അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ബാസ്കറ്റ്ബാൾ: കാലിക്കറ്റിന് ഹാട്രിക് കിരീടം
text_fieldsചെന്നൈ: അഖിലേന്ത്യ അന്തർസർവകലാശാല വനിത ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് ഹാട്രിക് കിരീടം. ആവേശം നിറഞ്ഞ ഫൈനലിൽ അധികസമയത്ത് കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയെ 91-90ന് മറികടന്നാണ് കാലിക്കറ്റിെൻറ പെൺകൊടികൾ തുടർച്ചയായി മൂന്നാം വട്ടവും കിരീടം സ്വന്തമാക്കിയത്. വെസ്റ്റ് താംബരം സായ് റാം എൻജിനീയറിങ് കോളജിൽ നടന്ന ഫൈനലിൽ ആദ്യപാദത്തിൽ കാലിക്കറ്റ് 12-20ന് പിന്നിലായിരുന്നു.
ഗംഭീരമായി തിരിച്ചുവന്ന ടീം 61-52ന് മുന്നിലെത്തി. എന്നാൽ, ഭാരതിയാർ അവസാന പാദത്തിൽ തിരിച്ചടിച്ച് നിശ്ചിത സമയത്തെ സ്കോർ 84-84ൽ എത്തിച്ചു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. എലിസബത്ത് ഹില്ലാരിയോസിെൻറ മികവിൽ കാലിക്കറ്റ് ഒരു പോയൻറ് വ്യത്യാസത്തിൽ ഹാട്രിക് കിരീടത്തിൽ മുത്തമിടുകയായിരുന്നു. വിജയികൾക്കായി എലിസബത്ത് 21ഉം കെ.ടി. മയൂഖ 17ഉം പോയൻറ് സ്കോർ ചെയ്തു. കണ്ണൂരിനെ തോൽപിച്ച എം.ജിക്കാണ് മൂന്നാം സ്ഥാനം (59-40).
ചരിത്രത്തിലാദ്യമായാണ് ഒരു സർവകലാശാല ചാമ്പ്യൻഷിപ്പിൽ ഹാട്രിക് കിരീടം നേടുന്നത്. കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിലെ എൻ. അതുല്യയാണ് കാലിക്കറ്റ് ടീം ക്യാപ്റ്റൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി.സി. ആൻറണി മുഖ്യകോച്ചും സിജി ജോസ് സഹകോച്ചുമാണ്. തുഷാര ഫിലിപ്പാണ് മാനേജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.