ലോക അണ്ടർ 20 അത്ലറ്റിക്സ്: ഇന്ത്യക്ക് ചരിത്രസ്വർണം
text_fieldsന്യൂഡൽഹി: ‘‘ഞാൻ സ്വപ്നലോകത്താണ്’’ -െഎതിഹാസിക നേട്ടത്തിനു പിന്നാലെ ഹിമ ദാസ് എന്ന 18കാരിയുടെ വാക്കുകൾ ഇതായിരുന്നു. ‘‘ഞാനിപ്പോൾ ലോക ജൂനിയർ ചാമ്പ്യനാണ്. വിശ്വസിക്കാനാവുന്നില്ല. മാതാപിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടാണ് എന്നെ ഇൗ നിലയിലെത്തിച്ചതെന്ന് എനിക്കറിയാം. അവർക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും ഇത്രയെങ്കിലും ചെയ്യാനായതിൽ സന്തോഷം’’ -സന്തോഷാശ്രുക്കളോടെ ഹിമയുടെ വാക്കുകൾ.
ഇന്ത്യൻ അത്ലറ്റിക്സിെൻറ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു ഹിമയുടെ കാലുകളിലൂടെ കഴിഞ്ഞദിവസം ഫിൻലൻഡിൽ നടക്കുന്ന അന്താരാഷ്ട്ര അമച്വർ അത്ലറ്റിക് ഫെഡറേഷൻ അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (ലോക ജൂനിയർ അത്ലറ്റിക് മീറ്റ്) പിറവിയെടുത്തത്.
ആദ്യമായാണ് ഒരു ഇന്ത്യൻ അത്ലറ്റ് ലോകതലത്തിൽ ട്രാക്കിനത്തിൽ സ്വർണം നേടുന്നത്. 2016ൽ പോളണ്ടിൽ നടന്ന ലോക ജൂനിയർ മീറ്റിൽ ഫീൽഡ് ഇനമായ ഡിസ്കസിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു. 2002ൽ സീമ പൂനിയയും 2014ൽ നവ്ജീത് കൗറും ഡിസ്കസിൽ ലോക ജൂനിയർ മീറ്റിൽ വെങ്കലം നേടിയിട്ടുണ്ട്. 400 മീറ്റർ ഒാട്ടത്തിൽ 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ ലോക ജൂനിയർ മീറ്റിൽ സ്വർണം നേടിയത്. ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഹിമ ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഗുവാഹതിയിൽ നടന്ന അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 51.13 സെക്കൻഡിൽ ഒാടിയെത്തി ദേശീയ അണ്ടർ 20 റെക്കോഡ് പഴങ്കഥയാക്കിയ ഹിമ ഏഷ്യൻ ഗെയിംസിലും യോഗ്യത ഉറപ്പാക്കിയാണ് ഫിൻലൻഡിലേക്ക് പറന്നത്.
ആസാമിലെ ദരിദ്ര കുടുംബത്തിലാണ് ഹിമയുടെ ജനനം. നഗാവോൻ ജില്ലയിലെ കന്തുലിമാരി ഗ്രാമത്തിൽ കൃഷിക്കാരനായ രോഞ്ജൻ ദാസും ജുനാലിയുമാണ് മാതാപിതാക്കൾ. നാലു മക്കളിൽ മൂത്തവളാണ് ഹിമ. മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. ചെറുപ്പം മുതൽ തന്നെ ഹിമ മാനസികമായും ശാരീരകമായും കരുത്തുള്ളവളായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ‘‘അവർ ദൃഢനിശ്ചയമുള്ളവളാണ്. എന്തെങ്കിലും ചെയ്യാൻ കരുതിയാൽ ചെയ്തേ അടങ്ങൂ. ഒന്നും അവൾക്ക് തടസ്സമാവില്ല. ശാരീരികമായും അവർ ശക്തയാണ്. ആൺകുട്ടികളുടെ അതേ കരുത്തോടെ ചെറുപ്പം മുതലേ അവൾ ഫുട്ബാൾ കിക്ക് ചെയ്തിരുന്നു. ആൺകുട്ടികളുടെ കൂടെ ഫുട്ബാൾ കളിക്കുന്നത് വിലക്കിയിട്ടും അവൾ അനുസരിച്ചില്ല’’ -രോഞ്ജൻ ദാസ് ഒാർത്തു. ഹിമ അത്ലറ്റിക്സിലേക്ക് തിരിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും മകൾ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ട്രാക്കിലിറങ്ങുേമ്പാൾ മെഡലിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും പരമാവധി വേഗത്തിൽ ഒാടാനാണ് ശ്രമിക്കാറെന്നും ഹിമ പറഞ്ഞു. ‘‘ഇപ്പോൾ പ്രത്യേക ലക്ഷ്യമൊന്നുമില്ല. പരമാവധി ശ്രമിക്കുക, രാജ്യത്തിനായി നേട്ടങ്ങളുണ്ടാക്കുക. അത് മാത്രമാണ് മനസ്സിൽ’’ -താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.