ഹാട്രിക് മാംഗ്ലൂർ എക്സ്പ്രസ്
text_fieldsമൂഡബിദ്രി: രാജ്യത്തെ സർവകലാശാലകളുടെ പോരാട്ടത്തിൽ ഹാട്രിക് കിരീടമണിഞ്ഞ് മാംഗ്ലൂർ എക്സ്പ്രസ്. 79ാമത് മീറ്റിെൻറ പുരുഷ വിഭാഗത്തിലും ഒാവറോളിലും കിരീടം നിലനിർത്തിയപ്പോൾ, വനിതകളിൽ എം.ജിയിൽനിന്ന് ചാമ്പ്യൻപട്ടം പിടിച്ചെടുത്തു. നാലു പോയൻറിെൻറ വ്യത്യാസത്തിലാണ് കഴിഞ്ഞ ആറുവർഷമായി നിലനിർത്തിയിരുന്ന വനിതാ ഒാവറോൾ എം.ജിക്ക് നഷ്ടമായത്. 188 പോയൻറുമായാണ് (11-10-4) മാംഗ്ലൂർ സർവകലാശാല ഹാട്രിക് കിരീടം നേടിയത്. ഇതില്‍ ഒരു വെള്ളി ഒഴികെ മറ്റു മെഡലുകള്‍ ആല്‍വാസ് എജുക്കേഷന്‍ ട്രസ്റ്റ് താരങ്ങളാണ് നേടിയത്. കോട്ടയം എം.ജി (114) ഒാവറോളിൽ രണ്ടാം സ്ഥാനം നിലനിർത്തി. 69 പോയൻറുമായി കാലിക്കറ്റാണ് മൂന്നാമത്.
പുരുഷ വിഭാഗത്തിൽ 110 പോയൻറും വനിതകളിൽ 78 പോയൻറും നേടിയാണ് മാംഗ്ലൂർ ജേതാക്കളായത്. വനിതകളിൽ 74 േപായൻറുമായാണ് (3-5-1) എം.ജി രണ്ടാമതെത്തിയത്. പുരുഷ വിഭാഗത്തിൽ 40 പോയൻറുമായി (1-3-1) എം.ജി രണ്ടാം സ്ഥാനം നിലനിർത്തി. വനിതകളിലും (33പോയൻറ്), പുരുഷന്മാരിലും (36) കാലിക്കറ്റ് മൂന്നാം സ്ഥാനം നിലനിർത്തി.
200 മീറ്ററിൽ 23.24 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡോടെ സ്വർണവും 100 മീറ്ററിൽ വെങ്കലവും നേടിയ ഭാരതിദാസൻ സർവകലാശാലയുടെ എസ്. ധനലക്ഷ്മി മീറ്റിലെ ഏറ്റവും മികച്ച വനിത താരമായി. ട്രിപിൾ ജംപിൽ 16.36 മീറ്റർ ചാടിയ മുബൈ സർവകലാശാലയുടെ ജയ് ഷാ പ്രദീപ് നീലം മികച്ച പുരുഷതാരമായി.
റെക്കോഡ് മഴ
അവസാന ദിനം ഏഴു റെക്കോഡുകളാണ് തിരുത്തപ്പെട്ടത്. വനിതകളുടെ പോൾ വാൾട്ടിൽ 3.80 മീറ്റര്‍ ചാടി സ്വന്തം പേരിലുള്ള റെക്കോഡ് (3.65 മീ) ബംഗളൂരു ജൈൻ സർവകലാശാലയുടെ മലയാളി താരം മരിയ ജൈസൺ തിരുത്തി. ഇതേ ഇനത്തില്‍ 3.35 ചാടി എം.ജിയുടെ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിലെ ദിവ്യ മോഹന്‍ വെങ്കലം നേടി. ലോങ്ജംപിൽ കാലിക്കറ്റിെൻറ മുഹമ്മദ് അനീസും വനിതകളുടെ 4x400 റിലെയിൽ കാലിക്കറ്റും 4x100 റിലെയിൽ എം.ജിയും വനിതകളുടെ 200 മീറ്ററിൽ ധനലക്ഷ്മിയും റെക്കോഡ് നേടി. വനിതകളുടെ ഹാമർത്രോയിൽ മാംഗ്ലൂരിെൻറ കെ.എം. റിതു ദിമൻ ( 61.93 മീ), വനിതകളുടെ 3000 മീറ്റർ സ്റ്റിപ്പിൾ ചേസിൽ മാംഗ്ലൂരിെൻറ ഭഗത് ഷീത്തും (10:34.53 െസ.) റെക്കോഡ് നേടി. വനിതകളുടെ 4x400 മീ. റിലെയിൽ കാലിക്കറ്റും, 4x100 മീ. റിലെയിൽ എം.ജിയും റെക്കോഡ് കുറിച്ചു.
ചാട്ടത്തിൽ അനീസ്
ലോംങ്ജംപിൽ റെക്കോഡോടെ സ്വർണം നേടി കാലിക്കറ്റിെൻറ മുഹമ്മദ് അനീസ് അവസാന ദിനം താരമായപ്പോൾ 100 മീറ്ററിൽ കൈവിട്ടുപോയ സ്വർണം 200 മീറ്ററിലൂടെ (21.01 സെ.) തിരിച്ചുപിടിച്ചുകൊണ്ട് എം.ജിയുടെ കോതമംഗലം എം.എ കോളജിലെ മുഹമ്മദ് അജ്മൽ ട്രാക്കിൽ തിളങ്ങി. ഒളിമ്പ്യൻ മുഹമ്മദ് അനസിെൻറ സഹോദരനായ അനീസ് 7.79 മീറ്റർ ചാടിയാണ് ലോങ്ജംപിൽ പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.