കായികോത്സവത്തില്‍ മാറ്റുരുക്കുന്ന 14 ജില്ലകളുടെയും ടീം വിശേഷങ്ങളിലേക്ക്
text_fieldsപാലായുടെ തിരുമുറ്റത്ത് മറ്റൊരു സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് അരങ്ങൊരുങ്ങി. കേരളത്തിെൻറ ഭാവിതാരങ്ങള്‍ ഉദയംചെയ്യുന്ന കായികപൂരത്തിനായി സജ്ജീകരണങ്ങൾ എല്ലാം പൂര്‍ത്തിയായി. കിരീടം നിലനിര്‍ത്താന്‍ പാലക്കാടും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടുകയാണ്. അട്ടിമറി പ്രകടനം പ്രതീക്ഷിച്ച് കോഴിക്കോടിെൻറ കുട്ടികളുണ്ട്. കായികോത്സവത്തില്‍ മാറ്റുരുക്കുന്ന 14 ജില്ലകളുടെയും ടീം വിശേഷങ്ങളിലേക്ക് ഒരെത്തിനോട്ടം...
കോഴിക്കോടിന് നേടാനേറെ
അത്ലറ്റുകൾ: 174
കഴിഞ്ഞവര്‍ഷത്തെ മൂന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന് കോഴിക്കോട് ടീമിന് ഉറപ്പാണ്. എന്നാല്‍, അതിനുമപ്പുറം മുന്നേറാനാണ് ടീമൊരുങ്ങുന്നത്. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്്.എസ്.എസ്, കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ്, കുളത്തുവയല്‍ സെൻറ് ജോര്‍ജ് എച്ച്.എസ്.എസ്, പി.ടി. ഉഷയുടെ ശിഷ്യകളടങ്ങിയ പൂവമ്പായ് എം.എച്ച്.എസ്.എസ്, കോഴിക്കോട് സായ് സെൻറര്‍ എന്നിവിടങ്ങളിലെ താരങ്ങളാണ് ടീമിെൻറ കരുത്ത്.
•താരങ്ങൾ: സീനിയര്‍ ജമ്പിനങ്ങളില് ലിസ്ബത്ത് കരോളിന് ജോസഫ്, 100, 200, 100 മീറ്റര്‍ ഹര്‍ഡിൽസ് ഇനങ്ങളില്‍ അപര്‍ണ റോയി, പോള്‍വാള്‍ട്ടില്‍ വി.എസ്. സൗമ്യ, നിഖില്‍ പി. സോമന്, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ സാനിയ ട്രീസ ടോമി, ജൂനിയര്‍ ആണ്‍കുട്ടികളുടെ ജമ്പിനങ്ങളില് അര്ജുന് തങ്കച്ചന് തുടങ്ങിയവരാണ് പുല്ലൂരാംപാറയുടെ മെഡല്‍ പ്രതീക്ഷകള്‍.
ദീര്‍ഘദൂര ഇനങ്ങളില്‍ കട്ടിപ്പാറയുടെ കെ.ആര്. ആതിരയാണ് താരം. കരുത്തുചോര്‍ന്ന ഉഷ സ്കൂളില്‍നിന്ന് കെ.ടി. ആദിത്യയാണ് മെഡല്‍ ലക്ഷ്യമിടുന്ന പ്രധാന താരം. ത്രോയിനങ്ങളില്‍ കുളത്തുവയലിെൻറ വിഘ്നേഷ് ആര്. നമ്പ്യാരും സ്പ്രിൻറില്‍ സായിയുടെ ജന്‍സണ്‍ റോണിയും ആകാശ് ബിജു പീറ്ററും കോഴിക്കോടന്‍ നിരയിലുണ്ട്.
കിരീടം തിരികെത്തേടി എറണാകുളം
അത്ലറ്റുകൾ: 181
പ്രതികാരദാഹികളായി അയല്‍നാട്ടിലേക്ക് വണ്ടികയറിയതാണ് എറണാകുളം ജില്ല. കഴിഞ്ഞവര്‍ഷം തേഞ്ഞിപ്പലത്ത് എട്ട് പോയൻറിെൻറ വ്യത്യാസത്തില്‍ നഷ്ടമായ ഓവറോള്‍ കിരീടം തിരിച്ചുപിടിക്കണം. അവസാന മിനിറ്റുവരെ മുന്നേറി ഒടുവില്‍ കിരീടം പാലക്കാടിനുമുന്നില് അടിയറവുവെച്ചതിെൻറ കുറവുതീർക്കണം.
