01:59:40.2: രണ്ടു മണിക്കൂറിൽ താഴെ മാരത്തൺ ഫിനിഷ് ചെയ്യുന്ന ആദ്യ താരമായി എലിയൂഡ് കിപ്‌ചോഗെ
text_fieldsവിയന: ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പുരുഷാരത്തിെൻറ കരഘോഷങ്ങൾക്കു മധ്യേ ൈകകൾ വീശി എലിയൂഡ് കിപ്‌ചോഗെ ഫിനിഷിങ് പോയൻറിലേക്ക് കാലെടുത്തുവെച്ചപ്പോൾ ഇലക്ട്രോണിക് കവാടത്തിെൻറ സമയസൂചികയിൽ 01:59:40.2 എന്ന് തെളിഞ്ഞു. അവിശ്വസനീയതയിൽ മുങ്ങിയ ആ സമയക്കുറിയിൽ ലോകം അതിശയിച്ചുനിൽക്കുകയായിരുന്നു പിെന്ന. ഓസ്ട്രിയൻ തലസ്ഥാനനഗരിയിലെ ആ അത്ഭുത പ്രകടനത്തിനു തുല്യമായതൊന്ന് മാരത്തണിെൻറ കഴിഞ്ഞകാല ചരിത്രത്തിലുണ്ടായിട്ടില്ല. ഹാഫ് മാരത്തൺ മണിക്കൂറിൽ താഴെ സമയത്തിൽ ഓടിയെത്തി വിസ്മയം കുറിച്ചതിനുശേഷമാണ് വേഗവും ഊർജവും കരുത്താക്കി സമയസൂചികളെ കിപ്‌ചോഗെ ഒരിക്കൽകൂടി പിന്നിലാക്കിയത്.
മാരത്തണിൽ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ച കെനിയൻ താരം രണ്ടു മണിക്കൂറിൽ താഴെ മാരത്തൺ ഫിനിഷ് ചെയ്യുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഒളിമ്പിക്-ലോക ജേതാവായ കിപ്‌ചോഗെ വിയനയിലെ തണുത്ത ഈർപ്പം നിറഞ്ഞ കാലാവസ്ഥയെ വകഞ്ഞുമാറ്റിയാണ് ഒരു മണിക്കൂർ 59 മിനിറ്റ് 40 സെക്കൻഡുകൾക്കകം മത്സരം പൂർത്തിയാക്കിയത്. അനൗദ്യോഗിക മത്സരമായതിനാൽ അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷൻ (ഐ.എ.എ.എഫ്) ഇത് റെക്കോഡിന് പരിഗണിക്കുകയില്ല. രണ്ടു വർഷംമുമ്പ് ഇറ്റലിയിലെ മോണ്‍സയില്‍ 25 സെക്കൻഡുകളുടെ വ്യത്യാസത്തിൽ തനിക്ക് നഷ്ടമായ നേട്ടം വിയനയിൽ എത്തിപ്പിടിക്കാനായതിെൻറ ചാരിതാർഥ്യത്തിലാണ് 34കാരൻ. ഓരോ കിലോമീറ്ററും 2.50 മിനിറ്റിൽ ഓടിത്തീർത്താണ് കിപ്‌ചോഗെ ലക്ഷ്യം നേടിയത്.
മത്സരം അവസാനിക്കുന്നതുവരെ കിപ്‌ചോഗെയുടെ വേഗം കുറയാതിരിക്കാനായി 41 പേസ്മേക്കർ അത്‌ലറ്റുകള്‍ കൂടെ ഓടുകയും ഓട്ടത്തിെൻറ ഓരോ ഘട്ടത്തിലും നിലവിലെ വേഗത്തില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് കാണിക്കുന്ന കാർ ട്രാക്കിലൂടെ ഓടിക്കുകയും ചെയ്തിരുന്നു. ഇതിന് ഐ.എ.എ.എഫ് അനുമതി നൽകുന്നില്ല. 2018ലെ ബർലിൻ മാരത്തണിൽ രണ്ടു മണിക്കൂർ ഒരു മിനിറ്റ് 39 സെക്കൻഡിന് ഫിനിഷ് ചെയ്ത കിപ്‌ചോഗെയുടെ പേരിൽ തന്നെയാണ് നിലവിലെ ലോക റെക്കോഡ്. പേസ്മേക്കർ അത്ലറ്റുകൾക്ക് നന്ദി അറിയിച്ച കിപ്‌ചോഗെ ‘നമ്മളൊരുമിച്ചാണ് ചരിത്രമെഴുതിയത്’ എന്ന് അവരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.