വേഗരാജാവിന് വെങ്കലം; ഗാറ്റ്ലിൻ ലോകചാമ്പ്യൻ VIDEO
text_fieldsലണ്ടൻ: ഗാറ്റ്ലിനിൽനിന്നും ഗാറ്റ്ലിനിലേക്കുള്ള കാലം. ഇതിനിടയിലെ 100 മീറ്റർ ട്രാക്കിെൻറ ചരിത്രവും വീരകഥകളുമാണ് ഉസൈൻ ബോൾട്ട്. 2004 ആതൻസ് ഒളിമ്പിക്സിലും 2005 ഹെൽസിങ്കി ലോക ചാമ്പ്യൻഷിപ്പിലും വേഗരാജാവായി വാണ ജസ്റ്റിൻ ഗാറ്റ്ലിനിെൻറ അശ്വമേധത്തിന് തടയിട്ടുകൊണ്ടായിരുന്നു ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ ഇതിഹാസം സ്പ്രിൻറ് ട്രാക്കിലെ അതിമാനുഷനായി അവതരിച്ചത്.
ഉത്തേജക വിവാദത്തിൽ കുടുങ്ങിയ ഗാറ്റ്ലിനിലൂടെ നാണംകെട്ട സ്പ്രിൻറ് ട്രാക്കിനെ വിശുദ്ധിയുടെ ചിഹ്നമാക്കി ബോൾട്ട് കളംവാണ ഒരു പതിറ്റാണ്ട് കാലം. ഒടുവിൽ, അതേ ഗാറ്റ്ലിൻ വീണ്ടുമൊരിക്കൽ മിന്നൽപ്പിണറായപ്പോൾ ജമൈക്കൻ കൊടുങ്കാറ്റിെൻറ ബോൾട്ടിളകി. സ്വപ്നകരിയറിന് ലോകചാമ്പ്യൻ പട്ടത്തോടെ അന്ത്യംകുറിക്കാൻ മോഹിച്ചിറങ്ങിയ ബോൾട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അമേരിക്കക്കാരായ ജസ്റ്റിൻ ഗാറ്റ്ലിനും ക്രിസ്റ്റ്യൻ കോൾമാനും അതിവേഗത്തിെൻറ പുതിയ സമവാക്യങ്ങളായി.
ആരാധക മനസ്സുകളെ നിരാശപ്പെടുത്തി ഉസൈൻ ബോൾട്ടിെൻറ സ്വപ്നതുല്യ കരിയറിെൻറ വിടപറച്ചിലിന് അപ്രതീക്ഷിത തിരിച്ചടി.
ബോൾട്ടിെൻറ സ്റ്റാർട്ടിങ് പിഴച്ചപ്പോൾ അവസരം മുതലെടുത്താണ് അമേരിക്കൻ താരങ്ങൾ മുന്നേറിയത്. സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത സമയവുമായാണ് ഗാറ്റ്ലിൻ (9.92 സെ) സ്വർണമണിഞ്ഞത്്.
9.94 സെക്കൻഡിലായിരുന്നു വെള്ളിനേടിയ ക്രിസ്റ്റ്യൻ കോൾമാെൻറ ഫിനിഷിങ്. 9.95 സെക്കൻഡ് സമയമെടുത്ത ബോൾട്ട് സീസണിലെ മികച്ച സമയം കണ്ടെത്തിയെങ്കിലും ലോക മീറ്റിലെ നാലാം സ്പ്രിൻറ് സ്വർണം നിലനിർത്താനായില്ല. നേരത്തെ, സെമിയിൽ കോൾമാനു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ബോൾട്ട്.
