ജീതു റായ്, ബാഡ്മിൻറൺ ടീം, ടി.ടി ടീം ഇനങ്ങളിൽ സ്വർണം: 10 സ്വർണവുമായി ഇന്ത്യ മൂന്നാമത്
text_fieldsഗോൾഡ്കോസ്റ്റ്: സുവർണ നേട്ടത്തിൽ പത്ത് തികച്ച് ഇന്ത്യൻ കുതിപ്പ്. അഞ്ചു ദിനം പൂർത്തിയായപ്പോൾ 10 സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 19 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യൻ ആർമിയുടെ ഷാർപ് ഷൂട്ടർ ജീതു റായ്, ടേബ്ൾ ടെന്നിസ് പുരുഷ ടീം, മിക്സഡ് ബാഡ്മിൻറൺ ടീം എന്നിവർ തിങ്കളാഴ്ച പൊന്നായതോടെയാണ് ഇന്ത്യ സ്ഥാനക്കയറ്റം നേടിയത്.
പൊന്നായി ജീതു
ഇന്ത്യയുടെ ഉന്നംപിഴക്കാത്ത ഷൂട്ടർ എന്ന് ഒരിക്കൽകൂടി തെളിയിച്ചു ജീതു റായ്. പുരുഷ വിഭാഗം 10 മീ. എയർപിസ്റ്റളിെൻറ യോഗ്യതാറൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു ജീതു. ഇന്ത്യയുടെതന്നെ ഒാം പ്രകാശ് മിത്രവാൾ ഗെയിംസ് റെക്കോഡിനൊപ്പമെത്തിയ പ്രകടനവുമായി ഒന്നും, ട്രിനിഡാഡിെൻറ റോജർ ഡാനിയേൽ രണ്ടും സ്ഥാനക്കാരായാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചത്. മെഡൽപോരാട്ടത്തിൽ യഥാസമയം ജീതുവിെൻറ തോക്കുകൾ കൃത്യമായപ്പോൾ കോമൺവെൽത്ത് ഗെയിംസ് റെക്കോഡ് പിറന്നു. 235.1 പോയൻറ് സ്വന്തമാക്കി സ്വർണമണിഞ്ഞ ഇന്ത്യൻ പട്ടാളതാരം ഗെയിംസിലെ ഏറ്റവും കൂടുതൽ പോയൻറ് നേടി. ആസ്ട്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി. യോഗ്യതാറൗണ്ടിൽ ഒന്നാമതെത്തിയ ഒാം പ്രകാശ് വെങ്കലമണിഞ്ഞു.
മെക്സികോയിലെ ലോകകപ്പ് ഷൂട്ടിങ്ങിൽ എയർപിസ്റ്റൾ മിക്സഡ് ടീം വിഭാഗത്തിൽ മനു ഭാകറിനൊപ്പം സ്വർണമണിഞ്ഞാണ് ജീതു കോമൺവെൽത്ത് ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നത്. 2014 ഗ്ലാസ്ഗോ ഗെയിംസിൽ 50 മീ. പിസ്റ്റളിൽ ജീതു സ്വർണമണിഞ്ഞിരുന്നു. ഇൗ ഇനത്തിൽ ബുധനാഴ്ച വീണ്ടും മത്സരത്തിനിറങ്ങുന്ന ജീതുവിെൻറ ലക്ഷ്യം ഗോൾഡ്കോസ്റ്റിലെ ഇരട്ട സ്വർണം. വനിതകളുടെ 10 മീ. എയർറൈഫിളിൽ മെഹുലി ഘോഷ് വെള്ളിയും അപുർവി ചന്ദേല വെങ്കലവും നേടി. ഫൈനലിൽ 17കാരിയായ മെഹുലി ഘോഷും സിംഗപ്പൂരിെൻറ മാർട്ടിന ലിൻഡ്സെ വെലോസോയും ഒപ്പത്തിനൊപ്പമായതോടെ ഷൂട്ട് ഒാഫിലാണ് സ്വർണജേതാവിനെ നിശ്ചയിച്ചത്. 10.3 സ്കോർ ചെയ്ത മാർട്ടിന ലിൻഡ്സെ സ്വർണവും 9.9 സ്കോർ ചെയ്ത ഘോഷ് വെള്ളിയും നേടി.
