ചരിത്രം തിരുത്തി; ബോസ്റ്റൺ മാരത്തൺ കോവിഡ് കൊണ്ടുപോയി
text_fieldsന്യൂയോർക്ക്: ലോകമഹായുദ്ധങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും ഭീകരവാദ ഭീഷണിയെയും മറികകടന്ന് നൂറ്റാണ്ടിലേറെ കാലം മുടക്കമില്ലാതെ നടന്ന ബോസ്റ്റൺ മാരത്തൺ ചരിത്രത്തിൽ ആദ്യമായി പൂർണമായും റദ്ദാക്കപ്പെട്ടു. ഏപ്രിൽ 20ന് നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 14ലേക്ക് മാറ്റിവെക്കുകയായിരുന്നു. രോഗഭീതി തുടരുന്ന പശ്ചാത്തലത്തിൽ തീരുമാനം പുനഃപരിശോധിച്ച സംഘാടക സമിതി ഈ സീസണിലെ മത്സരം ഉപേക്ഷിക്കാൻ തയാറാവുകയായിരുന്നു.
1897ൽ ആരംഭിച്ച മാരത്തൺ 124 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മുടങ്ങുന്നത്. രണ്ട് ലോകമഹായുദ്ധകാലങ്ങളിലും ഈ പതിവു തെറ്റിച്ചിരുന്നില്ല. പ്രകൃതി ദുരന്തങ്ങൾ ഭീഷണിയായപ്പോഴും ബോസ്റ്റണിലെ ദീർഘദൂര ഓട്ടം പതിവ് തെറ്റിക്കാതെ തന്നെ നടന്നു. എന്നാൽ, കോവിഡ് എല്ലാ ചരിത്രവും തിരുത്തിച്ചാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ മാരത്തൺ മുടക്കുന്നത്.
‘നിലവിലെ സാഹചര്യത്തിൽ മാരത്തൺ സംഘടിപ്പിക്കാനാവില്ല. 30,000 ത്തോളം മത്സരാർഥികളും അരലക്ഷത്തോളം കാണികളും പെങ്കടുക്കുന്ന മത്സരം പതിവ് പോലെ സംഘടിപ്പിക്കാനാവില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുകയെന്നത് അസാധ്യമാണ് - ബോസ്റ്റൺ മേയർ മാർട്ടി വാൽഷ് പറഞ്ഞു.
അതേസമയം, ആരാധകർക്കും മത്സരാർഥികൾക്കുമായി ‘വെർച്വൽ മാരത്തൺ’ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. സെപ്റ്റംബർ ഏഴിനും 14നുമിടയിൽ 26.2 കി.മീ ദൂരമാണ് മത്സരം. ഓടുന്നതിെൻറ വിഡിയോയും സമയവും തെളിവായി സമർപ്പിച്ചാണ് പങ്കെടുക്കേണ്ടത്.
കോവിഡ് കാരണം മുടങ്ങിയ ഫുട്ബാളും മറ്റ് കായിക മത്സരങ്ങളും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണെങ്കിലും മാരത്തണിനാണ് ഏറ്റവും തിരിച്ചടിയായത്. ലണ്ടൻ മാരത്തൺ ഒക്ടോബറിലേക്ക് മാറ്റിവെച്ചു. ടോക്യോ മാരത്തൺ പ്രധാന അത്ലറ്റുകൾക്ക് മാത്രമായി ചുരുക്കിയാണ് നടത്താൻ തീരുമാനിച്ചത്. സെപ്റ്റംബറിൽ നടക്കേണ്ട ബെർലിൻ മാരത്തൺ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.