ബോൾട്ട്, നിങ്ങൾ തോൽക്കുന്നില്ല
ഉസൈൻ ബോൾട്ടിനുവേണ്ടി മാത്രമായിരുന്നു ശനിയാഴ്ച ലണ്ടൻ ഉണർന്നത്. അഞ്ചുവർഷം മുമ്പ് ട്രിപ്പ്ൾ സ്വർണവുമായി ജമൈക്കൻ ഇതിഹാസം നിറഞ്ഞുനിന്ന ഒളിമ്പിക് സ്റ്റേഡിയത്തിലെ ഗാലറികൾ നേരത്തെതന്നെ നിറഞ്ഞു കവിഞ്ഞു. സെമിഫൈനലിന് വെടിമുഴങ്ങുംമുമ്പ് ബോൾട്ടിനായി ആരവം മുഴക്കിയ ഗാലറികൾ, ഗാറ്റ്ലിൻ അടക്കമുള്ള എതിരാളികളുടെ പേര് ഉയരുേമ്പാഴെല്ലാം കൂവിവിളിച്ചു. അത്രത്തോളം വൈകാരികമായിരുന്നു ആ അന്തരീക്ഷം. കായികചരിത്രത്തിലെ ഇതിഹാസപുരുഷെൻറ വിടവാങ്ങൽ അതിഗംഭീരമാക്കാൻ തന്നെ അവർ ഒരുങ്ങി.
സെമിഫൈനൽ പൂർത്തിയായപ്പോൾ ആവേശം ആശങ്കയായി മാറി. മിന്നൽപോലുള്ള സ്റ്റാർട്ടിങ്ങും ചീറ്റയെപ്പോലുള്ള മുന്നേറ്റവുമായി ഗാലറിയെ അതിശയിപ്പിക്കുന്ന ബോൾട്ടിെൻറ ശരീരഭാഷതന്നെ മാറിയിരുന്നു.
സ്റ്റാർട്ടിങ് പിഴച്ച്, ലീഡ് പിടിക്കാൻ പാടുപെടുന്ന ബോൾട്ട് ആരാധകർക്ക് പരിചിതമല്ലാത്ത കാഴ്ചയാണല്ലോ. പക്ഷേ, സെമിയിൽ അതായിരുന്നു അവസ്ഥ. കോൾമാന് മുന്നിൽ പതറിയ ബോൾട്ട് ആയാസപ്പെട്ട് രണ്ടാം സ്ഥാനക്കാരനായി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം പുലർച്ചെ നടന്ന ഫൈനലിൽ ഗാറ്റ്ലിൻ, കോൾമാൻ, ബ്ലെയ്ക്, ജിമ്മി വികോട്, റീസെ പ്രെസ്കോഡ് തുടങ്ങിയ വമ്പന്മാരായിരുന്നു എതിരാളികൾ. എല്ലാവരും സീസണിൽ ബോൾട്ടിനേക്കാൾ മികച്ച വേഗത്തിൽ ഒാടിയവർ.
ഒടുവിൽ ആ നിമിഷമെത്തി. ഇതിഹാസപുത്രെൻറ കരിയറിലെ അവസാന 100 മീറ്റർ ഫൈനൽ. ലോകത്തിെൻറ കണ്ണും കാതും സ്റ്റാർട്ടിങ് ബ്ലോക്കിലെ ഏകാഗ്രതയിലേക്ക്. വെടിമുഴക്കത്തിന് കാതോർത്ത് ട്രാക്കും ഗാലറിയും നിശ്ശബ്ദമായി. പിന്നെ വെറും പത്ത് നിമിഷം. സ്റ്റാർട്ടിങ്ങിൽതന്നെ പിഴച്ച ബോൾട്ട് സെമിയിലേതുപോലെ പാടുപെടുന്നു. തുടക്കത്തിൽ പിന്നിലായെങ്കിലും ഇക്കാലംവരെ കണ്ട മാജിക് ലോകം പ്രതീക്ഷിച്ചു. കോൾമാനായിരുന്നു ഏറ്റവും മുന്നിൽ. അവസാന 40 മീറ്ററിൽ ആഞ്ഞുപിടിച്ച ബോൾട്ട് വികോട്ടിനെയും ബ്ലെയ്ക്കിനെയും പിന്തള്ളി മുന്നേറി. കോൾമാനൊപ്പമായിരുന്നു അവസാന മീറ്ററിലെ കുതിപ്പ്. ഇതിനിടയിൽ എട്ടാം െലെനിൽ വെടിച്ചില്ല് വേഗത്തിൽ പാഞ്ഞ ഗാറ്റ്ലിൻ എല്ലാവരെയും ഞെട്ടിച്ച് ഒന്നാമനായി ഫിനിഷ് ചെയ്തു. ഫോേട്ടാ ഫിനിഷിൽ കോൾമാൻ രണ്ടും ബോൾട്ട് മൂന്നും സ്ഥാനത്ത്്. വിജയിക്കാൻ മാത്രല്ല, തോൽക്കാനും വിധിക്കപ്പെട്ട മനുഷ്യനാണ് താനെന്ന് ഒാർമിപ്പിച്ച് ബോൾട്ടിെൻറ വീഴ്ച.
