കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റ് ചിത്രക്ക് റെക്കോഡ്; ക്രൈസ്റ്റ് മുന്നിൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇൻർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റിൽ ആദ്യദിനം രണ്ട് റെക്കോഡുകൾ. വനിതകളുടെ 1500 മീറ്ററിൽ ഏഷ്യൻ സീനിയർ ചാമ്പ്യൻ പി.യു. ചിത്രയും പുരുഷന്മാരുെട 1500 മീറ്ററിൽ പി.ആർ. രാഹുലുമാണ് പുതിയ സമയം കുറിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വർഷം എം.എ ചരിത്ര വിദ്യാർഥിനിയായ ചിത്ര നാല് മിനിറ്റ് 30 സെക്കൻഡിലാണ് മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കിയത്. വിമല കോളജിെൻറ താരമായിരുന്ന സിനിമോൾ പൗലോസ് 2001ൽ കുറിച്ച നാല് മിനിറ്റ് 41.80 െസക്കൻഡാണ് ചിത്രയുടെ കുതിപ്പിൽ വഴിമാറിയത്.
സ്കൂൾ മേളകളിലെ മിന്നും താരങ്ങളായിരുന്ന ചിത്രയും സി. ബബിതയും തമ്മിലായിരുന്നു സർവകലാശാല സിന്തറ്റിക് ട്രാക്കിൽ 1500 മീറ്ററിലെ വാശിയേറിയ േപാരാട്ടം. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിനായി ട്രാക്കിലിറങ്ങിയ ബബിതയും സിനിമോളുടെ റെക്കോഡ് സമയം തിരുത്തി -നാല് മിനിറ്റ് 33.42 െസക്കൻഡ്. പുരുഷന്മാരുടെ 1500 മീറ്ററിൽ നാല് മിനിറ്റ് 01.38 െസക്കൻഡിൽ കുതിച്ചാണ് ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ പി.ആർ. രാഹുൽ റെക്കോഡ് സ്വർണം നേടിയത്. കൽപറ്റ ഗവ. കോളജിലെ മുനീറിെൻറ പേരിലുണ്ടായിരുന്ന 18 വർഷം പഴക്കമുള്ള നാല് മിനിറ്റ് 01.70 െസക്കൻഡാണ് പഴങ്കഥയായത്. വെള്ളി നേടിയ ക്രൈസ്റ്റ് കോളജിലെ ബിബിൻ ജോർജും റെക്കോഡ് സമയം പിന്നിട്ടു. (നാല് മിനിറ്റ് 01.57 െസക്കൻഡ്). വനിതകളുെട 400 മീറ്ററിൽ ജിസ്ന മാത്യു അനായാസം സ്വർണം നേടി. ചേളന്നൂർ എസ്.എൻ കോളജിെൻറ താരമായ ജിസ്ന 54.06 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കൂട്ടുകാരിയായ ഷഹർബാന സിദ്ദീഖിനാണ് വെള്ളി.
പുരുഷന്മാരിൽ ഒരു സ്വർണവും നാലു െവള്ളിയും ഒരു വെങ്കലവുമടക്കം 18 പോയൻറുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനത്താണ്.
വനിതകളിൽ ചേളന്നൂർ എസ്.എൻ കോളജും തൃശൂർ വിമല കോളജും ഒന്നു വീതം സ്വർണവും വെള്ളിയുമായി എട്ടു പോയൻറുമായി ഒപ്പത്തിനൊപ്പമാണ്. മൂന്നു ദിവസം നീളുന്ന മീറ്റ് വൈസ് ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനമായ ബുധനാഴ്ച 17 ഫൈനലുകൾ നടക്കും.
ശ്രുതിമധുരം ആദ്യസ്വർണം
വനിതകളുടെ ലോങ്ജംപിൽ തൃശൂർ വിമല കോളജിലെ എൽ. ശ്രുതിലക്ഷ്മി നേടിയ സ്വർണത്തോടെയാണ് മീറ്റിന് തുടക്കമായത്. 5.94 മീറ്ററാണ് ശ്രുതി താണ്ടിയത്. എം.എ. പ്രജുഷയുടെ പേരിലുണ്ടായിരുന്ന 5.97 മീറ്റർ എന്ന റെക്കോഡ് നേരിയ വ്യത്യാസത്തിന് അകന്നുപോയി. കൊല്ലം നീണ്ടകര സ്വദേശിനിയായ ശ്രുതി ഹെപ്റ്റാത്തലണിൽ നിന്നാണ് ലോങ്ജംപിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതേ കോളജിലെ എ.കെ. അക്ഷയ മോൾക്കാണ് വെള്ളി (5.67 മീറ്റർ).
ഡിസ്കസ്ത്രോയിൽ പാലക്കാട് മേഴ്സി കോളജിലെ േസാഫിയ എം. ഷാജുവിനാണ് സ്വർണം. 37.87 മീറ്ററാണ് ദൂരം. രണ്ടാം സ്ഥാനം യൂനിവേഴ്സിറ്റി കാമ്പസിലെ റീമ നാഥിനാണ് -35.20 മീറ്റർ.
ആശിച്ച നേട്ടം നഷ്ടമായി ആഷിൽ
പുരുഷന്മാരുടെ െഹെജംപിൽ സ്വർണമണിഞ്ഞെങ്കിലും ആഷിൽ ഫ്രാൻസിസിന് 37 വർഷം പഴക്കമുള്ള മീറ്റ് റെക്കോഡ് നേരിയ വ്യത്യാസത്തിന് നഷ്ടമായി. ക്രൈസ്റ്റ് കോളജ് വിദ്യാർഥിയായ ആഷിൽ 1.98 മീറ്റർ താണ്ടിയാണ് ഒന്നാമനായത്. 1980ൽ തൃശുർ സെൻറ് തോമസ് കോളജിലെ കെ. രാമചന്ദ്രൻ കുറിച്ച 2.00 മീറ്റർ ഉയരം മറികടക്കാൻ ആഷിൽ നടത്തിയ ശ്രമങ്ങൾ പാഴാവുകയായിരുന്നു. ക്രൈസ്റ്റിെൻറ വി.വി അശ്വിനാണ് വെള്ളി (1.95 മീറ്റർ).
മലപ്പുറത്തിന് ഇരട്ട സ്വർണം
മീറ്റിെൻറ ആദ്യദിനം ആതിഥേയ ജില്ലയായ മലപ്പുറത്തെ പുരുഷ താരങ്ങൾ സ്വന്തമാക്കിയത് രണ്ട് സ്വർണം. 400 മീറ്ററിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ എൻ.എച്ച്. ഫായിസും ഷോട്ട്പുട്ടിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഒ. ശിഹാബുദ്ദീനുമാണ് സ്വർണജേതാക്കൾ. 400 മീറ്ററിൽ 48.55 മീറ്ററിലായിരുന്നു ഫായിസിെൻറ ഫിനിഷ്. അരീക്കോട് വാക്കാലൂർ സ്വദേശിയായ ഫായിസ് പരിശീലിക്കുന്നത് ഇതേ ട്രാക്കിലാണ്. പവർലിഫ്റ്റിങ് താരമായ ശിഹാബുദ്ദീൻ 12.37 മീറ്റർ എറിഞ്ഞാണ് ഒന്നാമനായത്. ആലപ്പുഴയിൽ അടുത്ത മാസം നടക്കുന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ്ങിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന ശിഹാബുദ്ദീൻ, സർവകലാശാലക്ക് സമീപം പള്ളിക്കൽ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.