കഴിഞ്ഞ തവണ 24 സ്വർണവും, 31വെള്ളിയും, 20 വെങ്കലവും നേടിയ എറണാകുളത്തിന് ഇത്തവണ പോയൻറ് 250 കടക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ചാമ്പ്യന്‍ സ്കൂളായ കോതമംഗലം മാർ ബേസിലും പരമ്പരാഗത വൈരികളായ സെൻറ് ജോര്‍ജും പുത്തന്‍ സംഘങ്ങളായ മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസും പിറവം മണീട് ജി.വി.എച്ച്.എസ്.എസുമാണ് എറണാകുളത്തിെൻറ മുന്‍നിര പോരാളികള്‍.
•താരങ്ങൾ: അനുമോള്‍ തമ്പി, ആദര്‍ശ് ഗോപി, അഭിഷേക് മാത്യു, ദിവ്യ മോഹന്‍, പി. അഭിഷ, എസ്. ഭരത് ഷാ (മാര്‍ ബേസിൽ), അനീഷ് മധു, അലക്സ് പി. ജോസഫ്, കെ.എം. ശ്രീകാന്ത്, ജി. ശരണ്യ, സോന ബെന്നി (മണീട് ജി.വി.എച്ച്.എസ്.എസ്). സീനിയര്‍ ജാവലിനില്‍ മത്സരിക്കുന്ന തമിഴ്നാട്ടുകാരിയായ ഇന്ദുമതി മണീടിെൻറ നിരയിലുണ്ട്.
കെസിയ മറിയം ബെന്നി, സാന്ദ്ര ബാബു, ആശ സോമന്, മുഹമ്മദ് ആഷിഖ് (മാതിരപ്പിള്ളി). പ്രശസ്തനായ ടി.പി. ഒൗസേപ്പാണ് ഈ സ്കൂളിലെ ജമ്പിങ് പരിശീലകന്. രാജു പോളിെൻറ ശിക്ഷണത്തില്‍ സെൻറ് ജോര്‍ജും ഉഷാറായി രംഗത്തുണ്ട്.
മെഡൽ കൊയ്യാന്‍ ലിസ്ബത്തും അനുജത്തിമാരും
പാലാ: കോഴിക്കോട് പുല്ലൂരാംപാറയില്‍നിന്ന് പാലായിലെ മുനിസിപ്പല്‍ ട്രാക്കിലേക്ക് മെഡല്‍ തേടി സഹോദരിമാർ. ട്രിപ്പിൾ ജമ്പിലെ ദേശീയ ജേത്രി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ ലിസ്ബത്ത് കരോളിനും അനുജത്തിമാരായ ഫിലോ എയ്ഞ്ചല്‍ ജോസഫും ആന്‍ ടെറിന്‍ ജോസഫുമാണ് ഇവര്‍.
പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ ബിസിനസുകാരനായ സജി അബ്രഹാമിെൻറയും നഴ്സായ ലെന്‍സിയുടെയും മക്കളാണ് ഈ മിടുക്കികള്‍. ജില്ല കായികോത്സവത്തില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു ലിസ്ബത്ത്. നെല്ലിപ്പൊയില്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയാണ് ഫിലോ എയ്ഞ്ചല്‍. സബ് ജൂനിയര്‍ വിഭാഗം ഡിസ്കസ്ത്രോയില്‍ ജില്ലയില്‍ സ്വര്‍ണം നേടി. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു.പി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന ആന്‍ ടെറിന്‍ ഹൈജമ്പിലാണ് ഇറങ്ങുന്നത്.
പാലാ കടക്കാൻ പാലക്കാട്
അത്ലറ്റുകൾ: 180
മൂന്ന് വർഷത്തിനുശേഷം പൊരുതിപ്പിടിച്ച ചാമ്പ്യൻപട്ടം നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് പാലക്കാടിന്. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്ത് ലീഡ് നില മാറിമറിഞ്ഞ് ഒടുവിൽ വിജയക്കാറ്റ് കരിമ്പനനാട്ടിലേക്കായി. കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ കരുത്തിൽതന്നെ ഇക്കുറിയും പാലക്കാട്ടുകാരുടെ വരവ്.
28 സ്വർണം, 25 വെള്ളി, 21 വെങ്കലം എന്നിങ്ങനെ 255 പോയൻറുമായായിരുന്നു പോയ മീറ്റിലെ കിരീടധാരണം.
