50ാം മത്സരവും ജയിച്ച് ഇതിഹാസമായി മെയ്വെതർ
text_fieldsലാസ് വെഗാസ്: റിങ്ങിലെ ഇതിഹാസ രാജാവിെൻറ ഇടിയുടെ ശക്തി മക്ഗ്രെഗറും നന്നായി അറിഞ്ഞു. ഇടിക്കൂട്ടിലെ സിംഹം താൻതന്നെയാണെന്ന് തെളിയിച്ച് ഫ്ലോയിഡ് മെയ്വെതർക്ക് 50ാം മത്സരത്തിലും ജയം. മത്സരത്തിനുമുമ്പുള്ള വാക്പോരിൽ മുന്നിട്ടു നിന്ന െഎറിഷ് താരത്തെ 10ാം റൗണ്ടിൽതന്നെ ഇടിച്ചിട്ട് മെയ്വെതർ അജയ്യനാണെന്ന് ഒരിക്കൽകൂടി കുറിച്ചിട്ടു. നൂറ്റാണ്ടിലെ പോരിൽ പാക്വിയാവോയെ ഇടിച്ചിട്ടുവീഴ്ത്തിയ ആ മുഷ്ടികൾ മക്ഗ്രെഗറുടെ മുഖങ്ങളിൽ പതിച്ചപ്പോൾ, മെയ്വെതർ എന്ന അതികായെൻറ വീര്യം ലോകം ഒരിക്കൽകൂടി നേരിട്ടുകണ്ടു.
‘‘മക്ഗ്രെഗർ ശക്തനായ എതിരാളിയായിരുന്നു. എന്നാൽ, ഇൗ രാത്രി ഞാൻ അയാളേക്കാൾ കരുത്തനായിരുന്നു’’ -മത്സരശേഷം മെയ്വെതർ പ്രതികരിച്ചു. മുൻ വെൽറ്റർവെയ്റ്റ് ബോക്സിങ് ചാമ്പ്യനായിരുന്ന മെയ്വെതർ വിരമിച്ച് രണ്ടുവർഷത്തിനുശേഷം മക്ഗ്രെഗറുടെ വെല്ലുവിളി സ്വീകരിച്ചാണ് വീണ്ടും റിങ്ങിലേക്കെത്തുന്നത്. മത്സരത്തിനുമുമ്പുള്ള വാക്പോരിൽ െഎറിഷ് താരം മെയ്വെതറെ കടത്തിവെട്ടിയപ്പോൾ, സൂപ്പർ പോരാട്ടത്തിനായി ആരാധകർ കാത്തിരുന്നു. എന്നാൽ, എതിരാളിയെ ഒരുനിലക്കും ആധിപത്യംപുലർത്താൻ അനുവദിക്കാതെ ഇടിക്കൂട്ടിലെ ചോദ്യംചെയ്യപ്പെടാത്ത അപ്രമാദിത്വം മെയ്വെതർ ഒരിക്കൽകൂടി തെളിയിച്ചു.
ആദ്യ മൂന്ന് റൗണ്ടുകളിൽ മെയ്വെതർ െഎറിഷ് താരത്തെ പ്രതിരോധിച്ചുനിൽക്കുകയായിരുന്നു. എന്നാൽ, നാലാം റൗണ്ട് മുതൽ മെയ്വെതർ തനിനിറം കാണിച്ചുതുടങ്ങി. കൗണ്ടർ പഞ്ചുകളുമായി മെയ്െവതർ ആക്രമണവീര്യം പതുക്കെ കൂട്ടി. മക്ഗ്രെഗറുടെ പിഴവുകൾ മനസ്സിലാക്കി തുടരത്തുടരെ ആക്രമിച്ചുകൊണ്ടേയിരുന്നു. അഞ്ച്, ആറ്, ഏഴ് റൗണ്ടുകളിലും മെയ്വെതർ കരുത്തുചോരാതെ ഇടിതുടർന്നു.
ഒമ്പതാം റൗണ്ടായപ്പോഴേക്കും മക്ഗ്രെഗർ തളർന്നിരുന്നു. പത്താം റൗണ്ടിൽ മെയ്വെതർക്ക് ചടങ്ങുതീർക്കേണ്ട ബാധ്യത മാത്രേമ ഉണ്ടായിരുന്നുള്ളൂ. പത്താം റൗണ്ട് തുടങ്ങി നിമിഷങ്ങൾക്കകം മക്ഗ്രെഗർ തോൽവി സമ്മതിച്ചു. തുടർച്ചയായ ഒമ്പതു പഞ്ചുകൾക്കുശേഷമായിരുന്നു ഇത്. 170 പഞ്ചുകളാണ് െഎറിഷ് താരത്തിെൻറ മുഖത്ത് പതിച്ചത്. കരിയറിൽ 50 വിജയം പിന്നിട്ടതോടെ, അമേരിക്കയുടെ ഹെവിവെയ്റ്റ് ഇതിഹാസം റോക്കി മാർഷിയാനോയുടെ 49 വിജയങ്ങളെന്ന റെക്കോഡ് മെയ്വെതർ മറികടന്നു. ഇനി റിങ്ങിലേക്കൊരു മടക്കമുണ്ടാവില്ലെന്ന് മെയ്വെതർ മത്സരശേഷം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.