്ന മത്സരത്തിൽ 6026 േപായൻറാണ് സ്വപ്ന സ്കോർ ചെയ്തത്. ഹൈജംപിലും (1003), ജാവലിൻ ത്രോയിലും (872) ഒന്നാമതെത്തിയപ്പോൾ, ഷോട്പുട്ട് (707), ലോങ്ജംപ് (865) എന്നിവയിൽ രണ്ടാം സ്ഥാനത്തായി. 100 മീറ്ററിലും (5ാം സ്ഥാനം), 200മീറ്ററിലും (ഏഴാമത്) പിന്തള്ളപ്പെട്ടു.
അവസാന ഇനമായ 800 മീറ്ററിനായി ട്രാക്കിലിറങ്ങുേമ്പാൾ ചൈനയുടെ കിങ്ലിങ് വാങ്ങുമായി ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നു. ജീവന്മരണ പോരാട്ടത്തിൽ രണ്ടുപേരും നിരാശപ്പെടുത്തി. സ്വപ്ന നാലാമതായപ്പോൾ, ചൈനക്കാരി അഞ്ചാമതായി. ഇതോടെ, 32 പോയൻറ് വ്യത്യാസത്തിൽ സ്വപ്ന സ്വർണമണിഞ്ഞു. കിങ്ലിങ് വെള്ളിയും ജപ്പാെൻറ യമസാകി വെങ്കലവും നേടി. പല്ലുവേദനയെ തുടർന്ന് താടിയിൽ ബാൻഡേജണിഞ്ഞാണ് സ്വപ്ന മത്സരിച്ചത്.
ഇവർക്കൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം പൂർണിമ ഹെംബ്രാം നാലാമതായി. 2002ൽ സോമ ബിശ്വാസും (വെള്ളി), ജെ.ജെ ശോഭയും (വെങ്കലം), 2006ൽ പ്രമീള അയ്യപ്പയും(വെങ്കലം)മാത്രമാണ് മുമ്പ് മെഡൽപട്ടികയിലെത്തിയത്.
മീശപിരിച്ച് അർപിന്ദർ
48വർഷത്തെ കാത്തിരിപ്പിനൊടുവിൽ ട്രിപ്പ്ൾജംപിൽ അർപിന്ദർ സുവർണതാരമായി. 1970ൽ മൊഹീന്ദർ ഗിൽ സ്വർണം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വൻകരയുടെ പോരാട്ടത്തിൽ സ്വർണം നേടുന്നത്. 2014 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയശേഷം ദീർഘകാലമായി നിറംമങ്ങിയ അർപിന്ദറിെൻറ തിരിച്ചുവരവാണ് ജകാർത്തയിൽ.
ആദ്യ ശ്രമം ഫൗളായപ്പോൾ, മൂന്നാം ശ്രമത്തിലാണ് 16.77 എന്ന സുവർണ ദൂരം കടന്നത്. അവസാന രണ്ടു ശ്രമവും ഫൗളായി. ഉസ്ബെകിെൻറ റുസ്ലാൻ കുർബനോവിനാണ് (16.62മീ) വെള്ളി. മലയാളി താരം എ.വി. രാകേഷ് ബാബുവിന് ആറാമതെത്താനേ കഴിഞ്ഞുള്ളൂ.
ബോക്സിങ്ങിൽ രണ്ട് സെമി
േബാക്സിങ്ങിൽ ഇന്ത്യൻ താരങ്ങളായ വികാസ് കൃഷ്ണ (75 കി.), അമിത് പാൻഗ്വൽ (49 കി.) എന്നിവർ സെമിഫൈനലിൽ പ്രവേശിച്ചു. വികാസ് കൃഷ്ണ ചൈനീസ് താരം തൊഹേറ്റ എർബികെയെ 3-2നും അമിത് കൊറിയൻ താരം കിം റോയങ്ങിനെ 5-0നും തോൽപിച്ചു. അതേസമയം, വനിതകളുടെ 51 കിലോയിൽ സർജുബ്ല ദേവി ചൈനീസ് താരത്തിനോട് തോറ്റ് പുറത്തായി.