•കരുത്ത്: ജില്ലതലത്തിൽ 20ാം തവണയും കിരീടമണിഞ്ഞ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ. പറളി എച്ച്.എസ്, മുണ്ടൂർ എച്ച്.എസ്, മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.
•താരങ്ങൾ: സീനിയർ ഗേൾസ് 1500, 3000, 5000 മീറ്ററുകളിൽ കല്ലടിയുടെ പി.വി. ഷാലുവും 100 മീ. ഹർഡിൽസ്, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിലെ വിഷ്ണുപ്രിയയും സ്വർണപ്രതീക്ഷയിലാണ്. 200ലും 400ലും കല്ലടിയുടെ എം.പി. അർച്ചനയും ലോങ്ജമ്പിലും ഹൈജമ്പിലും ട്രിപ്പിൾ ജമ്പിലും ചിറ്റൂർ ജി.എച്ച്.എസ്.എസിലെ രൂപികശ്രീയുമുണ്ട്. സീനിയർ ബോയ്സ് 400 മീറ്റർ ഹർഡിൽസ്, 400, 800 മീറ്ററുകളിൽ മാത്തൂരിെൻറ കെ.എ. അഖിൽ, ലോങ്ജമ്പിലും സ്പ്രിൻറിലും കല്ലടിയുടെ ടി.പി. അമൽ എന്നിവർ ഇറങ്ങും. പറളിയുടെ അജിത്തുമാരും മെഡലുമായി മടങ്ങാൻ ഉറപ്പിച്ചാണ് എത്തുന്നത്. ട്രിപ്പിൾ ജമ്പിലും 110 മീറ്റർ ഹർഡിൽസിലും എ. അജിത്തും 1500, 5000 മീറ്ററുകളിൽ പി.എൻ. അജിത്തും മത്സരിക്കും. ത്രോ ഇനങ്ങളിലെ മെഡൽ ജേതാക്കളുടെ പട്ടികയിൽ പറളിയുടെ സി.ആർ. റാഹിലയുണ്ടാകും. കല്ലടിയുടെ സി. ചാന്ദ്നി 800ലും 1500ലും 3000ത്തിലും മെഡൽ തേടുന്നു. ലോങ് ജമ്പിലും ഹൈജമ്പിലും കൊപ്പം ജി.വി.എച്ച്.എസ്.എസിലെ വർഷ മുരളീധരനും പാലക്കാടിനു കരുത്തുപകരും. ജൂനിയർ ബോയ്സ് 800ലും 1500ലും 3000ത്തിലും മത്സരിക്കുന്ന എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ ജെ. അശ്വനാണ് മറ്റൊരു ശ്രദ്ധേയതാരം.
കാസർകോട്
അത്ലറ്റുകൾ 158.
•പ്രതീക്ഷ: ത്രോ ഇനങ്ങൾ.
•താരങ്ങൾ: കെ.സി. സിദ്ധാർഥ് (ഡിസ്കസ്, കുട്ടമത്ത് ഗവ. എച്ച്.എസ്), കാസർകോട് ടി.ഐ.എച്ച്.എസ്.എസിലെ നികേഷ് നിധിൻ, പി. ജിഷ്ണു (1500 മീ)
•2016: 3 പോയൻറ്, 14ാം സ്ഥാനം
മലപ്പുറം
അത്ലറ്റുകൾ: 189
•ലക്ഷ്യം: ആദ്യ അഞ്ചിലൊരു സ്ഥാനം. കരുത്ത്: കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, പരിയാപുരം സെൻറ് മേരീസ് എച്ച്.എസ്.എസ്.
•താരങ്ങൾ: ജൂനിയർ ഗേൾസ് 100, 200, 400 മീറ്ററുകളിൽ ഐഡിയലിലെ പി.ഡി. അഞ്ജലി, 600ൽ എം.പി. ലിജ്ന, ലോങ്ജമ്പിലും ട്രിപ്പിൾ ജമ്പിലും പി.എസ്. പ്രഭാവതി. സീനിയർ ഗേൾസ് ഹൈജമ്പിൽ മത്സരിക്കുന്ന ഐഡിയലിലെ തന്നെ കെ.എ. റുബീന, 100 മീറ്ററിൽ പി.പി. ഫാത്തിമ എന്നിവരുടെ അവസാന മീറ്റാണിത്. നിലവിലെ സ്വർണ ജേതാവ് കൂടിയാണ് റുബീന. ഇതേ സ്കൂളിലെ ടി. സൈഫുദ്ദീൻ സീനിയറിലും മുഹമ്മദ് ജാബിർ റഹ്മാൻ ജൂനിയറിലും മധ്യ, ദീർഘദൂര ഇനങ്ങളിൽ ഇറങ്ങും.
