അന്തർസർവകലാശാല മീറ്റിലെ രണ്ടാം ദിനത്തിൽ മൂന്ന് റെക്കോഡുകൾ
text_fieldsമൂഡബിദ്രി: വനിതകളുടെ 100 മീറ്ററിൽ കാൽനൂറ്റാണ്ട് പഴക്കമുള്ള മീറ്റ് റെക്കോഡ് തിരുത്തി എം.ജിയുടെ എൻ.എസ്. സിമിയും ഹൈജംപിൽ സ്വന്തം പേരിലുള്ള ഉയരം പുതുക്കി കാലിക്കറ്റിെൻറ എയ്ഞ്ചൽ പി. ദേവസ്യയും 800 മീറ്ററിൽ സുവർണവുമായി കാലിക്കറ്റിെൻറതന്നെ അബിത മേരി മാനുവലും മൂഡബിദ്രിയിൽ സൂപ്പർതാരങ്ങളായി. സ്വരാജ് മൈതാനിയിലെ സിന്തറ്റിക് ട്രാക്കിൽ 79ാം അന്തർസർവകലാശാല മീറ്റിലെ രണ്ടാം ദിനത്തിൽ രണ്ടു മീറ്റ് റെക്കോഡുകളോടെ മൂന്നു സ്വർണവുമായാണ് കേരളത്തിലെ സർവകലാശാലകളുടെ വനിതാരത്നങ്ങൾ താരങ്ങളായത്. 100 മീറ്ററിൽ മാംഗ്ലൂർ സർവകലാശാലയുടെ എലക്യദാസൻ സ്വന്തം പേരിലുള്ള മീറ്റ് റെക്കോഡും തിരുത്തി. മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലുമാണ് കേരളത്തിലെ വിവിധ സർവകലാശാലകൾ രണ്ടാം ദിനം നേടിയത്. പുരുഷന്മാരുടെ 5000 മീറ്ററിൽ കേരള സർവകലാശാലയുടെ സായി താരം അഭിനവ് സുന്ദരേശൻ (14:47.46) നേടിയ വെള്ളിമെഡലാണ് മലയാളി താരത്തിെൻറ ആദ്യ മെഡൽ. തുടർന്ന് 400 മീറ്റർ വനിത വിഭാഗം ഹർഡ്ൽസിൽ എം.ജി സർവകലാശാലയുടെ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിലെ വി.കെ. ശാലിനി (1:00.06) വെള്ളിയും 100 മീറ്ററിൽ എം.ജിയുടെ മുഹമ്മദ് അജ്മൽ വെങ്കലവും നേടി.
എലക്യയും സിമിയും അതിവേഗക്കാർ
ഗ്ലാമർ പോരാട്ടമായ 100 മീറ്ററിൽ മീറ്റ് റെക്കോഡുകൾ തിരുത്തിക്കൊണ്ടാണ് എലക്യദാസനും സിമിയും താരങ്ങളായത്. 10.49 സെക്കൻഡിെൻറ സ്വന്തം പേരിലുള്ള റെക്കോഡ് തിരുത്തി 10.41 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മാംഗ്ലൂർ സർവകലാശാലയുടെ എലക്യദാസ് പുതിയ റെക്കോഡ് കുറിച്ചത്. കാലിലെ പേശിവേദന വകവെക്കാതെയായിരുന്നു എലക്യയുടെ റെക്കോഡ് നേട്ടം. കേരളത്തിെൻറ സ്വർണപ്രതീക്ഷയായ എം.ജിയുടെ കോതമംഗലം എം.എ കോളജിലെ മുഹമ്മദ് അജ്മൽ വെങ്കലത്തിലൊതുങ്ങി (10.64).