ടേബ്ൾ ടെന്നിസ് മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ മണിക ബത്ര-അജന്ത ശരത്കമൽ സഖ്യം വെങ്കലംനേടി. സെമിയിൽ ചൈനീസ് സഖ്യത്തിനു മുന്നിൽ 4-1നായിരുന്നു തോൽവി. നേരേത്ത കമലിെൻറ നേതൃത്വത്തിലുള്ള പുരുഷ ടീം വെങ്കലം നേടിയിരുന്നു. 60 വർഷത്തിനിടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്.
800 മീറ്ററിെൻറ ആവേശവുമായി 1500 മീറ്ററിലും ഇന്ത്യൻ പോരാട്ടം. ഇരട്ടലാപ്പിൽ സ്വർണം നേടിയ മൻജിത് സിങ് ആദ്യ ഹീറ്റ്സിൽ ഒന്നാമതായി (3:50.59) ഫൈനലിൽ കടന്നു. രണ്ടാം ഹീറ്റ്സിൽ മികച്ച സമയത്തിൽ പോരടിച്ച ജിൻസൺ ജോൺസൺ രണ്ടാമതായാണ് ഫൈനലിലെത്തിയത്. എന്നാൽ, സമയത്തിൽ മൻജിതിെനക്കാൾ ഏറെ മുന്നിലാണ് (3:46.50മി). ബഹ്റൈനിെൻറ മുഹമ്മദ് തിവൗലിയാണ് ഒന്നാമത്.
പുരുഷ വിഭാഗം 4x400 മീറ്റർ റിലേയിൽ മലയാളി താരങ്ങളടങ്ങിയ ഇന്ത്യൻ ടീം ഫൈനലിലെത്തി. കുഞ്ഞുമുഹമ്മദ്, ജീവൻ സുരേഷ്, ജിതു ബേബി, ധരുൺ അയ്യസാമി എന്നിവരാണ് ഇന്ത്യക്കായി ബാറ്റണേന്തിയത്. യോഗ്യത റൗണ്ടിൽ (3:06.48മി) രണ്ടാമതായാണ് ഇവർ ഫിനിഷ് ചെയ്തത്.
പുലർെച്ച നടന്ന 20കി.മീറ്റർ നടത്തത്തിൽ മലയാളി താരം കെ.ടി. ഇർഫാൻ അയോഗ്യനാക്കപ്പെട്ടു. 12 കി.മീറ്റർ പിന്നിട്ടപ്പോഴാണ് ഫൗൾ നടത്തത്തിന് പുറത്താക്കിയത്. മറ്റൊരു ഇന്ത്യൻ താരം മനിഷ് സിങ്ങിനെയും അയോഗ്യനാക്കി. വനിതകളിൽ കുശ്ഭിർ കൗർ നാലാംസ്ഥാനത്തെത്തി. നാലുവർഷം മുമ്പ് വെള്ളി നേടിയ കുശ്ഭിർ ഒരു മണിക്കൂർ 35:24 മിനിറ്റിലാണ് ജകാർത്തയിൽ ഫിനിഷ് ചെയ്തത്.
ഡബ്ൾ വാൾട്ടിൽ ദ്യുതി
ബഹ്റൈനിനായി ഒാടിയ നൈജീരിയക്കാരി എഡിഡിയോങ് ഒഡിയോങ്ങിനെ മാറ്റിനിർത്തിയാൽ ഏഷ്യയിലെ അതിവേഗക്കാരി ഇന്ത്യയുടെ ദ്യുതി ചന്ദ് തന്നെ. 100 മീറ്ററിലെ വെള്ളിക്കു പിന്നാലെ, 200മീറ്ററിലും രണ്ടാമതെത്തി ദ്യുതി ജകാർത്തയിൽ ഇരട്ട വെള്ളിക്കുടമയായി.
