നിയമ പോരാട്ടം ജയിച്ചു; പക്ഷേ ലണ്ടൻ അകലെ
text_fieldsകോഴിക്കോട്: പി.യു. ചിത്രയുടെ നിയമ പോരാട്ടം വിജയിച്ചെങ്കിലും നീതി നടപ്പാവുകയെന്നത് വിദൂര സാധ്യത മാത്രം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ട ചിത്രയെ ടീമിൽ ഉൾപ്പെടുത്താനും ലണ്ടനിലേക്ക് അയക്കാനുമായിരുന്നു കായിക ഇന്ത്യ കാതോർത്ത വിധിയിൽ കേരള ൈഹകോടതിയുടെ ഉത്തരവ്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷനും കേന്ദ്ര സർക്കാറും ചേർന്ന് ഇക്കാര്യം നടപ്പാക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ കോടതിയുടെ നിർദേശം.
ലണ്ടൻ എളുപ്പമല്ല
ലോകചാമ്പ്യൻഷിപ്പിനുള്ള 24 അംഗ ഇന്ത്യൻ ടീം പല സംഘങ്ങളായി ലണ്ടനിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ചിലർ മത്സര വേദിയിലെത്തിയപ്പോൾ മറ്റു ചിലർ വിദേശത്തെ പരിശീലന ക്യാമ്പുകളിൽ അവസാനവട്ട ഒരുക്കത്തിലാണ്. ഇതിനിടയിലാണ് മധ്യദൂര താരം പി.യു. ചിത്ര നീതിക്കായി കോടതി കയറുന്നത്. ടീമിൽ ഇടംനൽകണമെന്ന് ഹൈകോടതി ഉത്തരവിടുേമ്പാഴേക്കും ലണ്ടൻ ഒരു സ്വപ്നം മാത്രമായി മാറി. ആഗസ്റ്റ് നാലു മുതൽ 13 വരെ നടക്കുന്ന ലോകമീറ്റിനുള്ള താരങ്ങളുടെ എൻട്രി ലിസ്റ്റും സമർപ്പിക്കാനുള്ള അവസാന തീയതി 24ന് അവസാനിച്ചു. അതിനുശേഷം മാത്രമാണ് ചിത്രയുടെ പുറത്താവൽ വിവാദമാകുന്നതും കോടതി കയറുന്നതും. രാജ്യാന്തര ഫെഡറേഷൻ (െഎ.എ.എ.എഫ്) നിശ്ചയിച്ച തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുകയോ വൈകി നിർദേശിക്കുന്ന അത്ലറ്റിനെ ഉൾപ്പെടുത്തുകയോ ചെയ്യാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫെഡറേഷൻ തെറ്റ് സമ്മതിക്കുമോ?
ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ തീരുമാനമാണ് കോടതി തിരുത്തിയത്. ചിത്ര അടക്കം മൂന്നു പേരെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഫെഡറേഷൻ അധ്യക്ഷൻ അദിലെ ജെ സുമരിവാല എഴുതിയ തുറന്ന കത്ത് കോടതിക്കു മുമ്പാകെയെത്തി. ഇൗ ന്യായങ്ങൾകൂടി തള്ളിയാണ് കോടതി വിധി. അതിനാൽ തന്നെ ഫെഡറേഷൻ തെറ്റ് സമ്മതിച്ചാലേ ചിത്രക്ക് മുന്നോട്ടുപോകാനാവൂ. സർക്കാറും ഇന്ത്യൻ ഫെഡറേഷനും സമ്മർദം ചെലുത്തിയാൽ മാത്രമേ ലോക ഫെഡറേഷൻ ടീമിൽ ഇടം ലഭിക്കാൻ നേരിയ സാധ്യതയെങ്കിലുമുള്ളൂ.ആഗസ്റ്റ് ഏഴിനാണ് ചിത്ര മത്സരിക്കേണ്ട 1500 മീറ്റർ പോരാട്ടം.
ഇൗ പിന്തുണക്ക് നന്ദി -സിജിന്‍
പാലക്കാട്: ചിത്രക്ക് അനുകൂലമായ ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പരിശീലകന് എന്‍.എസ്. സിജിൻ. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനു പിന്നിലായിരുന്നു. ഒടുവില്‍ അനുകൂല വിധിയെത്തി. എല്ലാവര്ക്കും നന്ദിയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ചിത്രക്ക് പിന്തുണയുമായെത്തി. അവരുടെ പ്രാര്‍ഥനകളുടെ ഫലമാണ് വിധി- -സിജിന്‍ പ്രതികരിച്ചു.
ചിത്ര ഇന്നെത്തും
പാലക്കാട്: ഊട്ടിയിലെ പരിശീലന ക്യാമ്പിൽനിന്ന് പി.യു. ചിത്ര ഇന്ന് മുണ്ടൂരിലെ വീട്ടിലെത്തും. ഗുണ്ടൂരിലെ അന്തര്‍സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനു ശേഷമാണ് ചിത്ര ഊട്ടിയില്‍ ഇന്ത്യന്‍ ക്യാമ്പിലെത്തിയത്. രാവിലെ 11ഓടെയാണ് എത്തുക. കായിക മന്ത്രി എ.സി. മൊയ്തീനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസനും ചിത്രയുടെ വീട് സന്ദര്‍ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.