തുടക്കത്തിൽ പിന്നിലായിട്ടും പൊടുന്നനെ കത്തിക്കയറിയാണ് എം.ജി. സർവകലാശാലയുടെ പാലാ അൽഫോൻസ കോളജിലെ എൻ.എസ്. സിമി 11.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോഡ് കുറിച്ചത്. 1992ൽ മുംബൈ സർവകലാശാലയുടെ സെനിയ അയോത്തൻ സ്ഥാപിച്ച 11.60 സെക്കൻഡിെൻറ മീറ്റ് റെക്കോഡാണ് 26 വർഷത്തിനുശേഷം സിമി സ്വന്തം പേരിലാക്കിയത്. പത്തനംതിട്ടയിൽനിന്ന് കുടിയേറി കർണാടകയിലെ ഹുബ്ബള്ളിയിൽ കഴിയുന്ന കർഷകനായ സാമുവലിെൻറയും സുജയുടെയും മകളാണ് സിമി. മൂന്നു വർഷം മുമ്പുവരെ കർണാടകയുടെ താരമായിരുന്നു. മികച്ച പരിശീലനവും പഠനവും ലക്ഷ്യമിട്ടാണ് കർണാടകയിൽനിന്ന് കേരളത്തിലെത്തിയത്. അനൂപ് ജോസഫാണ് സിമിയുടെ പരിശീലകൻ.
റെക്കോഡിലേക്ക് പറന്നിറങ്ങി എയ്ഞ്ചൽ
ഹൈകോടതി വിധിയുമായി മത്സരിക്കാനെത്തി സ്വന്തം റെക്കോഡ് തിരുത്തിയാണ് കാലിക്കറ്റിെൻറ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എയ്ഞ്ചൽ പി. ദേവസ്യ സ്വർണനേട്ടത്തോടെ ഹൈജംപ് പിറ്റ് വിട്ടത്. കഴിഞ്ഞ വർഷം വിജയവാഡയിൽ കുറിച്ച 1.82 മീറ്ററിെൻറ റെക്കോഡ് 1.83 മീറ്ററായി ഉയർത്തി. 1.85 മീറ്റർ ചാടാനായി രണ്ടുതവണ ശ്രമിച്ചെങ്കിലും ഇടതുകാലിലെ ഉപ്പൂറ്റിയിലെ പരിക്ക് തിരിച്ചടിയായി.
കരിയറിലെ നാലാം റെക്കോഡാണ് ഏയ്ഞ്ചൽ നേടിയത്. കാലിക്കറ്റ് സര്‍വകലാശാല മീറ്റില്‍ ഒളിമ്പ്യന്‍ ബോബി അലോഷ്യസിെൻറ പേരിലുള്ള റെക്കോഡ് തിരുത്തിയാണ് അന്തര്‍സര്‍വകലാശാല ചാമ്പ്യന്ഷിപ്പിെനത്തിയത്.
പഠനകാലയളവ് ചൂണ്ടിക്കാണിച്ച് ഏയ്ഞ്ചൽ മത്സരിക്കുന്നതിനെ ചോദ്യംചെയ്ത് എം.ജി സർവകലാശാല ഇൻറർവാഴ്സിറ്റി ടെക്നിക്കൽ കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാൽ, കേരള ഹൈകോടതി ഉത്തരവുമായെത്തി ഇതിനെ മറികടന്നാണ് ഏയ്ഞ്ചൽ മത്സരിച്ചതും മെഡലണിഞ്ഞതും. 800 മീറ്ററിൽ കാലിക്കറ്റിെൻറ ചേളന്നൂർ എസ്.എൻ.ജി കോളജിലെ ഉഷ സ്കൂൾ താരം അബിത മേരി മാനുവൽ 2:07.37 സെക്കൻഡിൽ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് സ്വർണമണിഞ്ഞത്.
അന്തർസർവകലാശാല മീറ്റിലെ അബിതയുടെ ആദ്യ സ്വർണമാണിത്. മാംഗ്ലൂർ സർവകലാശാലയുടെ മലയാളിതാരം പുല്ലൂരാംപാറ സ്വദേശിനി തെരേസ ജോസഫിനാണ് (2:08.47) 800 മീറ്ററിൽ വെള്ളി. പുരുഷന്മാരുടെ ഷോട്ട്പുട്ട്, 800 മീറ്റർ, വനിതകളുടെ ലോങ്ജംപ്, ഡിസ്കസ് ത്രോ എന്നിവയിൽ കേരളത്തിലെ താരങ്ങൾക്കാർക്കും മെഡലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.