മൂന്നാം ദിനം കേരളത്തിലേക്ക് ശാലിനിയുടെ ഒരു സ്വർണവും ജെറിെൻറ വെള്ളിയും മാത്രം
text_fieldsമൂഡബിദ്രി: പ്രളയകാലം ബാക്കിവെച്ച സങ്കടക്കടലിൽനിന്നും ഉദിച്ചുയർന്ന് വി.കെ. ശാലിനിയുടെ സുവർണനേട്ടം. 400 മീറ്റർ ഒാട്ടത്തിൽ 54.21 സെക്കൻഡിൽ ഫിനിഷ് െചയ്താണ് എം.ജി സർവകലാശാലയുടെ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിലെ വി.കെ. ശാലിനി പൊന്നണിഞ്ഞത്. എം.ജിയുടെ തന്നെ ജെറിൻ ജോസഫ് വെള്ളി നേടി.
മൂന്നു സെൻറ് സ്ഥലത്തെ കൊച്ചുകൂര പ്രളയകാലത്തെ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചലിലും തകർന്നതിെൻറ കണ്ണീരിൽനിന്നാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ 20കാരി ശാലിനി ട്രാക്കിൽ തീപടർത്തിയത്. നെടുങ്കണ്ടം ടൗണില്‍നിന്നും അരമണിക്കൂര്‍ മലകയറിവേണം ഇവരുടെ ചെമ്പകക്കുഴിയിലെ വീട്ടിലെത്താൻ. വീട് നവീകരിക്കാൻ നെടുങ്കണ്ടം പഞ്ചായത്തിൽ ഉൾപ്പെടെ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. പിറവം സ്വദേശിയായ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ കായികാധ്യാപകനായ ജോൺ ബേബി ജോസഫ് ദിവസവും 25 കിലോമീറ്റർ സഞ്ചരിച്ച് എറണാകുളം മഹാരാജാസിലെ സിന്തറ്റിക് ട്രാക്കിലെത്തിയാണ് ബി.എ. ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശാലിനിയെ പരിശീലിപ്പിച്ചത്. ഒരു വർഷമായി വീട്ടിൽ പോകാതെയാണ് പരിശീലനം നടത്തിയത്. വീട് തകർന്നതോടെ മാതാവ് ശാന്ത ബന്ധുവീട്ടിലായി.
ശാലിനിയുടെ ചെലവുകളെല്ലാം വഹിക്കുന്നത് ജോണ്‍ ബേബി ജോസഫാണ്. ശാലിനിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് കൃഷ്ണൻ മരിക്കുന്നത്. പിന്നീട് ഏലത്തോട്ടത്തിൽ പോയി പണിയെടുത്ത് മാതാവ് ശാന്ത ശാലിനിയെയും സഹോദരി കവിതയെയും വളർത്തി. അഖിലേന്ത്യ സർവകലാശാല മീറ്റിൽ ഇരട്ട മെഡലിനുടമയായ ശാലിനിക്ക് കേരളത്തിൽനിന്നാണ് ഇനി പിന്തുണ വേണ്ടത്. 400 മീറ്റർ ഹർഡിൽ നേരിയ വ്യത്യാസത്തിൽ നഷ്ടമായ സ്വർണമാണ് 400 മീറ്ററിൽ ശാലിനി തിരിച്ചുപിടിച്ചത്. ഹർഡിൽസിൽ സ്വർണം നേടിയ ഭാരതിയാർ സർവകലാശാലയുടെ ആർ. വിദ്യയെ ഒറ്റലാപ്പിൽ പിന്തള്ളി ഇരട്ട മെഡൽ നേടിയ ആദ്യ മലയാളി താരമായി.
ഒറ്റലാപ്പിൽ കേരള പോരാട്ടം
മൂന്നാം ദിനത്തിലെ ഗ്ലാമർ പോരാട്ടമായ വനിതകളുടെ 400 മീറ്ററിൽ കേരള താരങ്ങളുടെ ആധിപത്യം. മത്സരിച്ച എട്ടിൽ അഞ്ചുപേരും കേരളത്തിലെ താരങ്ങളായിരുന്നു. കാലിക്കറ്റിെൻറ ഷഹർബാന സിദ്ദീഖ്, യു.വി. ശ്രുതിരാജ്, കേരളയുടെ അബിഗെയിൽ ആരോഗ്യനാഥ്, സ്വർണം നേടിയ എം.ജിയുടെ വി.കെ. ശാലിനി, വെള്ളി നേടിയ ജെറിൻ ജോസഫ്, എന്നിവരാണ് മത്സരിച്ചത്. ശ്രുതിരാജ് അഞ്ചാമതായും ഷഹർബാന ആറാമതായും അബിഗെയിൽ എട്ടാമതായുമാണ് ഫിനിഷ് ചെയ്തത്.
രണ്ട് മീറ്റ് റെക്കോഡ്
പുരുഷന്മാരുടെ ട്രിപ്ൾ ജംപിലും വനിതകളുടെ ജാവ്ലിൻ ത്രോയിലും പുതിയ മീറ്റ് റെക്കോഡ്. പുരുഷ ട്രിപിൾ ജംപിൽ മുബൈ സർവകലാശാലയുടെ കൽസ കോളജിലെ ജെയ് ഷാ 16.36 മീറ്റർ ചാടി റെക്കോഡ് കുറിച്ചു.
പോരാട്ടം മാംഗ്ലൂരും എം.ജിയും തമ്മിൽ
മൂഡബിദ്രി: മീറ്റ് മൂന്നു ദിനം കടന്നപ്പോൾ ഒാവറോൾ കിരീടപ്പോരാട്ടത്തിൽ എതിരാളികളെ പിന്തള്ളി മാംഗ്ലൂരിെൻറ കുതിപ്പ്. ആതിഥേയർ 88 പോയൻറ് നേടിയപ്പോൾ, രണ്ടാമതുള്ള എം.ജി സർവകലാശാലക്ക് 41 പോയൻറാണുള്ളത്. പഞ്ചാബി (34) മൂന്നാം സ്ഥാനത്ത്. വനിതകളിൽ എം.ജിയാണ് ഒന്നാമത് (35 പോയൻറ്). ഒരു പോയൻറ് വ്യത്യാസത്തിൽ മാംഗ്ലൂർ തൊട്ടുപിന്നിലുണ്ട്. മൂന്നാമതുള്ള കാലിക്കറ്റിന് 17 പോയൻറാണുള്ളത്. പുരുഷ വിഭാഗത്തിൽ മാംഗ്ലൂരിെൻറ (54) ഏകപക്ഷീയ കുതിപ്പ്.
മീറ്റിെൻറ മൂന്നാം ദിനം കേരളത്തിൽനിന്ന് എം.ജിക്കു മാത്രമാണ് മെഡൽ നേടാനായത്. 400 മീറ്ററില്‍ വി.കെ. ശാലിനി സ്വര്‍ണവും ജെറിന് ജോസഫ് വെള്ളിയും നേടി. ചൊവ്വാഴ്ച 10 ഫൈനലുകളാണ് നടക്കുക. പുരുഷവിഭാഗം 1500 മീറ്ററിൽ ഉറച്ച മെഡൽപ്രതീക്ഷയുമായി കേരളയുടെ അഭിനന്ദ് സുന്ദരേശനും വനിതകളിൽ എം.ജിയുടെ അനുമോൾ തമ്പിയും കാലിക്കറ്റിെൻറ സി. ബബിതയും ചൊവ്വാഴ്ചയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.