•2016: 59 പോയൻറ്, 5ാം സ്ഥാനം
കണ്ണൂർ
അത്ലറ്റുകൾ: 188
•കരുത്ത്: സായ് സെൻററും സ്പോർട്സ് ഡിവിഷനും.
താരങ്ങൾ: സി. അനുഗ്രഹ, ഹെമിൽ റോഷൻ, അനുജോസഫ്, എൻ.പി. നിധിൻരാജ്, ജെറീന ജോൺ, അൻവിൻ ഷാജി എന്നിവരാണ് ജില്ലാ മേളയിലെ അതിവേഗ താരങ്ങൾ. ആഷ്ന ഷാജി, ജെറീന ജോൺ (ലോങ്ജംപ്, ട്രിപ്പ്ൾജംപ്-തലശ്ശേരി സായ് സെൻറർ) എന്നിവർ ഉറച്ച മെഡൽ പ്രതീക്ഷകൾ,
•2016: 13 പോയൻറ്, 11ാം സ്ഥാനം
വയനാട്
അത്ലറ്റുകൾ 200.
•പ്രതീക്ഷ: ഒരു സ്വർണവും ഒന്നോ രണ്ടോ വെള്ളിയും വെങ്കലവും പതിവ്.
•താരങ്ങൾ: സ്പ്രിൻറ് സീനിയറിൽ മുട്ടിൽ ഡബ്ല്യൂ.ഒ.വി. എച്ച്.എസ്.എസിലെ ഷെറിൻ ഷനോജ്, കൽപറ്റ കേന്ദ്രീയ കായിക പരിശീലന കേന്ദ്രത്തിലെ സി.കെ. ആരിക. സബ് ജൂനിയർ 80 മീറ്റർ ഹർഡിൽസിൽ കാട്ടിക്കുളത്തിെൻറ ജോബിൻ ജോർജ്, ജൂനിയർ 3000 മീറ്ററിൽ ആൽബിൻ ജോർജ്. ജാവ്ലിൻ ത്രോയിലും മെഡൽ പ്രതീക്ഷ.
•2016: 6 പോയൻറ്
കോട്ടയം
അത്ലറ്റുകൾ:188
•കരുത്ത്: ആതിഥേയരെന്ന ആത്മവിശ്വാസം. റവന്യൂ ജില്ല ചാമ്പ്യന്മാരായ കുറുമ്പനാടം സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കോട്ടയം എം.ഡി സ്കൂൾ സ്പോർട്സ് ഹോസ്റ്റൽ, ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ് സ്പോർട്സ് ഹോസ്റ്റൽ.
•താരങ്ങൾ: ആകാശ് എം. വർഗീസ്, ദേശീയതാരം ജോസ്ന ജോസഫ് ( (ജൂനിയർ 400, 800).
•2016: 33 പോയൻറ്,
7ാം സ്ഥാനം
ആലപ്പുഴ
അത്ലറ്റുകൾ 170
•താരങ്ങൾ: ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഫ്രാൻസീസ് ജോസഫ്, മാവേലിക്കര സെൻറ് ജോൺസ് എച്ച്.എസ്.എസിലെ ബി. ചന്ദ്രലേഖ (ജാവലിൻ), ചേർത്തല തിരുനെല്ലൂർ ജി.എച്ച്.എസിലെ എസ്. ആരതി (ഡിസ്കസ്), പി.എസ്. ആദിത്യ (ലോങ്ജംപ്), ജിത്തു ബിജി (ഹാമർത്രോ)
•2016: 6 പോയൻറ്, 12ാം സ്ഥാനം
പത്തനംതിട്ട
•അത്ലറ്റുകൾ: 168 ജില്ല ചാമ്പ്യന്മാർ 95 പേർ
പതിവായി പിന്നിലായിരുന്ന ജില്ല 2016ൽ മൂന്ന് മെഡലണിഞ്ഞ് ഒമ്പതാം സ്ഥാനത്തെത്തി.
