സുശീലിനും രാഹുലിനും സ്വർണം; തേജസ്വനിക്ക് വെള്ളി
text_fieldsഗോൾഡ് കോസ്റ്റ്: 21ാമത് കോമൺവെൽത്ത് ഗെയിംസിെൻറ എട്ടാംദിനം ഇന്ത്യക്ക് മെഡൽ വേട്ട. രണ്ടു സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് വ്യാഴാഴ്ച ഇന്ത്യ സ്വന്തമാക്കിയത്. ഗുസ്തിയിൽ രണ്ട് സ്വർണവും ഒാരോ വെള്ളിയും വെങ്കലവും നേടിയപ്പോൾ അത്ലറ്റിക്സിൽ ഒാരോ വെള്ളിയും വെങ്കലവും ഇന്ത്യൻ അക്കൗണ്ടിലെത്തി. ഷൂട്ടിങ്ങിലായിരുന്നു മറ്റൊരു വെള്ളി. ഇതോടെ 14 സ്വർണവും ഏഴു വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 31 മെഡലുകളുമായി ഇന്ത്യ മൂന്നാംസ്ഥാനത്ത് തുടരുകയാണ്.
ബബിത ഫോഗട്ടിന് െവള്ളി;
കിരണിന് വെങ്കലം
ഗുസ്തിയിൽ ഇന്ത്യ മെഡൽവേട്ട തുടങ്ങി. ഗോദ ഉണർന്ന ദിനം ഇന്ത്യ രണ്ടു സ്വർണവും ഒാരോ വെള്ളിയും വെങ്കലവും കരസ്ഥമാക്കി. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറാണ് തുടർച്ചയായ മൂന്നാം ഗെയിംസിലും സ്വർണവുമായി ഗോദയിലെ ആദ്യദിനം താരമായത്. 74 കിലോ വിഭാഗത്തിൽ അനായാസ വിജയവുമായി സുശീൽ സ്വർണമുറപ്പിച്ചപ്പോൾ ആദ്യ ഗെയിംസിനിറങ്ങിയ രാഹുൽ അവാരെ 57 കിലോ വിഭാഗത്തിൽ പൊരുതി നേടിയ ജയത്തോടെ സ്വർണമണിഞ്ഞു. വനിത വിഭാഗത്തിൽ നിലവിലെ ജേത്രി ബബിത ഫോഗട്ടിന് 53 കിലോ വിഭാഗത്തിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ 76 കിലോ വിഭാഗത്തിൽ കിരൺ വെങ്കലം സ്വന്തമാക്കി.
ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ യൊഹാനസ് ബോതക്കെതിരെ കേവലം 20 മിനിറ്റിലാണ് സുശീൽ ജയിച്ചുകയറിയത്. നേരത്തേ കാനഡയുടെ ജെവോൻ ബാൽഫോർ, പാകിസ്താെൻറ മുഹമ്മദ് ആസാദ് ഭട്ട്, ആസ്ട്രേലിയയുടെ കോണോർ ഇവാൻസ് എന്നിവരെ തോൽപിച്ചാണ് സുശീൽ ഫൈനലിലെത്തിയത്. 2010 ഡൽഹി, 2014 ഗ്ലാസ്ഗോ ഗെയിംസുകളിലും ചാമ്പ്യനായിരുന്നു സുശീൽ.
കാനഡയുടെ സ്റ്റീവൻ തകഹാഷിക്കെതിരെ പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചാണ് അവാരെ സ്വർണത്തിലേക്ക് മല്ലിട്ടുകയറിയത്. ഒരുഘട്ടത്തിൽ 6-7ന് പിറകിലായിരുന്ന അവാരെ പിന്നീട് തുടർച്ചയായി പോയൻറുകൾ വാരിക്കൂട്ടി 15-7ന് വിജയിക്കുകയായിരുന്നു.