മൂന്നുതവണ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും അതിവേഗക്കാരൻ, എട്ട് ഒളിമ്പിക്സ് സ്വർണങ്ങൾ, 11 ലോക ചാമ്പ്യൻഷിപ് സ്വർണങ്ങൾ. ഭൂമിയിലെ ഏറ്റവും വേഗമേറിയ ഒാട്ടക്കാരൻ. ഇൗ തോൽവിയൊന്നും നൂറ്റാണ്ടിലെ അതിമാനുഷനായ ഉസൈൻ ബോൾട്ടിെൻറ ശോഭ കെടുത്തില്ല. ജെസ്സി ഒാവൻസും കാൾ ലൂയിസും പെലെയും മുഹമ്മദ് അലിയും ഉൾപ്പെടെയുള്ള ജീനിയസുകൾ സമ്പന്നമാക്കിയ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇൗ ജമൈക്കകാരൻ തലയെടുേപ്പാടെ മുന്നിലുണ്ടാവും.
400ൽ നിർമല സെമിയിൽ
വനിതകളുടെ 400 മീറ്ററിൽ ഇന്ത്യൻ താരം നിർമല ഷിയോറൺ സെമിയിൽ കടന്നു. അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച നിർമല നാലാം സ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്തതെങ്കിലും മികച്ച ആറുപേരിൽ ഒരാളായാണ് സെമിയിൽ ഇടംപിടിച്ചത്. 52.01 സെക്കൻഡിലാണ് ഹരിയാനയുടെ 22കാരി ഒാടിയെത്തിയത്. പുരുഷവിഭാഗം മാരത്തണിൽ മലയാളി താരം ടി. ഗോപി 28ാം സ്ഥാനത്തായി. രണ്ട് മണിക്കൂർ 17:13 മിനിറ്റിലായിരുന്നു ഗോപിയുടെ ഫിനിഷ്. വനിത ഹെപ്റ്റാത്ലണിൽ സ്വപ്ന ബർമൻ 27ാം സ്ഥാനത്താണുള്ളത്. തിങ്കളാഴ്ച ഇന്ത്യക്ക് മത്സരങ്ങളില്ല.
മാരത്തണിൽ കെനിയ, ബഹ്ൈറൻ
മാരത്തൺ ഒാട്ടത്തിൽ കെനിയക്കാരുടെ ആധിപത്യം. 42.19 കി.മീ. ദൈർഘ്യമുള്ള പുരുഷവിഭാഗ മാരത്തണിൽ കെനിയയുടെ ജെഫ്രി കിപ്കോറിർ കരിയറിലെ ആദ്യ ലോക ചാമ്പ്യൻഷിപ് സ്വർണമണിഞ്ഞു. ലോക റെക്കോഡിനുടമയായ കിപ്കോറിർ രണ്ടുമണിക്കൂർ 08.27 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. ഇത്യോപ്യയുടെ തമിറത് തോല, താൻസനിയയുടെ അൽഫോൺസ് സിംബു എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളിൽ ബഹ്റൈെൻറ കെനിയൻ താരം റോസ് ചെലിമോയാണ് സ്വർണമണിഞ്ഞത് (2 മണിക്കൂർ 27:11 മി.).
സ്വർണം വിടാതെ അയാന
വനിതകളുടെ പതിനായിരം മീറ്ററിൽ സ്വർണം നിലനിർത്തി ഇത്യോപ്യയുടെ അൽമാസ് അയാന. നാട്ടുകാരികൂടിയായ തിരുനേഷ് ഡിബാബയുമായി ഇഞ്ചോടിഞ്ച് പോരടിച്ചാണ് റിയോ ഒളിമ്പിക്സ് ജേത്രികൂടിയായി അയാന ലണ്ടനിൽ സ്വർണം നേടിയത്. 30:16.32 മിനിറ്റിലായിരുന്നു ഫിനിഷ്. ഡിബാബ വെള്ളി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.