മൂഡബിദ്രിയിൽ പോരാട്ടചൂട്
text_fieldsമൂഡബിദ്രി: യോഗ്യതാ മത്സരങ്ങളും സെമിഫൈനലുകളുമായി ചൂടുപിടിച്ച മൂഡബിദ്രിയിലെ സ്വരാജ് മൈതാനിയെ കുളിരണിയിച്ചുകൊണ്ടാണ് മഴമേഘങ്ങൾ 79ാം അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിെൻറ ആദ്യപകലിന് തിരശ്ശീലയിട്ടത്.
മീറ്റിലെ ആദ്യദിനത്തിലെ സെമിഫൈനൽ മത്സരങ്ങൾക്കുശേഷം വൈകീട്ട് നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിനിടെയാണ് ശക്തമായ മഴ പെയ്തത്. ഇതോടെ ഞായറാഴ്ച വൈകീട്ടത്തെ മത്സരങ്ങൾക്കും മഴ ഭീഷണിയായി. മത്സരാര്‍ഥികളുടെ ആധിക്യം ആദ്യദിനത്തിലെ ഹീറ്റ് മത്സരങ്ങൾ നീളാനിടയാക്കി. രാവിലെ 11.15ഒാടെ ആരംഭിച്ച പുരുഷ വിഭാഗം 100 മീറ്റർ ഹീറ്റ്സ് ഉച്ചയോടെയാണ് അവസാനിച്ചത്. ഉച്ചക്ക് 12.30 ന് ആരംഭിക്കേണ്ടിയിരുന്ന വനിതകളുടെ 100 മീറ്റർ ഹീറ്റ്സ് വൈകീട്ട് നാലിനാണ് പൂർത്തിയായത്.
മീറ്റ് കർണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര ഉദ്ഘാടനം ചെയ്തു. പി.ടി. ഉഷ മുഖ്യാതിഥിയായിരുന്നു. വനിതാവിഭാഗത്തിൽ 27 ഹീറ്റ്സും പുരുഷന്മാരിൽ 41 ഹീറ്റ്സുമാണ് 100 മീറ്ററിൽ മാത്രം നടന്നത്. ഹീറ്റ്സ് മത്സരം നീണ്ടുപോയത് താരങ്ങളെയും വലച്ചു. അതേസമയം, മീറ്റിന് ഉത്തേജക പരിശോധനക്കായി നാഡ സംഘമെത്താത്തത് വിമർശനത്തിനിടയാക്കി. ഫൈനലുകളൊന്നും നടക്കാത്ത ആദ്യദിനത്തിൽ എം.ജി, കാലിക്കറ്റ്, കേരള സർവകലാശാലകളിലെ താരങ്ങൾ സെമി ഫൈനൽ, ഫൈനൽ എന്നിവയിലേക്ക് മുന്നേറി.
100ൽ സെമിയിലേക്ക്
മലയാളി താരങ്ങൾ
വനിതകളുടെ 100 മീറ്ററിൽ സെമിയിലെത്തിയ എം.ജിയുടെ എൻ.എസ്. സിമിയും (11.83), ഭാരതിദാസൻ സർവകലാശാലയുടെ എസ്. ധനലക്ഷ്മിയും (11.72) മധുരൈ കാമരാജിലെ വി. രേവതിയും (11.75) തമ്മിലാണ് ഞായറാഴ്ച മത്സരം. പുരുഷന്മാരുടെ 100 മീറ്ററിൽ എം.ജിയുടെ മുഹമ്മദ് അജ്മൽ, ഒാംകാർനാഥ് എന്നിവർ സെമിയിലേക്ക് കടന്നു.
ഇന്ന് ഫൈനൽ സൺഡേ
പുരുഷവിഭാഗം 20 കിലോ മീറ്റര്‍ നടത്തത്തോടെയാണ് ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. മീറ്റിലെ വേഗമേറിയ പുരുഷ-വനിത താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ ഉൾപ്പെടെ 13 ഫൈനലുകളാണ് ഞായറാഴ്ച നടക്കുക. ഇരുവിഭാഗങ്ങളിലെയും 5000 മീ., 400 മീ ഹർഡിൽസ്, 100 മീ., 800 മീ., 20 കി.മീ നടത്തം (പുരുഷവിഭാഗം), ഷോട്ട്പുട്ട് (പുരുഷ വിഭാഗം), വനിത വിഭാഗം ലോങ് ജംപ്, ഹൈജംപ്, ഡിസ്കസ് ത്രോ എന്നിവയുടെ ഫൈനലുകളും ഞായറാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.