ഗാഹിര്‍മാത, ‘ഒല്ലി’യുടെ ഈറ്റില്ലം
text_fieldsഭുവനേശ്വർ: നീണ്ടു പരന്നുകിടക്കുന്ന ഗാഹിര്‍മാത കടല്‍ത്തീരം ഒരു കൂട്ടം പെണ്ണുങ്ങളുടെ ഈറ്റില്ലമാണ്. വംശനാശം നേരിടുന്ന ഒലിവ് റിഡ്ലി എന്ന കടലാമകളുടെ പ്രസവവാര്ഡാണിത്. ലക്ഷക്കണക്കിന് ഒലിവ് റിഡ്ലി ആമകളാണ് ഗാഹിര്മാതയില് വര്‍ഷംതോറും എത്തുന്നത്. ഋഷികുല്യ, ദേവി എന്നീ നദികളുടെ അഴിമുഖങ്ങളിലും ഇവര്‍ മുട്ടയിടാന്‍ വിരുന്നുവരാറുണ്ട്. വംശനാശഭീഷണി കാരണം റെഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെട്ട ഒലിവ് റിഡ്ലി കടലാമയാണ് ഭുവനേശ്വര്‍ ആതിഥേയത്വം വഹിക്കുന്ന 22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ ഭാഗ്യചിഹ്നം. പച്ചയണിഞ്ഞ കാലും തലയും വാലുമായി അത്ലറ്റുകളെയും അതിഥികളെയും കൈനീട്ടി സ്വീകരിക്കുന്ന കടലാമക്ക് ‘ഒല്ലി’ എന്നാണ് സംഘാടകര്‍ പേരിട്ടിരിക്കുന്നത്. ഒല്ലി എന്ന പോരാളി എന്നാണ് മുഴുവന്‍ പേര്. നാടിെൻറ ഓമനയായ ‘ഒല്ലി’യെ കായികപ്രേമികള്‍ ഹൃദയത്തിലാവാഹിച്ചുകഴിഞ്ഞു. ഒല്ലിയുടെ സംസ്ഥാന പര്യടനത്തിന് സ്നേഹവായ്പോടെയുള്ള സ്വീകരണമാണ് ലഭിച്ചിരുന്നത്.
ശാന്തസമുദ്രത്തിലും ഇന്ത്യയിലെ കടലുകളിലും ചൂടുള്ള ഭാഗത്താണ് ഒലിവ് റിഡ്ലി ആമകള്‍ നീന്തിത്തുടിക്കുന്നത്. പസഫിക് റിഡ്ലി കടലാമകള്‍ എന്നും ഇവയെ വിളിക്കും. ശ്രീലങ്കന്‍ തീരത്തുനിന്ന് കിലോമീറ്ററുകള്‍ താണ്ടി ഗാഹിര്‍മാത തീരത്ത് മുട്ടയിടാനെത്തുന്ന ആമകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ആറു ലക്ഷം പെണ്ണാമകളാണ് എത്തിയത്. 2001ല്‍ 7.4 ലക്ഷവും 2000ത്തില്‍ 7.1 ലക്ഷവും ആമകള്‍ മുട്ടയിട്ട് മടങ്ങിയിരുന്നു. ആള്‍പ്പെരുമാറ്റമില്ലാത്ത ബീച്ചില്‍ ശക്തമായ നിരീക്ഷണസംവിധാനമുള്ളതിനാല് ആമമുട്ടകള്‍ സംരക്ഷിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.