തെറ്റ് ഏറ്റുപറയാൻ പി.ടി ഉഷ തയാറാകണം -ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: പി.യു. ചിത്രയുടെ കാര്യത്തിൽ പി.ടി. ഉഷക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ കായികലോകത്തോട് മാത്രമല്ല സമസ്ത ജനങ്ങളോടും തെറ്റ് ഏറ്റുപറയണമെന്ന് മന്ത്രി ജി. സുധാകരൻ. ദേശീയ അത്ലറ്റിക് ഫെഡറേഷെൻറ നീതിനിഷേധത്തിനെതിരെ കേരള കാമരാജ് കോൺഗ്രസിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പി.യു. ചിത്രക്കൊപ്പം’ പ്രതീകാത്മക പ്രതിഷേധ കൂട്ടയോട്ടവും പൗരസ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനെങ്ങനെയാണ് ഈ നിലയിലെത്തിയതെന്ന് ഉഷ മറന്നുപോയത് കഷ്ടമായി. ഒരു കാലത്ത് ചിത്രയെപ്പോലെ കായികനേട്ടങ്ങൾ കൊയ്തപ്പോൾ താനടക്കമുള്ളവർ ഉഷയെ യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിെൻറ പിന്തുണകൊണ്ടാണ് അവർ വളർന്നത്. ഇന്ന് ആ പിന്തുണ ചിത്രക്കാണ്. ഉഷക്കുള്ള പിന്തുണ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു. ആ ചോദ്യചിഹ്നം മാഞ്ഞുപോകണമെങ്കിൽ മാപ്പ് പറയണ്ട, പക്ഷേ ചെയ്ത തെറ്റ് ഏറ്റുപറയാൻ ഉഷ തയാറാകണമെന്നും ജി. സുധാകരൻ പറഞ്ഞു.
പി.യു. ചിത്രക്കും കോച്ച് സിജിനും പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. വി.ജെ.ടി ഹാളിൽ നടന്ന പരിപാടിയിൽ കെ.കെ.സി സംസ്ഥാന പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഡി. മോഹനൻ, സുഭാഷ് ബോസ് ആറ്റുകാൽ, പയ്യന്നൂർ ഷാജി എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ സ്വാഗതവും ജില്ല പ്രസിഡൻറ് എസ്. സനൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.