•താരങ്ങൾ: പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ ഭരത് രാജ്, ഇരവിപേരൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദർശ് ബിനു, അനന്തു വിജയൻ,
•ജില്ല ചാമ്പ്യൻ സ്കൂൾ: ഇരവിപേരൂർ സെൻറ് ജോണ്‍സ് എച്ച്.എസ്.എസ്.
•2016: 16 പോയൻറ്
ഇടുക്കി
അത്ലറ്റുകൾ: 181
•കരുത്ത്: ദ്രോണാചാര്യ തോമസ് മാഷ്, മകൻ രാജാസ് തോമസ് എന്നിവരുടെ ശിക്ഷണത്തിൽ വരുന്ന വണ്ണപ്പുറം എസ്.എൻ.എം സ്കൂളാണ് ഇടുക്കിയുടെ കരുത്ത്. 95 ഇനങ്ങളിലും ജില്ലയുടെ പ്രാതിനിധ്യം ഉണ്ടാകും.
•താരങ്ങൾ: സീനിയർ 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിൽ അപർണ കെ. നായർ, ഹൈജമ്പിനൊപ്പം 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ ഹെലൻ സജി, സീനിയർ ഡിസ്കസ്ത്രോ, ഷോട്ട് പുട്ട്, ഹാർമർ ത്രോ എന്നിവയിൽ എബിറ്റ് ജേക്കബ്.
•2016: 23 പോയൻറ്, 8ാം സ്ഥാനം
കൊല്ലം
അത്ലറ്റുകൾ: 186
•താരങ്ങൾ: എഴുവർഷമായി ജില്ല ഹൈജംപ് ചാമ്പ്യനായ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ അതുല്യ. സീനിയർ ആൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യനായ വയല ഗവ. എച്ച്.എസ്.എസിലെ അശ്വന്ത് തുടങ്ങി പ്രതികൂല സാഹചര്യങ്ങളിൽ പൊരുതി ജയിച്ച താരങ്ങളാണ് കരുത്ത്.
•2016: 21 പോയൻറ്, 9ാം സ്ഥാനം
തൃശൂർ
അത്ലറ്റുകൾ: 220
•കരുത്ത്: 2016 സംസ്ഥാന മീറ്റിൽ 27 പോയൻറ് നേടി ഒമ്പതാമതായ നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ. പ്രതീക്ഷ: 5 സ്വർണം, 2വെള്ളി, 2 വെങ്കലം.
•താരങ്ങൾ:സീനിയർ ഹൈജംപിൽ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ കെ.എസ്. അനന്തു, നാട്ടികയുടെ താരങ്ങളായ ദീർഘദൂരത്തിൽ എ.എസ്. ആദിത്യ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ പി.എസ്. സൂര്യ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ത്രോ ഇനങ്ങളിൽ പി.എ. അതുല്യ, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ വി.ഡി. അഞ്ജലി, ഹാട്രിക് സ്വർണം നേടിയ ആന്‍സി സോജന്. മെഹ്ഫിൽ ജാസിം (ഹര്‍ഡില്‍സ്, ലോങ് ജംപ്), ജംഷീല (100,200), മീര ഷിബു (ജംപ്).
•2016: 53 പോയൻറ്, 6ാം സ്ഥാനം
തിരുവനന്തപുരം
അത്ലറ്റുകൾ: 184
•കരുത്ത്: സായിയുടെയും ജി.വി. രാജയുടെയും താരങ്ങൾ.
•താരങ്ങൾ: സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ സംസ്ഥാനതലത്തിൽ നാലുവർഷമായി മേഘ മറിയം മാത്യുവിനെ എറിഞ്ഞിടാൻ ആർക്കും കഴിഞ്ഞിട്ടില്ല. 2016ൽ 11.95 മീറ്റർ എറിഞ്ഞ് മേഘ സംസ്ഥാന റെക്കോഡിട്ടു. സബ്ജൂനിയർ വിഭാഗത്തിൽ സായിയുടെ മറുനാടൻ താരം മേഘാദ്രി റോയി ഉറച്ച മെഡൽ (ലോങ്ജംപ്, 100, 200 മീറ്റർ ജില്ലാ ചാമ്പ്യൻ). ദേശീയതാരം മിന്നു പി. റോയിയാണ് പ്രതീക്ഷക്ക് വകനൽകുന്ന മറ്റൊരു താരം (ക്രോസ്കൺട്രി,1500, 3000 മീറ്റർ)
•2016: 73 പോയൻറ്, 4ാം സ്ഥാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.