കാൾസൻ ലോക ചെസ് ചാമ്പ്യൻ
text_fieldsലണ്ടൻ: വിശ്വനാഥ് ആനന്ദിനെ വീഴ്ത്തി 2013ൽ സ്വന്തമാക്കിയ േലാക കിരീടത്തിന് അവകാശികളാകാൻ എതിരാളികളില്ലെന്ന വിളംബരമായി നാലാം തവണയും മാഗ്നസ് കാൾസൺ തന്നെ ജേതാവ്. ടൈബ്രേക്കറിലേക്കു നീണ്ട ലോക പോരാട്ടത്തിൽ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ആദ്യ മൂന്ന് റാപിഡ് പോരാട്ടങ്ങളിലും അനായാസം തോൽപിച്ചാണ് ചതുരംഗപ്പലകയിലെ മൊസാർട്ടായി വാഴ്ത്തപ്പെടുന്ന കാൾസൺ വീണ്ടും ചെസിെൻറ രാജപദവിയേറിയത്.
പ്രാഥമിക റൗണ്ടിലെ ആദ്യ 12 പോരാട്ടങ്ങളും ചരിത്രത്തിലാദ്യമായി സമനിലയിൽ പിരിഞ്ഞതോടെയായിരുന്നു മത്സരം ടൈബ്രേക്കറിലേക്കു നീണ്ടത്. അവസാന മത്സരത്തിൽ മുൻതൂക്കമുണ്ടായിട്ടും സാഹസത്തിനു മുതിരാതെ സമനില വഴങ്ങിയ കാൾസൺ പക്ഷേ, റാപിഡ് പോരാട്ടങ്ങളിൽ വിശ്വരൂപം പുറത്തെടുത്തതോടെ കരുവാന ചിത്രത്തിലില്ലായിരുന്നു. 2003ൽ 13ാം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരിലൊരാളായി ലോക ചെസിൽ വരവറിയിച്ച േനാർവേക്കാരൻ 19ാം വയസ്സിൽ ലോക ഒന്നാം നമ്പർ പദവിയും സ്വന്തം പേരിലാക്കി.
സ്വന്തം ഗുരുവായ ഗാരി കാസ്പറോവിനെ പോലും മറികടന്ന് റേറ്റിങ്ങിലും ചരിത്രം കുറിച്ചതിനൊപ്പം തൊട്ടടുത്ത വർഷം ലോക ചാമ്പ്യനുമായി. അതിസമർഥമായ നീക്കങ്ങളുമായി എതിരാളികളെ എന്നും നിഷ്പ്രഭനാക്കിയ കാൾസൺ ഫാഷൻ ലോകത്ത് നിറഞ്ഞുനിന്ന് ചെസിന് ഗ്ലാമർ മുഖം നൽകിയും ശ്രദ്ധേയനായി.
അതേസമയം, 14ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററായ കരുവാന 1972ൽ ബോബി ഫിഷറിനുശേഷം ലോക ചാമ്പ്യൻപട്ടമേറുന്ന അമേരിക്കക്കാരനാകുമെന്ന പ്രതീക്ഷയുമായാണ് ലണ്ടനിലെ ലോക ചാമ്പ്യൻഷിപ് വേദിയിൽ മാറ്റുരക്കാനെത്തിയത്. പ്രാഥമിക റൗണ്ടിൽ കാൾസെൻറ കൗശലത്തെ ക്ഷമാപൂർവം പഠിച്ച് പ്രതിേരാധിച്ച താരത്തിന് പക്ഷേ, അതിവേഗക്കളിയിൽ ചുവടുതെറ്റി. ഒരു കളിയിൽ പോലും മേധാവിത്വം നിലനിർത്താനാവാതെയായിരുന്നു റാപിഡ് പോരാട്ടങ്ങളിലെ കീഴടങ്ങൽ.
കാൾസണ് അഞ്ചര ലക്ഷം യൂറോയും (4.42 കോടി രൂപ), കരുവാനക്ക് നാലര ലക്ഷം യൂറോയും (3.62 കോടി രൂപ) സമ്മാനമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.