നന്ദി... ട്രിപ്പിള്‍ തിളക്കത്തിൽ അനുമോള്‍ തമ്പിയുടെ വിടവാങ്ങൽ
text_fieldsപാലാ: വിടവാങ്ങൽ രാജകീയമാക്കി അനുമോള്‍ തമ്പി. ട്രിപ്പിള്‍ നേട്ടത്തോടെ സ്കൂള്‍ കായികോത്സവത്തോട് പാലാ മേളയിലെ മിന്നുംതാരത്തിെൻറ വിടപറച്ചിൽ. കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പി ട്രാക്കിലെ എതിരാളികളോടും ജീവിത പ്രാരാബ്ധങ്ങളോടും പോരാടി നേടിയ സുവർണനേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ട്. 5000, 3000, 1500 എന്നിങ്ങനെ ദീര്‍ഘദൂര മത്സരങ്ങളില്‍ അനുവിെൻറ സമ്പൂര്‍ണ ആധിപത്യമായിരുന്നു പാലായിലെ സിന്തറ്റിക് ട്രാക്ക് കണ്ടത്. 3000 മീറ്ററിലെ പ്രകടനം ദേശീയ റെക്കോഡിനെക്കാള്‍ മികച്ചതുമായി. സംസ്ഥാന കായികമേളകളില്‍ അനുമോളുടെ സമ്പാദ്യം ആറ് സ്വര്‍ണമാണ്.
സ്കൂള്‍ വേദികളില്‍ സമീപകാലത്ത് കായികകേരളം കണ്ടെടുത്ത മികച്ച താരങ്ങളില്‍ ഒരാളാണ് അനുമോള്‍ തമ്പി. ഇടുക്കി കമ്പിളികണ്ടത്തെ മണ്പാതയില് ഓട്ടം തുടങ്ങിയ അനുമോള്‍ ട്രാക്കിെൻറ താരമാകുന്നത് കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെത്തിയതോടെയാണ്. പ്രിയ ശിഷ്യയുടെ നേട്ടത്തില്‍ അധ്യാപിക ഷിബി മാത്യുവിനും മനസ്സുനിറഞ്ഞു. സ്കൂള്‍ മീറ്റില്‍ ഇല്ലെങ്കിലും ട്രാക്കില്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് അനുമോള്‍ പറഞ്ഞു.
പത്തുവര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ചുപോയതോടെ മാതാവ് ഷൈനിയുടെ സംരക്ഷണയിലാണ് അനുമോളും സഹോദരന് ബേസിലും ജീവിക്കുന്നത്. ഇടുക്കി പാറത്തോടിലെ വീടുപണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ, അമ്മക്ക് ജീവിതവഴിയില്‍ സഹായമാകാന്‍ കായികരംഗത്തെ മികവ് സഹായിക്കുമെന്നാണ് അനുമോളുടെ പ്രതീക്ഷ.
മധ്യദൂരത്തില്‍ മാര്‍ബേസില്‍ ബഹുദൂരം
മധ്യദൂരഓട്ടത്തില് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസുകാരുടെ സ്വര്‍ണവേട്ട. 1500 മീറ്റർ സീനിയര്‍ ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപി, പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി, ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു എന്നിവരാണ് കോതമംഗലത്തേക്ക് സ്വര്‍ണമെത്തിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കല്ലടിയുടെ സി. ചാന്ദിനിക്കാണ് സ്വര്‍ണം.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500ല്‍ ഒന്നാമതായതോടെ അനുമോള്‍ക്ക് ട്രിപ്പിൾ സ്വര്‍ണമായി. വ്യക്തിഗത ചാമ്പ്യന്‍പട്ടവും ഉറപ്പിച്ചു. 4 മിനിറ്റ് 39.52 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിലെ കെ.ആര്. ആതിരക്കാണ് വെള്ളി.
സീനിയര്‍ ആണ്‍കുട്ടികളില്‍ 3 മിനിറ്റ് 57.86 സെക്കന്ഡോടെയായിരുന്നു ആദര്‍ശ് ഗോപി ഒന്നാമനായത്. മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ ഐ. സെയ്ഫുദ്ദീനാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസില്‍ താരം അഭിഷേക് മാത്യു 3 മിനിറ്റ് 59.35 സെക്കന്‍ഡില്‍ ജേതാവായി. അഭിഷേകിെൻറ രണ്ടാം സ്വര്‍ണമാണിത്. പാലക്കാട് എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ ജെ. അശ്വിന് വെള്ളി നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കല്ലടി സ്കൂളിലെ സി. ചാന്ദിനി 5 മിനിറ്റ് 11.69 സെക്കന്‍ഡില്‍ ഓടിയെത്തി.
ട്രിപ്പിൾ ഫ്രം ‘മണിപ്പൂർ’
മണിപ്പൂരില്‍ നിന്നെത്തിയ തങ്ജം അലേര്ട്ട്സണ് സിങ്ങും ട്രിപ്പിൾ തികച്ചു. ഒപ്പം റിലേയിൽ സ്വർണവും സ്വന്തമാക്കി. സ്വന്തം പേരില്‍ നാല് സ്വര്‍ണമാണ് കേതമംഗലം സെൻറ് ജോർജിെൻറ ഇൗ താരം കുറിച്ചത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100മീ., ലോങ്ജംപ്, 80 മീറ്റര്‍ ഹര്‍ഡിൽ, 4x100 എന്നിവയിലായിരുന്നു ഇൗ മറുനാട്ടുകാരൻറ സ്വർണക്കൊയ്ത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.