പാചകക്കാരൻ കോവിഡ് ബാധിച്ചു മരിച്ചു; ബംഗളൂരു സായിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ
text_fieldsബംഗളൂരു: സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായി) ബംഗളൂരു കേന്ദ്രത്തിലെ മുതിർന്ന പാചകക്കാരൻ കോവിഡ്-19നെ തുടർന്ന് മരിച്ചതോടെ മുപ്പതോളം ജീവനക്കാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ. പാചകക്കാരൻ സമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലും മലയാളികളടക്കുമുള്ള കായിക താരങ്ങളോട് മുറിയിൽതന്നെ കഴിയാനാണ് നിർദേശിച്ചത്.
ലോക്ഡൗണിനെ തുടർന്ന് പുറത്തുനിന്നു വരുന്ന ജീവനക്കാർക്ക് ഉൾപ്പെടെ സായി കാമ്പസിൽ പ്രവേശനം നിഷേധിച്ചിരുന്നു. കായിക പരിശീലനത്തിന് ഉൾപ്പെടെ ഇളവ് അനുവദിച്ചതോടെ മെസ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ സായി കേന്ദ്രത്തിന് സമീപം താമസിച്ചിരുന്ന മുതിർന്ന പാചകക്കാരൻ കഴിഞ്ഞ വെള്ളിയാഴ്ച എത്തിയിരുന്നു.
തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ചൊവ്വാഴ്ചയാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായത്. സായിയിലെ യോഗത്തിൽ പങ്കെടുക്കും മുമ്പ് നടത്തിയ സ്ക്രീനിങ്ങിൽ രോഗ ലക്ഷണം ഉണ്ടായിരുന്നില്ല.
നിയന്ത്രണം കർശനമാക്കുന്നതിനായി സായി ബംഗളൂരു കേന്ദ്രം പൂർണമായും അടച്ചു. ഇന്ത്യന്‍ പുരുഷ, വനിത ഹോക്കി ടീമംഗങ്ങളും ഒളിമ്പിക്സിനായി പരിശീലനം നടത്തുന്ന അത്ലറ്റിക് സ്ക്വാഡിലെ പത്തു പേരും 15 സായി ഉദ്യോഗസ്ഥരും കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ലോക്ഡൗണ്‍ തീര്‍ന്നാലുടന്‍ താരങ്ങൾ പരിശീലനം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.