അമരത്ത് അമേരിക്ക; ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനം
text_fieldsലണ്ടൻ: ട്രാക്കിൽ അമേരിക്കൻ തിരിച്ചുവരവോടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി. രണ്ടുവർഷം മുമ്പ് ബെയ്ജിങ്ങിൽ കെനിയൻ കുതിപ്പിന് മുന്നിൽ അടിതെറ്റിയ അമേരിക്ക ലണ്ടനിൽ കണക്കുതീർത്തപ്പോൾ എതിരാളികളെക്കാൾ ഏറെ മുന്നിൽ. 10 ദിനം നീണ്ട ലോക മീറ്റിന് കൊടിയിറങ്ങിയപ്പോൾ 10 സ്വർണവും 11 വെള്ളിയും ഒമ്പതു വെങ്കലവും അടക്കം 30 മെഡലുകളോടെയാണ് അമേരിക്ക ചാമ്പ്യൻപട്ടം തിരിച്ചുപിടിച്ചത്. മുൻവർഷത്തെ ചാമ്പ്യന്മാരായ കെനിയ 5-2-4 എന്ന നിലയിൽ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക (3-1-2), ഫ്രാൻസ് (3-0-2) എന്നിവർ മൂന്നും നാലും സ്ഥാനക്കാരായി.
1991 ടോക്യോ ലോക മീറ്റിൽ അശ്വമേധം ആരംഭിച്ച അമേരിക്കയുടെ 12ാം ചാമ്പ്യൻഷിപ് കിരീടമാണിത്. ഇതിനിടെ രണ്ടു തവണ മാത്രമേ (2001 റഷ്യ, 2015 കെനിയ) അമേരിക്കക്ക് ചാമ്പ്യൻപട്ടം കൈവിട്ടിട്ടുള്ളൂ.
മീറ്റിെൻറ അവസാന ദിനത്തിൽ വനിതകളുടെ 800 മീറ്ററിൽ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയും 5000ത്തിൽ കെനിയയുടെ ഹെലൻ ഒബിറിയും സ്വർണപ്പട്ടികയിൽ ഇടംപിടിച്ചു. 1500 മീറ്ററിൽ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ അസ്ബൽ കിപ്റോപിനെ പിന്തള്ളി കെനിയയുടെ എലിജ മൊേട്ടാണി മനൻഗോയ കന്നി ലോക കിരീടം നേടി. 3 മിനിറ്റ് 33.61സെക്കൻഡിലാണ് എലിജ ഫിനിഷിങ് ലൈൻ കടന്നത്. 2011, 13, 15 ലോകമീറ്റിലും 2008 ബെയ്ജിങ് ഒളിമ്പിക്സിലും സ്വർണം നേടിയ അസ്ബൽ കിപ്റോപ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെനിയയുടെ തിമോതി ചെറുയിതിനാണ് വെള്ളി.
ഇരട്ട സ്വർണം ലക്ഷ്യമിട്ട് 5000ത്തിൽ ഇറങ്ങിയ ഇത്യോപ്യയുടെ അൽമാസ് അയാനയുടെ മിഡ്റേസ് വെല്ലുവിളിയെ മറികടന്നാണ് (14 മി. 34.86 സെ) ഹെലൻ ഒബിറി ആദ്യ ലോകമീറ്റ് സ്വർണമണിഞ്ഞത്. 10,000 മീറ്ററിൽ സ്വർണം നേടിയ അൽമാസ് അയാന വെള്ളിയിലൊതുങ്ങി.
800 മീറ്ററിൽ റിയോ ഒളിമ്പിക്സിലെ സ്വർണം അതിനേക്കാൾ മികച്ച സമയത്തോടെ കാസ്റ്റർ സെമന്യ ലണ്ടനിൽ നിലനിർത്തി. ഒരു മിനിറ്റ് 55.16 സെക്കൻഡിലായിരുന്നു ദക്ഷിണാഫ്രിക്കൻ താരം ലീഡിങ് സമയം കുറിച്ചത്.
4x400 മീറ്റർ റിലേ വനിതകളിൽ അമേരിക്ക ജേതാവായപ്പോൾ (3:19.02 മീ), പുരുഷന്മാരിൽ ട്രിനിഡാഡ്-ടുബേഗോയുടെ അട്ടിമറി (2:58.12 മീ). അമേരിക്ക രണ്ടാം സ്ഥാനത്തായി. പുരുഷവിഭാഗം ഹൈജംപിൽ ഖത്തറിെൻറ മുതാസ് ഇൗസ ബർഷിം സ്വർണമണിഞ്ഞു. 2.35 മീറ്റർ ചാടിയാണ് മുതാസ് ഇൗസ കരിയറിലെ ആദ്യ ലോകമീറ്റ് സ്വർണം നേടുന്നത്. 2013ൽ വെള്ളി നേടിയിരുന്നു. റിയോ ഒളിമ്പിക്സിൽ വെങ്കലവും.
2019 സെപ്റ്റംബറിൽ ഖത്തറാണ് അടുത്ത ലോക ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.