ഒളിമ്പിക്സിലേക്ക് ഖേലോ ഇന്ത്യ
text_fieldsന്യൂഡൽഹി: ഒളിമ്പിക്സിലേക്ക് കണ്ണുംനട്ട് വിദ്യാർഥികളുടെ ദേശീയ കായിക ഉത്സവത്തിന് രാജ്യനഗരിയിൽ ബുധനാഴ്ച തുടക്കം. 2020 ടോക്യോ, 2024 പാരിസ് ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് കൗമാരതാരങ്ങളെ കണ്ടെത്താനുള്ള പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസ് വൈകീട്ട് ആറിന് ഡൽഹി ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടുവരെ നീളുന്ന ‘ജൂനിയർ’ ദേശീയ ഗെയിംസിൽ അണ്ടർ 17 വിഭാഗത്തിൽ 16 ഇനങ്ങളിൽ 197 മത്സരങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3298 കായിക താരങ്ങൾ അത്ലറ്റിക്സിലും ഗെയിംസിലുമായി മാറ്റുരക്കും.
താരങ്ങളുടെ പ്രകടനം വിലയിരുത്തി ഒളിമ്പിക്സിലേക്ക് ടീമിനെ ഒരുക്കുകയാണ് ചരിത്രമേളയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന 1,000 വിദ്യാർഥികൾക്ക് ഒാരോ വർഷവും അഞ്ചുലക്ഷം വീതം എട്ടുവർഷത്തേക്ക് സ്കോളർഷിപ് നൽകും. കൂടാതെ, അടുത്ത രണ്ട് ഒളിമ്പിക്സ് മുന്നിൽ കണ്ട് വിദേശ പരിശീലനം ഉൾപ്പെടെ സൗകര്യവും ഒരുക്കും. രാജ്യാന്തര നിലവാരത്തിലാണു മത്സരങ്ങളുടെ നടത്തിപ്പ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇന്ദിര ഗാന്ധി ഇൻറർനാഷനൽ സ്റ്റേഡിയം, ഡോ. എസ്.പി.എം സ്വിമ്മിങ് കോംപ്ലക്സ് എന്നിവിടങ്ങളാണ് വേദി. ഉദ്ഘാടനച്ചടങ്ങിെൻറ ഭാഗമായി ഗുരു-ശിഷ്യ പാരമ്പര്യത്തോടുള്ള ആദരമൊരുക്കും. അത്ലറ്റിക്സിൽ പി.ടി. ഉഷയും ശിഷ്യരായ ടിൻറു ലൂക്ക, ജിസ്ന മാത്യു എന്നിവരും ബാഡ്മിൻറണിൽ പി. ഗോപിചന്ദും ശിഷ്യരായ സൈന നെഹ്വാൾ, പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവരും ഫുട്ബാളിൽ സാവിയോ മദേരയും ശിഷ്യരായ ബൈച്യുങ് ബൂട്ടിയ, സുനിൽ ഛേത്രി എന്നിവരും ഗുരുശിഷ്യ ബന്ധത്തിെൻറ മാതൃകയായെത്തും. അത്ലറ്റിക്സ്, ഫുട്ബാൾ, കബഡി എന്നിവയാണ് ഉദ്ഘാടന ദിനങ്ങളിലെ മത്സരങ്ങൾ.
ചാമ്പ്യൻഷിപ് പ്രതീക്ഷയിൽ കേരളം
പ്രഥമ മേളയിൽ ചാമ്പ്യൻഷിപ് പ്രതീക്ഷയോടെയാണ് കേരളം വരുന്നത്. ദേശീയ സ്കൂൾ-ജൂനിയർ മീറ്റുകളിൽ തുടരുന്ന മികവ് ഖേലോ ഇന്ത്യയിലും തുടർന്നാൽ ചരിത്ര പോരാട്ടത്തിൽ കേരളത്തിന് മേൽവിലാസം കുറിക്കാം. 177 കായിക താരങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. അത്ലറ്റിക്സിലാണ് കൂടുതൽ പേർ. വോളിബാൾ (ആൺ- പെൺ), ഖൊ ഖൊ (ആൺ-പെൺ), ബാസ്കറ്റ്ബാൾ (പെൺ), കബഡി (പെൺ), ഗുസ്തി (നാലു പെൺകുട്ടികൾ), നീന്തൽ (എട്ടു പേർ), ഫെൻസിങ് (അഞ്ച്), ബാഡ്മിൻറൺ (ഒമ്പത്), ഭാരോദ്വഹനം (ഒമ്പത്), ജൂഡോ (ആറ്) എന്നീ 12 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 92 പേർ ഉൾപ്പെടുന്ന ആദ്യ സംഘം ചൊവ്വാഴ്ച എത്തി. കായിക താരങ്ങൾക്ക് ട്രെയിനിൽ എ.സി കോച്ചുകളിൽ യാത്രാസൗകര്യവും യൂനിഫോം, ട്രാക്സ്യൂട്ട് തുടങ്ങിയവയും കായിക മന്ത്രാലയം നൽകി. അത്ലറ്റിക്സിൽ കേരളം മികച്ച പ്രതീക്ഷ പുലർത്തുന്നതായി കോച്ച് ജാഫർ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.