ആരോഗ്യ-കായിക പുസ്തകമുണ്ട്; പഠിപ്പിക്കാനാളില്ല
text_fieldsമലപ്പുറം: അധ്യയനവർഷം ആരംഭിച്ച് ഒരു മാസം പിന്നിടവെ കായിക വിദ്യാഭ്യാസം പ്രതിസന്ധിയിൽ. പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകൾക്ക് ആരോഗ്യ-കായിക വിദ്യാഭ്യാസ പാഠപുസ്തകവും തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമുണ്ട്. എന്നാൽ, പഠിപ്പിക്കാൻ അധ്യാപകരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്തെ കായികാധ്യാപക-വിദ്യാർഥി അനുപാതവും അദ്ഭുതപ്പെടുത്തുന്നതാണ്.
ഗവ.-എയ്ഡഡ് മേഖലയിൽ ആകെ യു.പി, ഹൈസ്കൂളുകൾ 5404 ആണ്. ഇവയിൽ 2385 എണ്ണത്തിലേ ഫിസിക്കൽ എജുക്കേഷൻ ടീച്ചർമാരുള്ളൂ. ബാക്കി 3019 പൊതുവിദ്യാലയങ്ങളിലും തസ്തിക ഇല്ലാത്തതോ ഒഴിഞ്ഞുകിടക്കുന്നതോ ആണ്. 10.07 ലക്ഷം കുട്ടികൾ യു.പിയിലും 11.87 ലക്ഷംപേർ ഹൈസ്കൂളിലും പഠിക്കുന്നുണ്ട്. 873 ഗവ. യു.പി സ്കൂളുകളിൽ 730ലും കായികാധ്യാപകനില്ല. 1,225 ഗവ. ഹൈസ്കൂളുകളിൽ കായികാധ്യാപകരുള്ളത് 615 എണ്ണത്തിൽ മാത്രം. 3,306 എയ്ഡഡ് യു.പി, ഹൈസ്കൂളുകളിൽ 1,627ൽ മാത്രമേ കായികാധ്യാപകരുള്ളൂ.
യു.പി സ്കൂളുകളിൽ 500 കുട്ടികളുണ്ടെങ്കിൽ മാത്രമാണ് സ്പെഷലിസ്റ്റ് അധ്യാപക തസ്തിക (കല, കായികം, പ്രവൃത്തിപരിചയം ഇവയിലേതെങ്കിലും ഒന്ന്) അനുവദിക്കുക. എട്ട്, ഒമ്പത് ക്ലാസുകളിൽ അഞ്ച് ഡിവിഷനുണ്ടെങ്കിലേ ഹൈസ്കൂളിൽ തസ്തിക അനുവദിക്കൂ എന്നതാണ് ചട്ടം. നിയമനം ഹൈസ്കൂളിലാണെങ്കിലും പ്രൈമറി അധ്യാപകരുടെ ശമ്പളം മാത്രമാണിപ്പോഴും. തലയെണ്ണൽ കഴിഞ്ഞ് സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയായതോടെ കായികാധ്യാപക തസ്തിക പലതും നഷ്ടപ്പെടുമെന്ന് ഉറപ്പായി.
ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തികയില്ല. ആരോഗ്യ-കായിക വിദ്യാഭ്യാസ പാഠപുസ്തകം പഠിപ്പിക്കാനും കായികമേളകൾക്ക് പരിശീലനം ഉറപ്പുവരുത്താനും അധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും വിദ്യാഭ്യാസ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നടപടിയില്ലാത്ത പശ്ചാത്തലത്തിൽ ഗെയിംസുകളും കായികോത്സവങ്ങളും ബഹിഷ്കരിക്കുമെന്ന് കാണിച്ച് സംയുക്ത കായികാധ്യാപക സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.