കാനഡയുടെ ഡിയാന വെയ്കറിനോട് 5-2ന് തോറ്റാണ് ബബിത വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്. ഡൽഹിയിൽ വെള്ളിയും ഗ്ലാസ്ഗോയിൽ സ്വർണവും നേടിയിരുന്ന ബബിതക്ക് തുടർച്ചയായ മൂന്നാം ഗെയിംസിലും മെഡൽപട്ടികയിൽ ഇടംപിടിക്കാനായി. മോറിത്താനിയയുടെ കറ്റൗസ്ക്യ പരിഡ്വാനെ റിപ്പഷെയിലൂടെ മറികടന്നാണ് കിരൺ വെങ്കലം കരസ്ഥമാക്കിയത്.
പൂനിയക്ക് വെള്ളി;
ധില്ലന് വെങ്കലം
അത്ലറ്റിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഡിസ്കസ് േത്രായിൽ വെള്ളിയും വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. സീമ പൂനിയയും നവ്ജീത് കൗർ ധില്ലനുമായിരുന്നു മെഡൽ ജേതാക്കൾ. 68.26 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പായിച്ച മുൻ ലോക ചാമ്പ്യൻ ആസ്ട്രേലിയയുടെ ഡാനി സ്റ്റീവൻസിന് പിറകിൽ 60.41 മീ. ദൂരം താണ്ടിയാണ് പൂനിയ തുടർച്ചയായ നാലാം ഗെയിംസിലും മെഡൽ സ്വന്തമാക്കിയത്. 57.43 മീ. പിന്നിട്ടായിരുന്നു ധില്ലെൻറ വെങ്കല നേട്ടം.
ധില്ലെൻറ ആദ്യ ഗെയിംസ് മെഡലാണിത്. പൂനിയ 2006 ലും 2010ലും വെള്ളിയും 2014ൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.
നീന പത്താമത്;
നയന അവസാനം
ലോങ്ജംപ് ഫൈനലിൽ കടന്ന മലയാളി താരങ്ങളായ വി. നീനയും നയന ജെയിംസും നിരാശപ്പെടുത്തി. ഫൈനലിൽ മാറ്റുരച്ച 12 താരങ്ങളിൽ നീന 6.19 മീറ്റർ ചാടി പത്താമതും നയന 6.14 മീറ്റർ മറികടന്ന് അവസാന സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. കാനഡയുടെ ക്രിസ്റ്റെബൽ നെറ്റി (6.84 മീ.) സ്വർണവും ആസ്ട്രേലിയയുടെ ബ്രൂക് സ്ട്രാറ്റൺ (6.77 മീ.) വെള്ളിയും ഇംഗ്ലണ്ടിെൻറ ഷാറ പ്രോക്ടർ (6.75 മീ.) വെങ്കലവും കരസ്ഥമാക്കി.
തേജസ്വിനിക്ക് വെള്ളി
50 മീ. റൈഫിൾ പ്രോൺ വിഭാഗത്തിലാണ് തേജസ്വിനി സാവന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത്. തേജസ്വിനിയുടെ ആറാം ഗെയിംസ് മെഡലാണിത്. സിംഗപ്പൂരിെൻറ മിർടിന് ലിൻഡ്സേ വെലോസോക്ക് (621 പോയൻറ്) പിറകിൽ 618.9 പോയേൻറാടെയായിരുന്നു തേജ്വസിനിയുടെ നേട്ടം. ബാഡ്മിൻറണിൽ മുന്നോട്ട്
മുൻനിര ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു, സൈന നെഹ്വാൾ എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു. ശ്രീകാന്ത് 21-10 21-10ന് ശ്രീലങ്കയുടെ നിലുക കരുണരത്നെയെയും പ്രണോയ് 21-18 21-11ന് ആസ്ട്രേലിയയുടെ ആൻറണി ജോയെയും സിന്ധു 21-15 21-9ന് ആസ്ട്രേലിയയുടെ സുവാൻ യുവെൻഡിയെയും തോൽപിച്ചപ്പോൾ സൈന 21-4, 2-0ത്തിന് മുന്നിട്ടുനിൽക്കെ എതിരാളി പിന്മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.