സ്കൂള്‍ മീറ്റില്‍നിന്ന് ജിസ്ന മാത്യു പിന്മാറി
text_fieldsകോഴിക്കോട്: സംസ്ഥാന ദേശീയ സ്കൂള്‍ മീറ്റിലെ ഗ്ളാമര്‍ താരവും ഏക ഒളിമ്പ്യനുമായ ഉഷ സ്കൂളിലെ ജിസ്ന മാത്യു ജില്ല സ്കൂള്‍ കായികമേളയില്‍നിന്ന് പിന്മാറി. കോഴിക്കോട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കില്‍ തിങ്കളാഴ്ച ആരംഭിച്ച ജില്ല സ്കൂള്‍ കായികമേളയില്‍നിന്നാണ് ജിസ്ന പിന്മാറിയത്. ഇതോടെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലും ജിസ്നക്ക് മത്സരിക്കാനാകില്ല. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ മീറ്റുകള്‍ക്ക് മുന്നോടിയായുള്ള പരിശീലനത്തിന്‍െറ ഭാഗമായാണ് ജിസ്ന സ്കൂള്‍ കായികമേളയില്‍ നിന്ന് മാറിയതെന്നാണ് ഉഷ സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പ്ളസ് ടു വിദ്യാര്‍ഥിനിയായ ജിസ്നയുടെ അവസാന സ്കൂള്‍ മീറ്റായിരുന്നു ഇത്തവണത്തേത്. നേരിട്ട് പ്രവേശനം നല്‍കാത്തതിനെതുടര്‍ന്ന് കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ജിസ്ന മാത്യുവിന് പങ്കെടുക്കാനായിരുന്നില്ല. കൊച്ചിയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വിജയിക്കുന്നവര്‍ക്കുമാത്രമേ കോയമ്പത്തൂരിലെ ദേശീയ ജൂനിയര്‍ മീറ്റിലേക്ക് എന്‍ട്രി നല്‍കുകയുള്ളൂവെന്നായിരുന്നു അസോസിയേഷന്‍ അറിയിച്ചത്. എന്നാല്‍, സംസ്ഥാന മീറ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുമാത്രമാണ് ഈ അറിയിപ്പ് ലഭിച്ചതെന്നായിരുന്നു ഉഷ സ്കൂള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കായികമേളയിലെ വ്യക്തിഗത ജേതാവുകൂടിയായിരുന്നു ജിസ്ന. ചൈനയിലെ ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റില്‍ 4x400 മീറ്റര്‍ റിലേയില്‍ വെള്ളിയോടെ ടിന്‍റുവും ജിസ്നയും ഫിനിഷ് ചെയ്തിരുന്നു.
സംസ്ഥാന ദേശീയ സ്കൂള്‍ മീറ്റുകളിലും ഫെഡറേഷന്‍ മീറ്റുകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജിസ്ന മാത്യു കണ്ണൂര്‍ ആലക്കോട് കുഴിച്ചാലില്‍ മാത്യുവിന്‍െറയും ജസിയുടെയും മകളാണ്. നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്പ്രിന്‍റ് ഇനങ്ങളില്‍ തിളങ്ങിയിട്ടുള്ള ഈ കൊച്ചുമിടുക്കി ഇക്കഴിഞ്ഞ ഒളിമ്പിക്സിലെ ഇന്ത്യന്‍ റിലെ ടീമിലെ അംഗമായിരുന്നു. 2017ല്‍ ആരംഭിക്കുന്ന ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്‍െറ മുന്നോടിയായി മികച്ച പരിശീലനം ലഭ്യമാക്കാനാണ് സ്കൂള്‍ കായികമേളയില്‍നിന്ന് ജിസ്ന വിട്ടുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി, പട്യാലയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി -2, ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രി തുടങ്ങിയ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ജിസ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.