ഇന്ത്യക്ക് ഗുഡ്മിൻറൺ
ബാഡ്മിൻറണിൽ ഇന്ത്യൻ വാഴ്ചക്ക് അടിവരയിട്ട് മിക്സഡ് ടീം ഇനത്തിലെ സ്വർണം. തുടർച്ചയായി മൂന്ന് കോമൺവെൽത്ത് ഗെയിംസിലും ടീം സ്വർണമണിഞ്ഞ മലേഷ്യയെ 3-1ന് മലർത്തിയടിച്ച് ഇന്ത്യയുടെ സുവർണ നേട്ടം. ഇതിഹാസതാരം ലീ ചോങ്വെ നയിച്ച മലേഷ്യയെ സൈന നെഹ്വാളും കെ. ശ്രീകാന്തും ചേർന്ന് അട്ടിമറിച്ചപ്പോൾ നാലു മത്സരത്തിനുള്ളിൽ ഇന്ത്യ ചരിത്രസ്വർണമണിഞ്ഞു. മിക്സഡ് ഡബ്ൾസിൽ സാത്വിക് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം പെങ്സൂൺ-ലിയു യിങ് കൂട്ടിനെ വീഴ്ത്തിയാണ് ഇന്ത്യക്ക് ഉജ്ജ്വല തുടക്കം സമ്മാനിച്ചത്. രണ്ടാം മത്സരം മൂന്നു തവണ ഒളിമ്പിക്സ് റണ്ണർഅപ് ലീ ചോങ്വെയും ലോക രണ്ടാം നമ്പർ െക. ശ്രീകാന്തും തമ്മിൽ. എന്നാൽ, ഏകപക്ഷീയമായിതന്നെ ശ്രീകാന്ത് ലീ ചോങ്ങിനെ വീഴ്ത്തി. സ്കോർ: 21-17, 21-14. 2-0ത്തിന് ലീഡ് പിടിച്ച ഇന്ത്യക്ക് പുരുഷ ഡബ്ൾസിൽ അടിതെറ്റി. സാത്വിക് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ സഖ്യത്തെ വീഴ്ത്തി ഷെം ഗോ-വീ കിയോങ് കൂട്ട് (15-21, 20-22) മലേഷ്യക്ക് പ്രതീക്ഷ നൽകി. സൈന നെഹ്വാൾ-സോണിയ ചിയ സിംഗ്ൾസ് മത്സരത്തിലായി പിന്നീടുള്ള പ്രതീക്ഷ. ഒന്നാം ഗെയിമിൽ 21-11ന് ജയിച്ച സൈന രണ്ടാം ഗെയിമിൽ 19-21ന് വീണതോടെ ആശങ്കയായി. എന്നാൽ, നിർണായക മൂന്നാം ഗെയിമിൽ 21-9ന് തിരിച്ചടിച്ച സൈന ഇന്ത്യയുടെ സ്വർണം ഉറപ്പാക്കി.
ഡബ്ൾ ടി.ടി
ടേബ്ൾ ടെന്നിസിൽ വനിതകളുടെ ചരിത്രനേട്ടത്തിനു പിന്നാലെ പുരുഷ സ്വർണത്തിലും ഇന്ത്യൻ മുത്തം. ടീം വിഭാഗം ഫൈനലിൽ നൈജീരിയയെ 3-0ത്തിന് തോൽപിച്ചു. ടേബ്ൾ ടെന്നിസിലെ പവർഹൗസായ സിംഗപ്പൂരിനെ അട്ടിമറിച്ച് ഞായറാഴ്ച വനിതകൾ വെന്നിക്കൊടി പറത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ പുരുഷ സംഘത്തിെൻറ ചരിത്രനേട്ടം.
അജന്ത ശരത് കമൽ, ജി. സത്യൻ എന്നിവർ സിംഗ്ൾസിൽ അനായാസ ജയംനേടി. ജി. സത്യൻ മുൻ സിംഗ്ൾസ് ചാമ്പ്യനെതിരായ മത്സരത്തിെൻറ ആദ്യ ഗെയിമിൽ തോറ്റതിനു പിന്നാലെയാണ് ശക്തമായി തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ ഹർമീത് ദേശായ്-ജി. സത്യൻ സഖ്യം ഡബ്ൾസിലും ജയിച്ച് ഇന്ത്യക്ക് സുവർണം സമ്മാനിച്ചു.
പുരുഷ-വനിത ടീം ഇനത്തിലെ സ്വർണത്തോടെ ഇന്ത്യക്ക് ഇന്നാരംഭിക്കുന്ന സിംഗ്ൾസ് ഇനങ്ങളിലും മെഡൽപ്രതീക്ഷ സജീവമായി.
അഞ്ചാം ദിനം ഇന്ത്യ
3 സ്വർണം; 2 വെള്ളി, 2 വെങ്കലം
- സ്വർണം: •ജീതു റായ് (10 മീ. എയർപിസ്റ്റൾ) •ബാഡ്മിൻറൺ മിക്സഡ് ടീം •ടേബ്ൾ ടെന്നിസ് പുരുഷ ടീം
- വെള്ളി: •മെഹുലി ഘോഷ് (10 മീ. എയർറൈഫ്ൾ) •പ്രദീപ് സിങ് (വെയ്റ്റ് ലിഫ്റ്റിങ് 105 കിലോ)
- വെങ്കലം: •ഒാംപ്രകാശ് മിതർവാൾ (10 മീ. എയർ പിസ്റ്റൾ) •അപുർവി ചന്ദേല (10 മീ. എയർ റൈഫ്ൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.