ചൊവ്വാഴ്ച നടന്ന സെമിയിൽ ഒന്നാമതെത്തിയ ദ്യുതി 23.20 സെക്കൻഡിലാണ് ഫൈനലിൽ ഫിനിഷ്ചെയ്തത്. 100 മീറ്ററിലും സ്വർണം നേടിയ ഒഡിയോങ് 22.96 സെക്കൻഡിൽ ഫിനിഷ്ചെയ്ത് സ്പ്രിൻറ് ഡബ്ൾ തികച്ചു. ചൈനയുടെ വെയ് യോങ്ലിക്കാണ് (23.27സെ) വെങ്കലം.
പി.ടി. ഉഷക്കും ജ്യോതിർമയി സിക്ദറിനും സുനിത റാണിക്കും ശേഷം ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുമായി മടങ്ങുന്ന ആദ്യ ഇന്ത്യക്കാരിയായി ദ്യുതി. 1986 സോളിൽ 200, 400, 400 ഹർഡ്ൽ, റിലേ ഇനങ്ങളിലായി നാല് സ്വർണമാണ് ഉഷ നേടിയത്. ജ്യോതിർമയി 1998 ബാേങ്കാക്കിൽ 800,1500 മീറ്ററുകളിലും സുനിതാ റാണി 2002 ബുസാനിലും (1500, 5000മീ) രണ്ട് മെഡൽ നേടിയിരുന്നു.
പുരുഷ ഹോർമോണിെൻറ അളവ് കൂടുന്നതിെൻറ പേരിൽ 2014-15 സീസണിൽ െഎ.എ.എ.എഫ് വിലക്കിയ ദ്യുതി സ്പോർട്സ് ആർബിട്രേഷൻ കോടതിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ട്രാക്കിൽ തിരിച്ചെത്തുന്നത്. ജകാർത്തയിലെ ഇരട്ട വെള്ളിത്തിളക്കവുമായി തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.
വനിത ഹോക്കിയിൽ ഇന്ത്യ-–ജപ്പാൻ ഫൈനൽ
20 വർഷത്തിനു ശേഷം ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് ഫൈനൽ. മൂന്നു തവണ ചാമ്പ്യന്മാരായ ചൈനയെ സെമി ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.
കളിയുടെ നാലാം ക്വാർട്ടറിലെ 52ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് ലഭിച്ച അവസരം ഗോളാക്കിമാറ്റിയ ഗുർജിത് കൗറാണ് ഇന്ത്യക്ക് കലാശപ്പോര് ഉറപ്പിച്ചത്. ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. കൊറിയയെ 2-0ന് തോൽപിച്ചാണ് ജപ്പാൻ ഫൈനലിൽ പ്രവേശിച്ചത്.
1998ലാണ് ഇന്ത്യ അവസാനമായി ഫൈനൽ കളിച്ചത്. അന്ന് വെള്ളിയിലൊതുങ്ങി. 1982ൽ വനിതാ ഹോക്കി അരങ്ങേറ്റം കുറിച്ചപ്പോഴായിരുന്നു ഏക സ്വർണം.
പുരുഷ ഹോക്കിയിൽ വ്യാഴാഴ്ച സെമി
ഗോൾ സ്കോറിങ്ങിൽ റെക്കോഡ് കുറിച്ച ഇന്ത്യൻ ഹോക്കി പുരുഷ ടീം വ്യാഴാഴ്ച സെമി ഫൈനലിൽ മലേഷ്യയെ നേരിടും. അഞ്ചു മത്സരങ്ങളിൽ 76 ഗോളുമായി ഹോക്കി ചരിത്രത്തിലെ ഒരു ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം എന്ന റെക്കോഡ് നേട്ടം കൈവരിച്ച ഇന്ത്യൻ ടീം പൂൾ ‘എ’യിൽ അജയ്യരായിരുന്നു.
ഇന്തോനേഷ്യ (17-0), ഹോേങ്കാങ് (26-0), ജപ്പാൻ (8-0), കൊറിയ (5-3), ശ്രീലങ്ക (20-0) എന്നിവർക്കെതിരെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.